Headlines

ഗുരുവായൂരില്‍ ഇന്ന് കല്യാണമേളം! ഇന്ന് മാത്രം നടക്കുന്നത് 444 വിവാഹങ്ങള്‍, സര്‍വകാല റെക്കോഡ് | Guruvayur Temple Wedding: Record 444 Number of Weddings Held In Guruvayur Today, Here’s The Reason


Kerala

oi-Jithin TP

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് നടക്കാന്‍ പോകുന്നത് റെക്കോഡ് വിവാഹങ്ങള്‍. ഇന്നലെ വരെ 444 വിവാഹങ്ങളാണ് ഇന്നേക്കായി ബുക്ക് ചെയ്തത്. ഇനി സ്‌പോട്ട് ബുക്കിംഗ് കണക്ക് കൂടിയെടുത്താല്‍ ഇത് 450 ആകും. പുലര്‍ച്ചെ നാല് മണി മുതലാണ് വിവാഹങ്ങള്‍ ആരംഭിച്ചത്. രാവിലെ ആറ് മണി വരെ 137 വിവാഹങ്ങള്‍ നടന്നതായാണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ എ വി ഗോപിനാഥ് പറയുന്നത്.

പുലര്‍ച്ചെ നാല് മണിക്ക് കണ്ണൂര്‍ തലശ്ശേരി സ്വദേശി ആര്‍ണവ് മോഹന്‍ കുമാര്‍ പഴയങ്ങാടി സ്വദേശിനി വിദ്യാ ആനന്ദ് രാജിന് താലിചാര്‍ത്തിയതോടെയാണ് റെക്കോര്‍ഡ് വിവാഹങ്ങള്‍ക്ക് തുടക്കമായത്. ടോക്കണ്‍ അനുസരിച്ചാണ് വിവാഹങ്ങള്‍ പുരോമിക്കുന്നത്. ഊഴത്തിന് അനുസരിച്ച് ആളുകളെ വിളിച്ച് എത്രയും വേഗം ചടങ്ങുകള്‍ പൂര്‍ത്തിയാക്കുന്ന രീതിയിലാണ് നടപടികള്‍ പുരോഗമിക്കുന്നത്.

Guruvayur Temple Wedding

ചിങ്ങമാസത്തിലെ ആദ്യത്തെ ഞായറാഴ്ചയും ഓണത്തിന് മുന്‍പുള്ള ആദ്യത്തെ ഞായറാഴ്ചയും ആയതിനാലാണ് ഇന്ന് ഇത്രയും വിവാഹങ്ങള്‍ നടക്കുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വിവാഹങ്ങള്‍ക്ക് ഗുരുവായൂര്‍ ക്ഷേത്രം വേദിയാകുന്നത്. ആറ് മണ്ഡപങ്ങളിലായാണ് വിവാഹ ചടങ്ങുകള്‍ നടക്കുന്നത്. വിവാഹങ്ങള്‍ക്കായുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട് എന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചു.

വിവാഹ സംഘങ്ങള്‍ മുഹൂര്‍ത്തത്തിന് മുന്‍പേ മേല്‍പുത്തൂര്‍ ഓഡിറ്റോറിയത്തിനു സമീപമുള്ള കൗണ്ടറില്‍ നിന്ന് ടോക്കണ്‍ എടുക്കണം. ഒരു സംഘത്തില്‍ ഫോട്ടോഗ്രഫര്‍ അടക്കം 24 പേര്‍ക്കാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഇവര്‍ക്ക് വേണ്ട ഇരിപ്പിടവും ഒരുക്കിയിട്ടുണ്ട്. കിഴക്കേ നടപ്പുരയില്‍ വണ്‍വേ ആയിട്ടാണ് പ്രവേശനം അനുവദിക്കുക. വിവാഹം കഴിഞ്ഞ് പുറത്തേക്ക് ദീപസ്തംഭത്തിനു മുന്നില്‍ നിന്ന് തെക്ക് ഭാഗത്തു കൂടിയാണ് പോകേണ്ടത്.

വിവാഹ രജിസ്‌ട്രേഷന് വേണ്ട സൗകര്യങ്ങളും ചെയ്തിട്ടുണ്ട്. കിഴക്കേനടയില്‍ കല്യാണ മണ്ഡപത്തിനടുത്ത് നഗരസഭാ രജിസ്‌ട്രേഷന്‍ ഓഫിസ് രാവിലെ 6 മുതല്‍ ഉച്ചയ്ക്ക് 2 വരെ പ്രവര്‍ത്തിക്കും. രജിസ്‌ട്രേഷന് 2 അധിക കൗണ്ടര്‍ കൂടി സജ്ജീകരിച്ചിട്ടുണ്ട്. വധുവരന്മാര്‍ക്കൊപ്പം രണ്ട് സാക്ഷികള്‍ മാത്രം രജിസ്‌ട്രേഷനായി എത്തിയാല്‍ മതി.

വധൂവരന്മാരുടെ ഫോട്ടോ, ആധാര്‍ കാര്‍ഡ്, ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍, ജനന തീയതി തെളിയിക്കുന്ന ആധികാരിക രേഖ (സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസന്‍സ്, പാസ്‌പോര്‍ട്ട്, ജനന സര്‍ട്ടിഫിക്കറ്റ്), വിവാഹം നടന്നതിന് ക്ഷേത്രത്തില്‍ നിന്നുള്ള സാക്ഷ്യപത്രം അല്ലെങ്കില്‍ ഗസറ്റഡ് ഓഫിസര്‍, എംപി, എംഎല്‍എ, മേയര്‍, പഞ്ചായത്ത് പ്രസിഡന്റ്, കൗണ്‍സിലര്‍മാര്‍, പഞ്ചായത്ത് അംഗങ്ങള്‍ എന്നിവരില്‍ ആരെങ്കിലും ഒപ്പിട്ട ഫോം 2 സാക്ഷ്യപത്രം എന്നിവയാണ് ഹാജരാക്കേണ്ട രേഖകള്‍.

ഇതിന് മുമ്പ് 2024 സെപ്റ്റംബര്‍ എട്ടിനായിരുന്നു ഗുരുവായൂരില്‍ ഏറ്റവും കൂടുതല്‍ വിവാഹങ്ങള്‍ നടന്നത്. അന്ന് 354 വിവാഹങ്ങളായിരുന്നു നടന്നത്.



Source link

Leave a Reply

Your email address will not be published. Required fields are marked *