Headlines

കാസർഗോഡ്-തിരുവനന്തപുരം യാത്രയ്ക്ക് ചിലവേറും; എൻഎച്ച് 66ൽ ടോളായി നൽകേണ്ടി വരിക 6000 രൂപയോളം! | Kasaragod To Thiruvananthapuram Travel Will Be Expensive; Toll Charges On NH 66 Could Amount To Around Rs 6000


Kerala

oi-Nidhin Illikkambath

കോഴിക്കോട്: ദേശീയപാത 66-ന്റെ നിർമ്മാണം പൂർണമായും പൂർത്തിയാകുന്നതോടെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ കാറിൽ യാത്ര ചെയ്യുന്നവർ ടോൾ ഇനത്തിൽ മാത്രം 6000 രൂപയിലധികം ചെലവഴിക്കേണ്ടി വന്നേക്കും. ദേശീയപാത അധികൃതർ നൽകുന്ന വിവരങ്ങൾ പ്രകാരം കാസർഗോഡ്-തിരുവനന്തപുരം റൂട്ടിൽ ഒരു ഭാഗത്തേക്കുള്ള ടോൾ നിരക്ക് ഏകദേശം 3000 രൂപയായി ഉയരാനാണ് സാധ്യത.

ഇതോടെ കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും കാറിൽ യാത്ര ചെയ്യുന്നവർക്ക് ടോൾ ഇനത്തിൽ മാത്രം 6000 രൂപയിലധികം നൽകേണ്ട സാഹചര്യമുണ്ടാകും. നിലവിലെ ടോൾ നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ വലിയ വർധനവാണ് വരാനിരിക്കുന്നത്. 2024ലെ കണക്കുകൾ പ്രകാരം കാസർഗോഡ്-തിരുവനന്തപുരം റൂട്ടിൽ ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്ക് 11 ടോൾ പ്ലാസകളിലായി ഏകദേശം 1650 രൂപയാണ് ടോൾ ഇനത്തിൽ നൽകേണ്ടിയിരുന്നത്.

nh 66

എന്നാൽ ദേശീയപാത 66 ആറുവരിപ്പാതയാക്കുന്ന പദ്ധതിയുടെ ഭാഗമായി വിവിധ ഭാഗങ്ങളിൽ പുതിയ ടോൾ പ്ലാസകൾ കൂടി പ്രവർത്തനക്ഷമമാകുന്നതോടെ നിരക്ക് വീണ്ടും ഉയരും. നിലവിൽ പ്രവർത്തിക്കുന്ന ടോൾ ബൂത്തുകൾക്ക് പുറമെ നിർമ്മാണത്തിലിരിക്കുന്ന പ്ലാസകളും പ്രവർത്തനം ആരംഭിക്കുന്നതോടെ ഒരു ഭാഗത്തേക്കുള്ള ആകെ ടോൾ ഏകദേശം 3000 രൂപയിലേക്ക് എത്തുമെന്നാണ് അധികൃതരുടെ കണക്ക്.

നിലവിൽ ദേശീയപാത 66-ൽ അഞ്ച് ടോൾ ബൂത്തുകളാണ് പ്രവർത്തിക്കുന്നത്. ഒരു കാറിന് ഒരു ദിശയിലേക്ക് ഇവിടങ്ങളിലൂടെ കടന്നുപോകാൻ ആകെ 585 രൂപയാണ് ഈടാക്കുന്നത്. കണ്ണൂരിലെ കൊളശ്ശേരിയിൽ 80 രൂപയും എറണാകുളത്തെ കുമ്പളത്ത് 50 രൂപയും തിരുവനന്തപുരത്തെ തിരുവല്ലത്ത് 160 രൂപയുമാണ് നിലവിലെ നിരക്ക്. മലപ്പുറം വെട്ടിച്ചിറയിൽ 160 രൂപയും കോഴിക്കോട് ഒളവണ്ണയിൽ 135 രൂപയുമാണ് ഈടാക്കുന്നത്. ഈ അഞ്ച് ടോൾ ബൂത്തുകളിലെയും നിരക്ക് ചേർത്താണ് ഒരു ഭാഗത്തേക്കുള്ള 585 രൂപ വരുന്നത്.

അതേസമയം ദേശീയപാത 66-ന്റെ വിവിധ റീച്ചുകളിൽ പുതിയ ടോൾ പ്ലാസകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. കാസർകോട്ടെ ചാലിങ്കൽ, കണ്ണൂരിലെ കല്യാശ്ശേരി, കോഴിക്കോട്ടെ അഴിയൂർ, തൃശൂരിലെ നാട്ടിക, ആലപ്പുഴയിലെ എരമല്ലൂർ, കൃപാസനം ജംക്‌ഷൻ, കൊല്ലത്തെ ഓച്ചിറ, കല്ലുവാതുക്കൽ തുടങ്ങിയ സ്ഥലങ്ങളിലാണ് പുതിയ ടോൾ സംവിധാനങ്ങൾക്കായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. ഇവയിൽ എരമല്ലൂർ ഭാഗത്ത് ഉയരപ്പാത ഉൾപ്പെടുന്ന നിർമ്മാണമാണ് നടക്കുന്നത്. വിവിധ റീച്ചുകൾ പൂർത്തിയാകുന്നതോടെ ഇവിടങ്ങളിലെ ടോൾ പിരിവും ആരംഭിക്കും.

ഓരോ റീച്ചിലെയും നിർമ്മാണരീതിയും അതിന് വരുന്ന ചെലവും അടിസ്ഥാനമാക്കി ടോൾ നിരക്ക് നിശ്ചയിക്കാനായിരുന്നു തീരുമാനം. എന്നാൽ ദേശീയപാത നിർമ്മാണം നീണ്ടുപോകുന്നതും ചില പ്രദേശങ്ങളിൽ നിർമാണരീതിയിൽ മാറ്റങ്ങൾ വരുത്തേണ്ടിവന്നതും ചിലവ് വർധിക്കാൻ കാരണമായെന്നാണ് ദേശീയപാത അതോറിറ്റിയുടെ വിശദീകരണം. ഇതിന്റെ ഭാഗമായി വിവിധ റീച്ചുകളിൽ ഈടാക്കേണ്ട ടോൾ നിരക്കിലും മാറ്റമുണ്ടാകാം.

ഏകദേശം 60 കിലോമീറ്റർ ഇടവിട്ടാണ് ടോൾ ബൂത്തുകൾ സ്ഥാപിക്കുക. എന്നാൽ ഓരോ റീച്ചിന്റെയും പ്രത്യേകത അനുസരിച്ച് ഈ ദൂരത്തിൽ മാറ്റമുണ്ടാകാം. റോഡിന്റെ സാധാരണ ഭാഗങ്ങളേക്കാൾ ഉയരപ്പാത, വയഡക്‌ട്, തുരങ്കം തുടങ്ങിയ പ്രത്യേക നിർമ്മാണങ്ങൾ ഉൾപ്പെടുന്ന റീച്ചുകൾക്ക് ചിലവ് കൂടുതലായതിനാൽ അവിടങ്ങളിൽ ടോൾ നിരക്കും ഉയരാൻ സാധ്യതയുണ്ട്. ഇത്തരം ഇടങ്ങളിൽ സാധാരണ നിരക്കിന്റെ പത്തിരട്ടി വരെ ഈടാക്കാനുള്ള വ്യവസ്ഥകളുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം.

കേരളത്തിലുടനീളം ആറുവരിപ്പാതയായി ദേശീയപാത 66 വികസിക്കുന്നതോടെ യാത്രാസമയം ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷ. നിലവിൽ പല ഭാഗങ്ങളിലും അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാനും യാത്ര കൂടുതൽ സുഗമമാക്കാനും പുതിയ പാത സഹായിക്കും. എന്നാൽ വരാനിരിക്കുന്ന കനത്ത ടോൾ യാത്രക്കാരുടെ പ്രതിഷേധം ക്ഷണിച്ചു വരുത്തുമെന്ന് ഉറപ്പാണ്.



Source link

Leave a Reply

Your email address will not be published. Required fields are marked *