ബുധനാഴ്ച നടന്ന ചിത്രത്തിന്റെ പ്രഖ്യാപനച്ചടങ്ങിൽ രശ്മികയെ നായികയായി തിരഞ്ഞെടുത്തതിനെക്കുറിച്ച് അല്ലു അരവിന്ദ് പ്രതികരിച്ചു. “നമ്മളെല്ലാം ഒന്നിച്ചാണ്… അമ്മേ, ഞങ്ങൾ അങ്ങയുടെ ജീവിതകഥ നിർമ്മിക്കുകയല്ല ചെയ്യുന്നത്. അത് ചെയ്യാൻ അങ്ങ് ഞങ്ങളെയാണ് തിരഞ്ഞെടുത്തത്. നന്ദി. അങ്ങയുടെ വലിയൊരു ചിത്രം കണ്ടപ്പോൾ എനിക്ക് അൽപം വികാരാധീനനാകേണ്ടിവന്നു,” അദ്ദേഹം പറഞ്ഞു.
“അതുപോലെതന്നെ, ഈ വേഷത്തിനായി അങ്ങ് രശ്മികയെയാണ് തിരഞ്ഞെടുത്തത്. രശ്മിക, ഞങ്ങൾ ആവശ്യപ്പെട്ടതുകൊണ്ടല്ല ഇത് സംഭവിച്ചത്. അങ്ങ് അവളെ തിരഞ്ഞെടുത്ത്, ഞങ്ങളെ അങ്ങയുടെ അടുത്തേക്ക് ദൂതന്മാരായി അയയ്ക്കുകയായിരുന്നു,” അല്ലു അരവിന്ദ് കൂട്ടിച്ചേർത്തു.
തമിഴിൽ സംസാരിച്ചുകൊണ്ട് അദ്ദേഹം എം.എസ്. സുബ്ബലക്ഷ്മിയോടുള്ള ആദരവും പ്രകടിപ്പിച്ചു. “അമ്മേ, അങ്ങയുടെ ജീവിതത്തിന്റെ ഒരു ചെറിയ ഭാഗമാകാൻ എന്നെ തിരഞ്ഞെടുത്തതിന് നന്ദി. അതിന് ഞാൻ എന്നും കടപ്പെട്ടിരിക്കും. അങ്ങയുടെ അനുഗ്രഹം ഞങ്ങളോടൊപ്പം ഉണ്ടാകുമെന്ന് ഞാൻ പ്രത്യാശിക്കുന്നു,” അദ്ദേഹം പറഞ്ഞു.
ഇതിഹാസ ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിൽ നായികയായി രശ്മിക മന്ദന്നയെ തിരഞ്ഞെടുത്തതിനെക്കുറിച്ച് സംസാരിക്കവെ നടൻ കമൽ ഹാസൻ താരത്തിന് ആത്മവിശ്വാസം പകർന്നു. എം.എസ്. സുബ്ബലക്ഷ്മിയെ അവതരിപ്പിക്കുമ്പോൾ വലിയ സമ്മർദം നേരിടേണ്ടിവരുമെന്ന് അറിയാമെന്നും, എന്നാൽ ആ സമ്മർദം ലഘൂകരിക്കാൻ മികച്ചൊരു സംഘം ഒപ്പമുണ്ടാകുമെന്നും കമൽ ഹാസൻ പറഞ്ഞു.
“മൈക്കൽ ജാക്സനെ ആസ്പദമാക്കിയൊരു സിനിമയിൽ അഭിനയിക്കുന്ന നടന് അനുഭവപ്പെടുന്ന അതേ സമ്മർദം നിങ്ങൾക്കും ഉണ്ടാകുമെന്ന് എനിക്കറിയാം. എന്നാൽ ആ സമ്മർദം കുറയ്ക്കാൻ സഹായിക്കുന്ന മികച്ചൊരു ടീം നിങ്ങൾക്കൊപ്പമുണ്ട്,” അദ്ദേഹം പറഞ്ഞു.
“നിങ്ങളോട് എനിക്ക് അസൂയ തോന്നുന്നില്ല. താടി വടിച്ചാൽ പോലും എനിക്ക് ഈ വേഷം ചെയ്യാൻ കഴിയുമായിരുന്നില്ല. എനിക്ക് അതിന് സാധിക്കില്ല. എത്ര വേണമെങ്കിലും വേഷപ്പകർച്ച നടത്താം. എന്നാൽ എം.എസ്. അമ്മയുടെ കണ്ണുകളിലെ കരുണയും വാത്സല്യവും പകർന്നുനൽകാൻ കഴിഞ്ഞാൽ തന്നെ പകുതി വിജയം കൈവരിച്ചുവെന്ന് പറയാം. അതിനാൽ ധൈര്യത്തോടെ ഈ കഥാപാത്രത്തെ സമീപിക്കണം,” കമൽ ഹാസൻ കൂട്ടിച്ചേർത്തു.
എം.എസ്. സുബ്ബലക്ഷ്മിയുടെ 110-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ബുധനാഴ്ച ചെന്നൈയിലെ മ്യൂസിക് അക്കാദമിയിൽ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ചിത്രത്തിന്റെ ഔദ്യോഗിക തുടക്കം. ചടങ്ങിൽ കമൽ ഹാസൻ ചിത്രം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുകയും രശ്മിക മന്ദന്ന അഭിനയിക്കുന്ന ആദ്യ രംഗത്തിന് ക്ലാപ്പടിക്കുകയും ചെയ്തു.
എം.എസ്. സുബ്ബലക്ഷ്മിയുടെ കുടുംബാംഗങ്ങൾ, പ്രമുഖ കർണാടക സംഗീതജ്ഞർ, ചലച്ചിത്രമേഖലയിലെ പ്രമുഖർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഇതിഹാസ ഗായികയായി വേഷമിടുന്നതിനെക്കുറിച്ച് രശ്മിക മന്ദാന പ്രതികരിച്ചു: “ഒരു അഭിനേത്രിയെന്ന നിലയിൽ ഇത്രയും മഹത്തായൊരു അവസരം ലഭിച്ചതിൽ എന്റെ ഹൃദയം നന്ദികൊണ്ട് നിറയുകയാണ്. എം.എസ്. അമ്മയുടെ അസാധാരണമായ ജീവിതയാത്രയുടെ ഒരു ചെറിയ ഭാഗമാകാൻ കഴിയുന്നതിൽ അതിയായ അഭിമാനവും ആദരവും തോന്നുന്നു. ഈ സിനിമയുടെ യാത്രയിലുടനീളം അവരുടെ അനുഗ്രഹം ഞങ്ങളോടൊപ്പമുണ്ടാകുമെന്ന് ഞങ്ങൾ പൂർണമായി വിശ്വസിക്കുന്നു.”