Headlines

ജപ്പാനില്‍ അതിശക്തമായ ഭൂചലനം, റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത; സുനാമി മുന്നറിയിപ്പ് | Japan Earthquake: Powerful 7.1-Magnitude Earthquake Hits Japan, Tsunami Warning Issued, Details


International

oi-Jithin TP

ജപ്പാനില്‍ ശക്തമായ ഭൂചലനം. തെക്കന്‍ ദ്വീപായ ക്യുഷുവില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം ആണ് അനുഭവപ്പെട്ടത്. ഇതിനെത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കുകയും മേഖലയിലെ പല പ്രിഫെക്ചറുകളിലും അടിയന്തര ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തു. ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സിയുടെ കണക്കനുസരിച്ച്, പ്രാദേശിക സമയം വൈകുന്നേരം 4.27-നാണ് ഭൂചലനം ഉണ്ടായത്.

ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഉക്കിക്ക് തെക്കുകിഴക്കായി ഏകദേശം 4 കിലോമീറ്റര്‍ അകലെ, 10 കിലോമീറ്റര്‍ ആഴത്തിലായിരുന്നു എന്നും ഇതാണ് ശക്തമായ ഭൂചലനത്തിന് കാരണമായത് എന്നും ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി അറിയിച്ചു. ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ട പ്രദേശങ്ങളില്‍ അതിശക്തമായ കുലുക്കം അനുഭവപ്പെട്ടതായി സൂചിപ്പിച്ചുകൊണ്ട്, ജപ്പാനിലെ ഭൂചലന തീവ്രത അളക്കുന്ന ‘ഷിന്‍ഡോ’ സ്‌കെയിലില്‍ പരമാവധി അളവായ ‘ലെവല്‍ 7’ ആണ് ഭൂചലനം രേഖപ്പെടുത്തിയതെന്ന് ഏജന്‍സി അറിയിച്ചു.

Japan Earthquake

ഭൂചലനത്തെത്തുടര്‍ന്ന്, ക്യുഷു തീരപ്രദേശത്തിന്റെ ചില ഭാഗങ്ങളില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. പ്രാദേശിക സമയം വൈകുന്നേരം 5 മണിയോടെ ഒരു മീറ്റര്‍ വരെ ഉയരമുള്ള തിരമാലകള്‍ തീരപ്രദേശങ്ങളില്‍ എത്തിയേക്കാമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. അതേസമയം അത്രയും ഉയരത്തിലുള്ള തിരമാലകള്‍ ഇതിനകം തന്നെ ആഞ്ഞുവീശാന്‍ തുടങ്ങിയിട്ടുണ്ട് എന്ന് പൊതുപ്രക്ഷേപകരായ എന്‍എച്ച്‌കെ റിപ്പോര്‍ട്ട് ചെയ്തു.

കുമാമോട്ടോ, നാഗസാക്കി, കഗോഷിമ, ഫുകുവോക, സാഗ, ഒയിറ്റ, മിയാസാക്കി എന്നീ പ്രിഫെക്ചറുകളില്‍ ജപ്പാന്‍ സര്‍ക്കാര്‍ ഒരേസമയം അടിയന്തര ഭൂചലന മുന്നറിയിപ്പുകള്‍ സജീവമാക്കി. താമസക്കാരോട് ജാഗ്രത പാലിക്കാനും ആവശ്യമെങ്കില്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഭൂചലനത്തില്‍ ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടുകളൊന്നും പുറത്തുവന്നിട്ടില്ല.

സാധ്യമായ തുടര്‍ചലനങ്ങള്‍ നിരീക്ഷിക്കുന്നതിനൊപ്പം അധികൃതര്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നത് തുടരുകയാണ്. പല ടെക്‌റ്റോണിക് പ്ലേറ്റുകളും സംഗമിക്കുന്ന ‘പസഫിക് റിംഗ് ഓഫ് ഫയറി’ല്‍ സ്ഥിതി ചെയ്യുന്നതിനാല്‍, ലോകത്ത് ഏറ്റവും കൂടുതല്‍ ഭൂചലന സാധ്യതയുള്ള രാജ്യങ്ങളിലൊന്നാണ് ജപ്പാന്‍. പ്രതിവര്‍ഷം നൂറുകണക്കിന് ഭൂചലനങ്ങള്‍ അനുഭവപ്പെടുന്ന ഈ രാജ്യം, ലോകത്ത് രേഖപ്പെടുത്തുന്ന ഭൂചലന പ്രവര്‍ത്തനങ്ങളുടെ ഏകദേശം 18 ശതമാനത്തിനും സാക്ഷ്യം വഹിക്കുന്നു.

അതിനിടെ ജപ്പാനിലെ ഭൂചലനത്തിന്റെ ആഘാതം വ്യക്തമാക്കുന്ന ചില വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ജൂണ്‍ 25-ന് വടക്കന്‍ ജപ്പാനില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു. എന്നാല്‍ അന്ന്, ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ ഉണ്ടായിരുന്നില്ല.

2011-ല്‍ ഉണ്ടായ 9.0 തീവ്രതയുള്ള ഭൂചലനം ജപ്പാനില്‍ വലിയ നാശനഷ്ടമുണ്ടാക്കിയിരുന്നു, കടലിനടിയിലെ ആ ഭൂചലനത്തെത്തുടര്‍ന്നുണ്ടായ സുനാമിയില്‍ ഏകദേശം 18,500 പേര്‍ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്യുകയും ഫുകുഷിമ ആണവനിലയം തകരുകയും ചെയ്തിരുന്നു. ഈ വര്‍ഷം ഏപ്രില്‍ 20-ന് രാജ്യത്തിന്റെ വടക്കന്‍ ഭാഗത്ത് 7.7 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടിരുന്നു.



Source link

Leave a Reply

Your email address will not be published. Required fields are marked *