Headlines

നായകൻ മുഖ്യമന്ത്രിയാണ്; ‘ജനനായകൻ’ ടിക്കറ്റ് വിൽപ്പനയിൽ അതീവ ശ്രദ്ധ ചെലുത്താൻ വിജയ് | സിനിമാ വാർത്ത


Last Updated:

തന്റെ രാഷ്ട്രീയ പ്രവേശനത്തിന്റെ പശ്ചാത്തലത്തിൽ സിനിമയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും വിജയ് പ്രത്യേക ശ്രദ്ധ പുലർത്തുന്നതായാണ് റിപ്പോർട്ടുകൾ

ജനനായകൻ
ജനനായകൻ

വിജയ് നായകനാകുന്ന അവസാന ചിത്രമെന്ന നിലയിൽ ശ്രദ്ധേയമായ ‘ജനനായകൻ’ (Jana Nayagan) സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനിൽ (സിബിഎഫ്‌സി) നിന്ന് സർട്ടിഫിക്കേഷൻ ലഭിക്കുന്നതിൽ ഉണ്ടായ കാലതാമസത്തെ തുടർന്ന് വാർത്തകളിൽ ഇടംപിടിക്കുകയാണ്. ചിത്രത്തിന്റെ റിലീസ് അടുത്തിരിക്കെ, തന്റെ രാഷ്ട്രീയ പ്രവേശനത്തിന്റെ പശ്ചാത്തലത്തിൽ സിനിമയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും വിജയ് പ്രത്യേക ശ്രദ്ധ പുലർത്തുന്നതായാണ് റിപ്പോർട്ടുകൾ.

ചിത്രത്തിന്റെ ടിക്കറ്റ് വിലനിർണയത്തിലും വിൽപ്പന നടപടികളിലും അതീവ ജാഗ്രത പാലിക്കണമെന്ന് വിജയ് അണിയറപ്രവർത്തകർക്ക് നിർദേശം നൽകിയതായി ‘ഗൾട്ട്’ റിപ്പോർട്ട് ചെയ്യുന്നു. ടിക്കറ്റ് നിരക്കിനെ ചൊല്ലിയുള്ള ചെറിയ വിവാദങ്ങൾ പോലും അനാവശ്യ ശ്രദ്ധയാകർഷിക്കുകയും സിനിമയുടെ റിലീസിനെ ബാധിക്കുകയും ചെയ്യുമെന്ന ആശങ്കയാണ് ഇതിന് പിന്നിലെന്നും റിപ്പോർട്ടിൽ പറയുന്നു. അതിനാൽ, ഇക്കാര്യത്തിൽ കർശനമായ മാർഗനിർദേശങ്ങളാണ് വിജയ് നൽകിയിരിക്കുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ടിക്കറ്റ് നിരക്ക് സർക്കാർ അനുവദിച്ച പരിധിക്കുള്ളിൽ തന്നെയെന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികൃതർ തിയേറ്ററുകളിൽ കർശന പരിശോധന നടത്താനിടയുണ്ടെന്നാണ് റിപ്പോർട്ടുകൾ. അനുവദനീയമായ നിരക്കിനെക്കാൾ കൂടുതൽ തുക ഈടാക്കുന്നതായി കണ്ടെത്തുന്ന തിയേറ്ററുകൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും സാധ്യതയുണ്ടെന്നാണ് സൂചന.

വിജയ്‌യുടെ വൻ ആരാധകവൃന്ദവും ചിത്രങ്ങളുടെ റിലീസ് ദിനങ്ങളിലെ അസാധാരണമായ ടിക്കറ്റ് ആവശ്യകതയും മുൻനിർത്തിയാണ് ഇത്തരം മുൻകരുതലുകൾ സ്വീകരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. വിജയ് ചിത്രങ്ങൾ റിലീസ് ചെയ്യുന്ന വേളയിൽ കരിഞ്ചന്തയും അമിത ടിക്കറ്റ് നിരക്കും സംബന്ധിച്ച പരാതികൾ പതിവായി ഉയരാറുണ്ട്.

എന്നാൽ ഇത്തവണ, രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യത്തിന്റെ പശ്ചാത്തലത്തിൽ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട എല്ലാ നടപടികളും സുതാര്യവും വിവാദരഹിതവുമാകണമെന്ന് വിജയ് ആഗ്രഹിക്കുന്നതായും, അതിനാലാണ് ടിക്കറ്റ് വിൽപ്പനയിലും വിലനിർണയത്തിലും പ്രത്യേക ശ്രദ്ധ ചെലുത്തുന്നതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

‘ജനനായകൻ’ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ

പൂർണസമയ രാഷ്ട്രീയ പ്രവർത്തകനാകുന്നതിന് മുമ്പ് നടനെന്ന നിലയിൽ വിജയ് അഭിനയിക്കുന്ന അവസാന ചിത്രമെന്ന പ്രത്യേകതയാണ് ‘ജനനായകൻ’ എന്ന ചിത്രത്തിന് പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്തത്. ചിത്രം ആദ്യം ഈ വർഷം പൊങ്കൽ റിലീസായി ജനുവരിയിൽ പ്രദർശനത്തിനെത്തിക്കാനായിരുന്നു പദ്ധതി. എന്നാൽ, സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനിൽ (സിബിഎഫ്‌സി) സമർപ്പിച്ച ചിത്രം സിനിമാറ്റോഗ്രാഫ് (സർട്ടിഫിക്കേഷൻ) ചട്ടങ്ങൾ പ്രകാരം റിവൈസിംഗ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടതിനെ തുടർന്ന് റിലീസ് മാറ്റിവയ്ക്കുകയായിരുന്നു.

സെൻസർ നടപടികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉടൻ പരിഹരിക്കപ്പെടുമെന്നും, ജൂലൈയിൽ തന്നെ ചിത്രം റിലീസ് ചെയ്യാനുള്ള സാധ്യത അണിയറപ്രവർത്തകർ പരിശോധിക്കുന്നുണ്ടെന്നും സിനിമാ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ, റിലീസ് തീയതി സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.

എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ‘ജനനായകൻ’ വിജയ്, ബോബി ഡിയോൾ, പൂജ ഹെഗ്‌ഡെ, മമിത ബൈജു, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ എന്നിവരടങ്ങുന്ന വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.



Source link

Leave a Reply

Your email address will not be published. Required fields are marked *