Headlines

പുതിയ തമിഴ് സിനിമകൾക്ക് ദിവസേന 5 ഷോകൾക്ക് അനുമതി; സിനിമാ നിയമങ്ങളിൽ വിജയ് സർക്കാര്‍ ഭേദഗതി വരുത്തി | സിനിമാ വാർത്ത


Last Updated:

പുതിയ തമിഴ് ചിത്രം റിലീസ് ചെയ്യുന്ന തീയതി മുതൽ ഏഴ് ദിവസത്തേക്ക് ഈ അധിക ഷോ അനുവദിക്കുമെന്നാണ് ഔദ്യോഗിക വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നത്

മുഖ്യമന്ത്രി ജോസഫ് വിജയ്
മുഖ്യമന്ത്രി ജോസഫ് വിജയ്

ചെന്നൈ: തമിഴ്‌നാട്ടിലുടനീളമുള്ള എല്ലാ തിയേറ്ററുകളിലും പുതിയ തമിഴ് ചിത്രങ്ങൾ റിലീസ് ചെയ്യുന്ന ആദ്യത്തെ ഏഴ് ദിവസങ്ങളിൽ ദിവസേന അഞ്ച് ഷോകൾ വീതം പ്രദർശിപ്പിക്കാൻ അനുമതി നൽകിക്കൊണ്ട് തമിഴ്‌നാട് സർക്കാർ സിനിമാ നിയന്ത്രണ നിയമങ്ങളിൽ ഭേദഗതി വരുത്തി. പുതിയ തമിഴ് ചിത്രം റിലീസ് ചെയ്യുന്ന തീയതി മുതൽ ഏഴ് ദിവസത്തേക്ക് ഈ അധിക ഷോ അനുവദിക്കുമെന്നാണ് ഔദ്യോഗിക വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നത്. കൂടാതെ, പ്രാദേശിക ഉത്സവ ദിനങ്ങൾ, ശനിയാഴ്ചകൾ, ഞായറാഴ്ചകൾ, പൊതു അവധി ദിവസങ്ങൾ എന്നിവയിലും ഈ അധിക പ്രദർശന സൗകര്യം ലഭ്യമായിരിക്കും.

ഈ നിയമഭേദഗതി 2026 മേയ് 22 മുതൽ മുൻകാല പ്രാബല്യത്തോടെ നിലവിൽ വന്നു. സംസ്ഥാന സർക്കാരിന്റെ അഡീഷണൽ ചീഫ് സെക്രട്ടറി കെ മണവാസനാണ് ഗസറ്റ് വിജ്ഞാപനത്തിൽ ഒപ്പുവെച്ചിരിക്കുന്നത്.

ഈ പുതിയ ഭേദഗതിയോടെ, തമിഴ്‌നാട്ടിലെ തിയേറ്ററുകൾക്ക് പുതിയ തമിഴ് ചിത്രങ്ങൾ റിലീസ് ചെയ്ത് ആദ്യത്തെ ഏഴ് ദിവസങ്ങളിൽ ദിവസേന അഞ്ച് ഷോകൾ വരെ ഷെഡ്യൂൾ ചെയ്യാൻ സാധിക്കും. റിലീസ് ചെയ്യുന്ന ആദ്യ വാരങ്ങളിൽ പ്രേക്ഷകരുടെ വൻ തിരക്ക് നിയന്ത്രിക്കാനും കൂടുതൽ കളക്ഷൻ നേടാനും ഇത് തിയേറ്റർ ഉടമകൾക്കും സിനിമാ വ്യവസായത്തിനും വലിയ രീതിയിൽ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മേയ് മാസത്തിൽ, നടനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ സി ജോസഫ് വിജയ്, പുതിയ തമിഴ് ചിത്രങ്ങൾ റിലീസ് ചെയ്യുന്ന തീയതി മുതൽ ഏഴ് ദിവസത്തേക്ക് സംസ്ഥാനത്തുടനീളമുള്ള എല്ലാ തിയേറ്ററുകളിലും പ്രതിദിനം അഞ്ച് ഷോകൾ പ്രദർശിപ്പിക്കാൻ അനുമതി നൽകിക്കൊണ്ട് ഉത്തരവിട്ടിരുന്നു. സിനിമാ വ്യവസായ രംഗത്തെ പ്രതിനിധികൾ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് തമിഴ്‌നാട്ടിലുടനീളമുള്ള എല്ലാ തിയേറ്ററുകളിലും എല്ലാ സിനിമകൾക്കും പ്രതിദിനം അഞ്ച് ഷോകൾ പ്രദർശിപ്പിക്കാൻ അനുമതി നൽകണം എന്ന് അഭ്യർത്ഥിച്ചതിനെ തുടർന്നാണ് ഈ തീരുമാനം.

ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് എക്സിൽ കുറിച്ചത് ഇങ്ങനെയാണ്: *”16.05.2026-ൽ സിനിമാ വ്യവസായ രംഗത്തെ പ്രതിനിധികൾ തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയിയെ കണ്ട് വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു. തമിഴ്‌നാട്ടിലുടനീളമുള്ള എല്ലാ തിയേറ്ററുകളിലും എല്ലാ സിനിമകൾക്കും പ്രതിദിനം അഞ്ച് ഷോകൾ പ്രദർശിപ്പിക്കാൻ അനുമതി നൽകുക എന്നതായിരുന്നു അവരുടെ പ്രധാന ആവശ്യങ്ങളിലൊന്ന്.”

“1957-ലെ തമിഴ്‌നാട് സിനിമാസ് (റെഗുലേഷൻ) റൂൾസിൽ അനുശാസിക്കുന്ന ‘സി’ ഫോം ലൈസൻസ് വ്യവസ്ഥകളിലെ റൂൾ 14-എ പ്രകാരം, തമിഴ്‌നാട്ടിലെ തിയേറ്ററുകൾക്ക് പ്രതിദിനം നാല് ഷോകൾ പ്രദർശിപ്പിക്കാനാണ് അനുമതിയുണ്ടായിരുന്നത്. കൂടാതെ, പ്രാദേശിക ഉത്സവ ദിവസങ്ങളിലോ പൊതു അവധി ദിവസങ്ങളിലോ ഒരു പ്രത്യേക അധിക ഷോ കൂടി ഉൾപ്പെടുത്തി പ്രതിദിനം അഞ്ച് ഷോകൾ നടത്താൻ ജില്ലകളിൽ ലൈസൻസിങ് അതോറിറ്റിയോ/ഡിസ്ട്രിക്റ്റ് കളക്ടറോ ചെന്നൈ നഗരത്തിൽ പോലീസ് കമ്മീഷണറോ അനുമതി നൽകിയിരുന്നു.”* ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം, പുതിയ തമിഴ് ചിത്രങ്ങൾ റിലീസ് ചെയ്യുന്ന തീയതി മുതൽ ഏഴ് ദിവസത്തേക്ക് “പ്രതിദിനം അഞ്ച് ഷോകൾ പ്രദർശിപ്പിക്കാൻ” അനുമതി നൽകിക്കൊണ്ട് തമിഴ്‌നാട് സിനിമാസ് (റെഗുലേഷൻ) റൂൾസിൽ ഭേദഗതി വരുത്താൻ മുഖ്യമന്ത്രി വിജയ് അംഗീകാരം നൽകുകയായിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

നേരത്തെ, മേയ് 15-ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത സൂര്യയും തൃഷ കൃഷ്ണനും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ‘കറുപ്പ്’ എന്ന ചിത്രത്തിന്റെ ബോക്സ് ഓഫീസ് വിജയത്തിൽ അണിയറപ്രവർത്തകരെ മുഖ്യമന്ത്രി വിജയ് അഭിനന്ദിച്ചിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Film/

പുതിയ തമിഴ് സിനിമകൾക്ക് ദിവസേന 5 ഷോകൾക്ക് അനുമതി; സിനിമാ നിയമങ്ങളിൽ വിജയ് സർക്കാര്‍ ഭേദഗതി വരുത്തി



Source link

Leave a Reply

Your email address will not be published. Required fields are marked *