Headlines

‘ഫാന്റം’ സിനിമയിലെ ലാലു അലക്സിന്റെ ‍ഡയലോഗ് തമിഴ് വംശജരെ അധിക്ഷേപിക്കാൻ ഉപയോഗിക്കുന്നു; മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്മി | Buzz News


Last Updated:

തനിക്ക് ലഭിച്ച ഒരു ഇമെയിൽ മുൻനിർത്തി പങ്കുവെച്ച വീഡിയോയിലൂടെയാണ് മലയാളികളുടെ ഇത്തരം മോശം മനോഭാവത്തിനെതിരെ അവർ രംഗത്തെത്തിയത്. വിഷയം പരസ്യമായി ചൂണ്ടിക്കാണിച്ച ഭാഗ്യലക്ഷ്മി, തമിഴ് ജനതയോട് മാപ്പപേക്ഷിക്കുകയും ചെയ്തു

ഭാഗ്യലക്ഷ്മി
ഭാഗ്യലക്ഷ്മി

സോഷ്യൽ മീഡിയയിൽ തമിഴ് സമൂഹത്തിനെതിരെ നടക്കുന്ന വംശീയ അധിക്ഷേപങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കുമെതിരെ രൂക്ഷവിമർശനവുമായി പ്രമുഖ ഡബ്ബിങ് കലാകാരിയും സാമൂഹിക പ്രവർത്തകയുമായ ഭാഗ്യലക്ഷ്മി. തനിക്ക് ലഭിച്ച ഒരു ഇമെയിൽ മുൻനിർത്തി പങ്കുവെച്ച വീഡിയോയിലൂടെയാണ് മലയാളികളുടെ ഇത്തരം മോശം മനോഭാവത്തിനെതിരെ അവർ രംഗത്തെത്തിയത്. വിഷയം പരസ്യമായി ചൂണ്ടിക്കാണിച്ച ഭാഗ്യലക്ഷ്മി, തമിഴ് ജനതയോട് മാപ്പപേക്ഷിക്കുകയും ചെയ്തു.

ഓഗസ്റ്റ് 27-ന് അബിനേഷ് എന്നയാൾ നടൻ ലാലു അലക്സ്, ‘അമ്മ’ സംഘടന, ഭാഗ്യലക്ഷ്മി എന്നിവർക്ക് അയച്ച ഇമെയിലിനെക്കുറിച്ചാണ് വീഡിയോയിൽ വ്യക്തമാക്കുന്നത്. ‘ഫാന്റം’ സിനിമയിലെ ലാലു അലക്സിന്റെ കഥാപാത്രം പറയുന്ന ‘പാണ്ടി കരിമ്പാറ’ എന്ന ഡയലോഗ് തമിഴ് വംശജരെ അധിക്ഷേപിക്കാൻ സോഷ്യൽ മീഡിയയിൽ ചിലർ വ്യാപകമായി ഉപയോഗിക്കുന്നുവെന്നാണ് മെയിലിൽ ചൂണ്ടിക്കാണിക്കുന്നത്. നടൻ ജയറാമിന്റെ ഒരു അഭിമുഖത്തിന് താഴെ വന്ന അങ്ങേയറ്റം മോശം കമന്റുകളുടെ സ്ക്രീൻഷോട്ടുകളും പരാതിക്കാരൻ ഇതിനോടൊപ്പം അയച്ചിട്ടുണ്ടെന്നും, അത്തരം ഭാഷ പുറത്തുകാണിക്കാൻ പോലും കൊള്ളില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

‘‘ആരോടോ ഉള്ള ദേഷ്യം കൊണ്ട് തമിഴ് സമൂഹത്തെ അപമാനിക്കാതിരിക്കൂ. അഭിപ്രായം പറയുക എന്നാൽ തെറി വിളിക്കുക എന്ന് കരുതുന്ന ചില മനുഷ്യരുണ്ട് സോഷ്യൽ മീഡിയയിൽ. അവർ കാരണം ചീത്തപ്പേര് മലയാളി സമൂഹത്തിനുമാണ്. തമിഴ് ജനതയോട് മാപ്പ്,’’ എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് ഭാഗ്യലക്ഷ്മി കുറിച്ചത്.

ഉയർന്ന സാംസ്കാരിക ബോധമുള്ളവരാണ് മലയാളികൾ എന്ന് അവകാശപ്പെടുമ്പോഴും, സോഷ്യൽ മീഡിയയിൽ ചിലരുടെ ഇത്തരം പ്രവൃത്തികൾ വലിയ തോതിൽ നാണക്കേടുണ്ടാക്കുന്നുണ്ടെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. സിനിമകളിൽ എഴുതി നൽകുന്ന ഡയലോഗുകൾ പറയുക മാത്രമാണ് നടന്മാർ ചെയ്യുന്നത്. അതിനാൽ സിനിമാ എഴുത്തുകാരും അഭിനേതാക്കളും ഇത്തരം കാര്യങ്ങളിൽ ജാഗ്രത പുലർത്തണമെന്നും, സോഷ്യൽ മീഡിയയിൽ കമന്റുകൾ ഇടുന്നവരും സംയമനം പാലിക്കണമെന്നും അവർ ഓർമ്മിപ്പിച്ചു.



Source link

Leave a Reply

Your email address will not be published. Required fields are marked *