Kerala
oi-Rakhi
കർക്കടകവാവിന് കൂടുതൽ സ്പെഷ്യൽ സർവ്വീസുകൾ അനുവദിച്ച് കെ എസ് ആർ ടി സി. 12-ന് പുലർച്ചെ 2 മണി മുതൽ കേരളത്തിലെ 13 പ്രത്യേക ബലിതർപ്പണ കേന്ദ്രങ്ങളിലേക്കാണ് സെപ്ഷ്യൽ സർവ്വീസ് നടത്തുക . ഇതിന് പുറമെ വിവിധ യൂണിറ്റുകളിൽ നിന്നും യാത്രക്കാരുടെ ആവശ്യകതയ്ക്കനുസരിച്ച് അധിക സർവീസുകളും ക്രമീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം അധിക സർവീസുകൾക്കായി 62 ബസുകൾ പൂൾ ചെയ്തിരുന്നെങ്കിൽ ഈ വർഷം ഏകദേശം 100 ബസുകൾ അധികമായി പൂൾ ചെയ്ത് സർവീസുകൾക്കായി സജ്ജമാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാരുടെ തിരക്കും ട്രാഫിക് ഡിമാൻഡും കൃത്യമായി നിരീക്ഷിച്ച് ആവശ്യമായ സ്ഥലങ്ങളിലേക്ക് യഥാസമയം സ്പെഷ്യൽ സർവീസുകൾ അയക്കുന്നതിനായി ഓരോ പ്രത്യേക കേന്ദ്രത്തിലും സ്പെഷ്യൽ സ്ക്വാഡ് ഉദ്യോഗസ്ഥരെയും ഓഫീസർമാരെയും പ്രത്യേകം ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.

തിരുവല്ലം, വർക്കല, ശംഖുമുഖം, വേളി, അരുവിക്കര, അരുവിപ്പുറം, കഠിനംകുളം, ചേറ്റമംഗലം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, തിരുമുല്ലവാരം (കൊല്ലം), ആലുവ, തിരുനാവായ, തിരുനെല്ലി ക്ഷേത്രം, തുടങ്ങിയ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിൽ കൂടുതൽ അധിക സ്പെഷ്യൽ ബസുകൾ പ്രത്യേകം ക്രമീകരിച്ചിട്ടുണ്ട്.
യാത്രക്കാരുടെ തിരക്ക് അനുസരിച്ച് സർവീസുകളുടെ എണ്ണം വർധിപ്പിക്കുന്നതിനും ആവശ്യമായ സ്ഥലങ്ങളിലേക്ക് ബസുകൾ പുനഃക്രമീകരിച്ച് അയയ്ക്കുന്നതിനുമുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ടെന്നും കെ എസ് ആർ ടി സി അറിയിച്ചു.
കർക്കിടക വാവ് പ്രമാണിച്ച് കൊച്ചി മെട്രോ സർവീസ് സമയം ദീർഘിപ്പിച്ചു
കർക്കിടക വാവ് പ്രമാണിച്ച് ബലി തർപ്പണത്തിന് എത്തുന്നവർക്ക് യാത്ര സുഗമമാക്കുന്നതിന് കൊച്ചി മെട്രോ സർവീസ് സമയം ദീർഘിപ്പിച്ചു. ഓഗസ്റ്റ് 11 ചൊവാഴ്ച്ച തൃപ്പൂണിത്തുറയിൽ നിന്നും ആലുവയിലേക്ക് രാത്രി 11:15 നും 11.30 നും സർവീസ് ഉണ്ടായിരിക്കും. കൂടാതെ ഓഗസ്റ്റ് 12 ബുധനാഴ്ച്ച പുലർച്ചെ ആലുവയിൽ നിന്നും 5 നും 5.30 നും തൃപ്പൂണിത്തുറ ലേക്ക് സർവീസ് ഉണ്ടായിരിക്കും.