Headlines

കാവേരി ജലവിഹിത തർക്കം; വിജയ്‌യുടെ കർണാടക സന്ദർശനം മാറ്റിവച്ചേക്കും, ഡികെ ശിവകുമാർ അഭ്യർത്ഥിച്ചു | Cauvery Water Sharing Dispute; Vijay Likely To Postpone Karnataka Visit. DK Shivakumar Makes A Request


India

oi-Nidhin Illikkambath

ബെംഗളൂരു: കാവേരി ജലവിഹിത തർക്കം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ, തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഓഗസ്‌റ്റ് മൂന്നിന് ബെംഗളൂരുവിലേക്ക് നടത്താനിരുന്ന സന്ദർശനം മാറ്റിവയ്ക്കാൻ സാധ്യത. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങൾ ചർച്ച ചെയ്‌ത്‌ പരിഹരിക്കാനായിരുന്നു ഈ കൂടിക്കാഴ്‌ച നിശ്ചയിച്ചിരുന്നത്.

നിലവിലെ സാഹചര്യം ചർച്ചകൾക്ക് അനുകൂലമല്ലെന്ന് ചൂണ്ടിക്കാട്ടി കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാർ തമിഴ്‌നാട് മുഖ്യമന്ത്രിയോട് സന്ദർശനം മാറ്റിവെക്കാൻ അഭ്യർഥിച്ചിരിക്കുകയാണ്. കാവേരി ജല മാനേജ്മെന്റ് അതോറിറ്റി കർണാടക തമിഴ്‌നാടിന് വെള്ളം വിട്ടുനൽകണമെന്ന് നിർദ്ദേശിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് വ്യാപക പ്രതിഷേധങ്ങളാണ് നടക്കുന്നത്. ഇതാണ് ഇരുസംസ്ഥാനങ്ങളുടെയും കൂടിക്കാഴ്‌ചയെ അനിശ്ചിതത്വത്തിലാക്കിയത്.

vijay

തമിഴ്‌നാട് മുഖ്യമന്ത്രി കാവേരി വിഷയത്തിൽ ചർച്ച നടത്താനായി കർണാടകയിലെത്തുകയാണെങ്കിൽ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളവും ചർച്ച നടക്കാനിരുന്ന വേദിയും ഉപരോധിക്കുമെന്ന് കർഷക സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിന് പിന്നാലെ നിലവിലെ സംഘർഷാവസ്ഥ ശമിച്ച ശേഷമേ ഇരുസംസ്ഥാനങ്ങളുടെയും ചർച്ച നടത്തുകയുള്ളുവെന്ന് ഡികെ ശിവകുമാർ അറിയിച്ചു.

ഞായറാഴ്‌ച ചേരുന്ന സർവകക്ഷിയോഗത്തിന്റെയും നിയമവിദഗ്‌ധരുമായി നടത്തുന്ന കൂടിയാലോചനകളുടെയും അടിസ്ഥാനത്തിലായിരിക്കും സംസ്ഥാന സർക്കാർ തുടർനടപടികൾ തീരുമാനിക്കുക എന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങൾ തുംഗഭദ്ര പദ്ധതിയുടെ കാര്യത്തിൽ ധാരണയിലെത്തിയതിനെ അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടിയിരുന്നു.

സംസ്ഥാനങ്ങൾ തമ്മിലുള്ള നദീജല തർക്കങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാൻ കഴിയുമെന്നാണ് ഡികെ ശിവകുമാർ അഭിപ്രായപ്പെട്ടത്. അതേസമയം, കാവേരി ജല മാനേജ്മെന്റ് അതോറിറ്റിയുടെ നിർദ്ദേശം കർണാടക പാലിച്ചില്ലെന്ന് ആരോപിച്ച് തമിഴ്‌നാട് സുപ്രീം കോടതിയെ സമീപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതാണ് കർണാടകയിൽ വീണ്ടും പ്രതിഷേധത്തിന് ഇടയാക്കുന്നത്.

കേസ് കോടതിയിലെത്തിയാൽ, മഴയുടെ അളവ്, അണക്കെട്ടുകളിലെ ജലനിരപ്പ്, ലഭ്യമായ ജലശേഖരം എന്നിവ സംബന്ധിച്ച ശാസ്ത്രീയ വിവരങ്ങൾ കോടതിയിൽ സമർപ്പിച്ചുകൊണ്ട് കേസ് വാദിക്കുന്നതിനൊപ്പം, നിർബന്ധിത സാഹചര്യത്തിൽ കുറച്ച് വെള്ളമെങ്കിലും തമിഴ്‌നാടിന് വിട്ടുനൽകേണ്ടി വരാൻ സാധ്യതയുണ്ടെന്നാണ് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.

അതേസമയം, വിജയുടെ കാവേരി ജലവിഹിത തർക്കം ചർച്ച ചെയ്യുന്നതിനായി കർണാടക സന്ദർശിക്കാനുള്ള നീക്കത്തിനെതിരെ തമിഴ്‌നാട്ടിലെ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്. എഐഎഡിഎംകെ, പിഎംകെ, എഎംഎംകെ, എൻടികെ എന്നീ പാർട്ടികളുടെ നേതാക്കൾ, ഈ സന്ദർശനം നടന്നാലും തമിഴ്‌നാടിന് കാവേരി ജലത്തിലെ അവകാശപ്പെട്ട വിഹിതം ലഭിക്കാൻ സഹായകരമാകില്ലെന്നാണ് പറയുന്നത്.



Source link

Leave a Reply

Your email address will not be published. Required fields are marked *