Headlines

പെട്രോളിന്റെ കയറ്റുമതി തീരുവ ഒഴിവാക്കി കേന്ദ്രം; ചില്ലറ വിലയില്‍ മാറ്റമുണ്ടാകുമോ? | Petrol Price: Central Govt Slashes Petrol Export Duties, Will Any Change In Domestic Fuel Price, Details Inside


India

oi-Jithin TP

പെട്രോളിന്മേലുള്ള കയറ്റുമതി തീരുവ ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍. അടുത്ത രണ്ടാഴ്ചത്തേക്ക് പെട്രോളിന്മേലുള്ള കയറ്റുമതി തീരുവ ഒഴിവാക്കുകയാണ് എന്ന് സര്‍ക്കാര്‍ ധനമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. അതേസമയം ഡീസല്‍, ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനം എന്നിവയുടെ തീരുവ തുടരും. പുതുക്കിയ നിരക്കുകള്‍ ഓഗസ്റ്റ് 15 മുതല്‍ പ്രാബല്യത്തില്‍ വരും.

ഇത് അനുസരിച്ച് പെട്രോള്‍ കയറ്റുമതിക്ക് പ്രത്യേക അധിക എക്‌സൈസ് തീരുവയോ റോഡ്-അടിസ്ഥാന സൗകര്യ വികസന സെസോ ബാധകമായിരിക്കില്ല. ഡീസല്‍ കയറ്റുമതിക്ക് ലിറ്ററിന് 24 രൂപ നിരക്കില്‍ പ്രത്യേക അധിക എക്‌സൈസ് തീരുവ തുടരുമ്പോള്‍, എടിഎഫ് കയറ്റുമതിക്കുള്ള പ്രത്യേക അധിക എക്‌സൈസ് തീരുവ ലിറ്ററിന് 19.5 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. ഓഗസ്റ്റ് 15 മുതല്‍ 31 വരെയുള്ള കാലയളവിലേക്കാണ് ഈ മാറ്റം ബാധകമാകുക.

Petrol Price

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി തീരുവ സംബന്ധിച്ച് സര്‍ക്കാര്‍ നടത്തുന്ന രണ്ടാഴ്ചയിലൊരിക്കലുള്ള അവലോകനത്തിന്റെ ഭാഗമായാണ് നീക്കം. ഓഗസ്റ്റ് 3-ന് വരുത്തിയ മാറ്റങ്ങള്‍ക്ക് ശേഷമുള്ളതാണ് ഈ പുതിയ പരിഷ്‌കാരം. പെട്രോള്‍ കയറ്റുമതിക്കുള്ള പ്രത്യേക അധിക എക്‌സൈസ് തീരുവ, ആര്‍ഐസി എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കിയതായി ധനമന്ത്രാലയ വിജ്ഞാപനം വ്യക്തമാക്കി.

പശ്ചിമേഷ്യന്‍ പ്രതിസന്ധിക്കിടയില്‍ 2022 മാര്‍ച്ചിലാണ് സര്‍ക്കാര്‍ ഈ കയറ്റുമതി തീരുവകള്‍ ഏര്‍പ്പെടുത്തിയത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി നിയന്ത്രിക്കുന്നതിലൂടെ ആഭ്യന്തര വിപണിയില്‍ പെട്രോള്‍, ഡീസല്‍, എടിഎഫ് എന്നിവയുടെ ലഭ്യത ഉറപ്പാക്കുകയായിരുന്നു ഈ നടപടിയുടെ ലക്ഷ്യം.

കഴിഞ്ഞ അവലോകനത്തിന് ശേഷമുള്ള കാലയളവില്‍ ക്രൂഡ് ഓയില്‍, പെട്രോള്‍, ഡീസല്‍, എടിഎഫ് എന്നിവയുടെ അന്താരാഷ്ട്ര ശരാശരി വില അടിസ്ഥാനമാക്കി ഓരോ രണ്ടാഴ്ച കൂടുമ്പോഴും ഈ ലെവികള്‍ (തീരുവകള്‍) പുനഃപരിശോധിക്കുന്നു. ആഗോള ഊര്‍ജ്ജ വിപണിയിലെ അനിശ്ചിതത്വം വര്‍ധിച്ച സാഹചര്യത്തിലാണ് ഈ നയം നടപ്പിലാക്കിയത്.

പ്രധാന പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിദേശ വില്‍പ്പനയുടെ ആകര്‍ഷണീയത കുറയ്ക്കാനും ആഭ്യന്തര വിപണിയില്‍ അവയുടെ ലഭ്യത പ്രോത്സാഹിപ്പിക്കാനുമാണ് സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്. ഏറ്റവും പുതിയ വിജ്ഞാപനം കയറ്റുമതിക്കായി അനുമതി ലഭിച്ച പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് മാത്രമേ ബാധകമാകൂ. ആഭ്യന്തര ഉപഭോഗത്തിനായി വിതരണം ചെയ്യുന്ന പെട്രോള്‍, ഡീസല്‍ എന്നിവയുടെ നിലവിലുള്ള എക്‌സൈസ് തീരുവ നിരക്കുകളില്‍ മാറ്റമൊന്നുമില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ആഗോള ഊര്‍ജ്ജ വിപണിയില്‍ അനിശ്ചിതത്വം നിലനില്‍ക്കുമ്പോഴും ഇന്ന് ഇന്ത്യയിലുടനീളം പെട്രോള്‍, ഡീസല്‍ വിലകളില്‍ മാറ്റമുണ്ടായില്ല. ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 102.12 രൂപയ്ക്കും മുംബൈയില്‍ 111.2 രൂപയ്ക്കുമാണ് വിറ്റത്. അതേസമയം, മിക്ക മെട്രോ നഗരങ്ങളിലും ഡീസല്‍ വില ലിറ്ററിന് 100 രൂപയില്‍ താഴെയായി തുടര്‍ന്നു.



Source link

Leave a Reply

Your email address will not be published. Required fields are marked *