Kerala
oi-Jithin TP
അത്തം പിറന്നതോടെ മലയാളികള്‍ ഓണാഘോഷത്തിലേക്ക് കടന്നിരിക്കുകയാണ്. പൂക്കളവും പൂവിളിയും സദ്യയുമെല്ലാമായി ഇനി അങ്ങോട്ട് ആഘോഷത്തിരക്കിലായിരിക്കും മലയാൡകള്‍. തിരുവോണത്തിന് മുന്നോടിയായി ഷോപ്പിംഗും പൊടിപൊടിക്കും. ഓണം എന്നാല്‍ ഷോപ്പിംഗ് ഉത്സവത്തിന്റെ കൂടി കാലമാണ്. പല കമ്പനികളും ഷോപ്പുകളും ഓണം പ്രമാണിച്ച് വലിയ ഓഫര്‍ തന്നെ വാഗ്ദാനം ചെയ്യാറുണ്ട്.
ഗൃഹോപകരണങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ഈ ഓണക്കാലത്ത് തന്നെ വാങ്ങുന്നതായിരിക്കും നല്ലത്. കാരണം ഓണം കഴിഞ്ഞാല്‍ ഇവയ്ക്കെല്ലാം വില കൂടാനും ഓഫറുകള്‍ അവസാനിക്കാനും സാധ്യതയേറെയാണ്. അതിനാല്‍ ഫ്രിഡ്ജ്, എസി, വാഷിങ് മെഷീന്, ടെലിവിഷന്‍, ചിമ്മിനി, വാട്ടര്‍ ഹീറ്റര്‍ ുടങ്ങിയ ഗൃഹോപകരണങ്ങളും ലാപ്ടോപ്, മൊബൈല്‍ ഫോണ്‍, സ്പീക്കര്‍ തുടങ്ങിയ ഗാഡ്ജെറ്റ്സും വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ഇപ്പോള്‍ തന്നെ വാങ്ങിക്കുന്നതായിരിക്കും നല്ലത്.

ഇത്തവണ ഓണം വരുന്നത് ആഗസ്റ്റ് മാസം അവസാനമാണ്. അതിനാല്‍ പല ഷോപ്പുകളും കമ്പനികളും ആഗസ്റ്റ് മാസം മുഴുവന്‍ ഓഫറുകള്‍ നല്‍കുന്നുണ്ട്. അതിനാല്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ ഓഗസ്റ്റില്‍ തന്നെ വാങ്ങുന്നതായിരിക്കും നല്ലത്. ഒക്ടോബറില്‍ ഉത്തരേന്ത്യയിലെ ദീപാവലിയുടെ മുന്നോടിയായി നടക്കുന്ന ഷോപ്പിംഗ് ഉത്സവത്തില്‍ സര്‍വ ഗൃഹോപകരണങ്ങള്‍ക്കും വില കൂടുമെന്നാണ് റിപ്പോര്‍ട്ട്.
ഡീസല്‍ വില ഉയര്‍ന്നതോടെ ഗതാഗത ചെലവ് കൂടിയതും ചിപ്പ് കിട്ടാനുള്ള പ്രയാസവും ഗൃഹോപകരണങ്ങള്‍ക്ക് വില കൂട്ടിയേക്കും. മിഡില്‍ ഈസ്റ്റ് സംഘര്‍ഷം കാരണം എണ്ണവില കൂടിയതോടെ സെമികണ്ടക്ടര്‍ ചിപ്പുകളുടെ വിലയില്‍ വര്‍ധനയും ക്ഷാമവും രൂപപ്പെട്ടിട്ടുണ്ട്. ക്രൂഡ് ഓയില്‍ വില ബാരലിന് 80 ഡോളര്‍ കടന്ന് ഉയര്‍ന്നപ്പോള്‍ ചിപ്പ് വില റെക്കോഡ് ഉയരത്തിലെത്തി. പിവിസിക്കും വില കൂടിയിട്ടുണ്ട്.
ഫ്രിഡ്ജ്, എസി, വാഷിങ് മെഷീന്, ടെലിവിഷന്‍ തുടങ്ങിയ ഗൃഹോപകരണങ്ങള്‍ക്ക് പിവിസി പാര്‍ട്ടുകള്‍ അത്യാവശ്യമാണ്. നേരത്തേ ഇതേ കാരണങ്ങളാല്‍ ഏപ്രിലിലും ഗൃഹോപകരണങ്ങള്‍ക്ക് വില കൂട്ടിയിരുന്നു. ഓണക്കാലം കഴിയുന്നതോടെ കേരള മാര്‍ക്കറ്റില്‍ ഈ വര്‍ഷത്തെ രണ്ടാമത്തെ വിലക്കയറ്റം സംഭവിച്ചേക്കാം. നിലവില്‍ എല്ലാ ഡീലര്‍മാര്‍ക്കും പഴയ വിലയില്‍ തന്നെ ഓണ സ്റ്റോക്ക് ഉള്ളതിനാല്‍ ഓഫര്‍ നല്‍കുന്നത് നഷ്ടമുണ്ടാക്കില്ല.
പല കടകളിലും ക്യാഷ് ബാക്ക് ഓഫര്‍, 100% വായ്പ, പൂജ്യം ഡൗണ്‍ പേയ്മെന്റില്‍ പര്‍ച്ചേസ്, നറുക്കെടുപ്പിലൂടെ ബംപര്‍ സമ്മാനം എന്നിവ വാഗ്ദാനം ചെയ്യുന്നുണ്ട്. ഉല്പന്നങ്ങള്ക്ക് 5% മുതല്‍ 10% വരെ വിലക്കുറവ് നല്‍കുന്നവരും ഉണ്ട്.