Headlines

ക്ഷമ ചോദിച്ച് മോഹന്‍ലാല്‍; എന്തുപറ്റി എന്ന് അറിയില്ല, വിസ കിട്ടിയില്ല, ന്യൂസിലാന്റിലേക്ക് പോകും | Mohanlal Sydney Show Cancelled Due To Unable To Get Australian Visa; He Apologized From Singapore


Movie News

oi-Ashif N

മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള വന്‍ താര നിര പങ്കെടുക്കുന്ന സിഡ്‌നി ഷോ മാറ്റിവെച്ചു. മോഹന്‍ലാലിന് ഓസ്‌ട്രേലിയയിലേക്കുള്ള വിസ ലഭിക്കാത്തതാണ് കാരണം. കഴിഞ്ഞ ഒരു മാസമായി വിസയ്ക്ക് വേണ്ടി ശ്രമം തുടരുന്നുണ്ടായിരുന്നു. കൂടെ ഷോയില്‍ പങ്കെടുക്കേണ്ട മനോജ് കെ ജയന്‍, കെഎസ് ചിത്ര ഉള്‍പ്പെടെയുള്ള എല്ലാവര്‍ക്കും വിസ ലഭിക്കുകയും അവര്‍ സിഡ്‌നിയില്‍ എത്തുകയും ചെയ്തിരുന്നു.

തനിക്ക് പങ്കെടുക്കാന്‍ പറ്റില്ലെന്ന് വിശദീകരിച്ച് മോഹന്‍ലാല്‍ ക്ഷമ ചോദിച്ച് വീഡിയോ പുറത്തുവിട്ടു. മോഹന്‍ലാല്‍ ആയിരുന്നു പരിപാടിയുടെ ആകര്‍ഷണം. സിഡ്‌നിയില്‍ മോഹന്‍ലാല്‍ ഷോ എന്ന പ്രചാരണം വളരെ മുന്നോട്ട് പോയിരുന്നു. സംഘാടകര്‍ എല്ലാ ശ്രമവും നടത്തിയെങ്കിലും മോഹന്‍ലാലിന് വിസ ലഭിക്കാത്തതിനാല്‍ സ്ഡിനി ഷോ മാറ്റി. അടുത്ത ഷോ ന്യൂസിലാന്റിലാണ്.

mohanlal sydney show cancelled

സിഡ്‌നിയിലും ന്യൂസിലാന്റിലുമാണ് ഷോ തീരുമാനിച്ചിരുന്നത്. മോഹന്‍ലാല്‍ ഇപ്പോഴുള്ളത് സിംഗപ്പൂരാണ്. ഓസ്‌ട്രേലിയന്‍ വിസ ലഭിക്കാന്‍ ഏറെ നാളായി ശ്രമിക്കുന്നു. എന്താണ് വിസ ലഭിക്കാത്തത് എന്ന് അറിയില്ലെന്ന് മോഹന്‍ലാല്‍ വീഡിയോയില്‍ പറഞ്ഞു. ടെക്‌നിക്കല്‍ എററോ മറ്റെന്തോ ആയിരിക്കാമെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു.

ഇനി സിംഗപ്പൂരില്‍ നിന്ന് മോഹന്‍ലാല്‍ ന്യൂസിലാന്റിലേക്ക് പോകും. സിഡ്‌നിയിലുള്ള മറ്റു താരങ്ങള്‍ ന്യൂസിലാന്റിലേക്ക് തിരിക്കും. ന്യൂസിലാന്റ് ഷോയില്‍ മാറ്റമില്ല. അതേസമയം, സിഡ്‌നി ഷോ പൂര്‍ണമായി മാറ്റിവെച്ചിട്ടില്ല. ടിക്കറ്റ് എടുത്തവര്‍ക്ക് മറ്റൊരു തിയ്യതിയില്‍ ഷോ നടത്തി പ്രവേശനം നല്‍കാനാണ് സംഘാടകര്‍ ആലോചിക്കുന്നത്. മോഹന്‍ലാലിന് വിസ ലഭിക്കുന്നതിനെ ആശ്രയിച്ചാകും അടുത്ത തിയ്യതി തീരുമാനിക്കുക.

ഓസ്‌ട്രേലിയയില്‍ പെര്‍ഫോമന്‍സ് വിസ ലഭിക്കുന്നതിന് വളരെ പ്രയാസം നേരിടുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ബോളിവുഡ് താരങ്ങള്‍ക്ക് വിസ ലഭിച്ചില്ലെന്ന പരാതിയും അടുത്തിടെ ഉയര്‍ന്നിരുന്നു. സമാനമായ അവസ്ഥയാണ് മോഹന്‍ലാലും നേരിട്ടത്. വിസ ലഭിച്ചാല്‍ ഉടന്‍ സിഡ്‌നിയില്‍ എത്താന്‍ അദ്ദേഹം പദ്ധതിയിട്ടിരുന്നു. മോഹന്‍ലാലിന് വിസ ലഭിക്കാത്തതിനാല്‍ ഷോ മാറ്റിവെച്ചുവെന്ന് കെഎസ് ചിത്രയും അറിയിച്ചു.

മോഹന്‍ലാലിന്റെ വാക്കുകള്‍: ”പ്രിയപ്പെട്ടവരേ സിംഗപ്പൂരില്‍ നിന്നാണ് ഞാന്‍ സംസാരിക്കുന്നത്. 50 വര്‍ഷമായി സിനിമയില്‍ വന്നിട്ട്. ഇന്ത്യയില്‍ നിന്നുള്ള ഒരു ആക്ടര്‍ എന്ന നിലയില്‍ കൂടുതല്‍ ഷോ ചെയ്തത് ഞാനായിരിക്കും. യുഎസ്, ജര്‍മനി, യുകെ, അയര്‍ലന്റ് എന്നിവിടങ്ങളിലെല്ലാം ഈ വര്‍ഷം ഷോ ചെയ്തു. കൂടെയുള്ള എല്ലാവരും സിഡ്‌നിയില്‍ എത്തി. എന്തുകൊണ്ടോ എനിക്ക് വിസ ലഭിച്ചില്ല. എന്താണ് കാരണം എന്ന് അറിയില്ല. എന്റെ കുറ്റമായി തന്നെ പറയുന്നു. എല്ലാവരും ക്ഷമിക്കണം. പല പ്രയാസങ്ങളും സഹിച്ച് ഷോയിലേക്ക് വരുന്നവരുണ്ട്. ക്ഷമ ചോദിക്കുന്നു. മറ്റൊരു തിയ്യതിയില്‍ എത്തി ഷോ ചെയ്യാന്‍ സാധിക്കുമെന്ന് കരുതുന്നു.”



Source link

Leave a Reply

Your email address will not be published. Required fields are marked *