Last Updated:
1961 ഏപ്രിലിൽ സോവിയറ്റ് യൂണിയന്റെ അന്റാർട്ടിക്ക ഗവേഷണ കേന്ദ്രത്തിലാണ് വൈദ്യശാസ്ത്ര ലോകത്തെ അദ്ഭുതപ്പെടുത്തിയ ഈ സംഭവം നടന്നത്
അന്റാർട്ടിക്കയിലെ കടുത്ത മഞ്ഞുവീഴ്ചയിൽ ഒറ്റപ്പെട്ടുപോയ സാഹചര്യത്തിൽ സ്വന്തം അപ്പെൻഡിക്സ് ശസ്ത്രക്രിയ സ്വയം വിജയകരമായി പൂർത്തിയാക്കിയ സോവിയറ്റ് ഡോക്ടർ ലിയോണിഡ് റോഗോസോവിന്റെ (Leonid Rogozov) ചരിത്രം വീണ്ടും ശ്രദ്ധേയമാകുന്നു. 1961 ഏപ്രിലിൽ സോവിയറ്റ് യൂണിയന്റെ അന്റാർട്ടിക്ക ഗവേഷണ കേന്ദ്രത്തിലാണ് വൈദ്യശാസ്ത്ര ലോകത്തെ അദ്ഭുതപ്പെടുത്തിയ ഈ സംഭവം നടന്നത്.
‘നോവോലസാരെവ്സ്കയ’ (Novolazarevskaya) എന്ന സോവിയറ്റ് ഗവേഷണ ബേസിലെ ഏക ഡോക്ടറായിരുന്നു അന്ന് 27 വയസ്സുകാരനായ റോഗോസോവ്. ഇവിടെ നിന്നും ഏറ്റവും അടുത്തുള്ള മറ്റൊരു കേന്ദ്രത്തിലേക്ക് എത്താൻ ആയിരത്തിലേറെ കിലോമീറ്റർ സഞ്ചരിക്കണം. ഈ സാഹചര്യത്തിലാണ് റോഗോസോവിന് അപ്പെൻഡിസൈറ്റിസ് ബാധിക്കുന്നത്. മോശം കാലാവസ്ഥ കാരണം ഇദ്ദേഹത്തെ അവിടെനിന്ന് മാറ്റുക അസാധ്യമായിരുന്നു. അടിയന്തരമായി ശസ്ത്രക്രിയ നടത്തിയില്ലെങ്കിൽ ജീവൻ അപകടത്തിലാകുമെന്ന ഘട്ടത്തിലാണ് സ്വന്തം ശസ്ത്രക്രിയ സ്വയം ചെയ്യാൻ റോഗോസോവ് തീരുമാനിച്ചത്.
1961 ഏപ്രിൽ 30-ന് രാത്രിയായിരുന്നു ശസ്ത്രക്രിയ. പകുതി ചാരിയിരിക്കുന്ന അവസ്ഥയിൽ കിടന്ന്, വയറ്റിൽ ലോക്കൽ അനസ്തേഷ്യ നൽകി മരവിപ്പിച്ച ശേഷമാണ് റോഗോസോവ് ശസ്ത്രക്രിയ ആരംഭിച്ചത്. മെഡിക്കൽ പശ്ചാത്തലമില്ലാത്ത മറ്റ് രണ്ട് സഹപ്രവർത്തകർ കണ്ണാടിയും വിളക്കും പിടിക്കാനും ശസ്ത്രക്രിയ ഉപകരണങ്ങൾ എടുത്തു നൽകാനും ഇദ്ദേഹത്തെ സഹായിച്ചു.
കണ്ണാടിയിൽ നോക്കി വിപരീത ദിശയിൽ കൈകൾ ചലിപ്പിച്ച് ശസ്ത്രക്രിയ നടത്തുന്നത് വലിയ വെല്ലുവിളിയായിരുന്നു. കഠിനമായ ശാരീരിക ബുദ്ധിമുട്ടുകൾ കാരണം ഓരോ കുറച്ചു മിനിറ്റിലും ഇദ്ദേഹത്തിന് വിശ്രമിക്കേണ്ടി വന്നു. ഗ്ലൗസ് ധരിക്കാതെയായിരുന്നു ശസ്ത്രക്രിയ ചെയ്തതെന്നും ഉള്ളിലേക്ക് കൃത്യമായി കാണാൻ പ്രയാസമുണ്ടായിരുന്നുവെന്നും റോഗോസോവ് പിന്നീട് പറഞ്ഞിട്ടുണ്ട്.
ഏകദേശം രണ്ട് മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് അണുബാധയേറ്റ അപ്പെൻഡിക്സ് അദ്ദേഹം നീക്കം ചെയ്തത്. പരിശോധനയിൽ ഇത് ഏതുസമയത്തും പൊട്ടാവുന്ന അവസ്ഥയിലായിരുന്നുവെന്ന് കണ്ടെത്തി. ശസ്ത്രക്രിയ കഴിഞ്ഞ് ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ റോഗോസോവ് സുഖം പ്രാപിക്കുകയും തന്റെ ഔദ്യോഗിക ചുമതലകളിലേക്ക് തിരിച്ചെത്തുകയും ചെയ്തു. ആറ് പതിറ്റാണ്ടുകൾക്കിപ്പുറവും ലോക വൈദ്യശാസ്ത്ര ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ സംഭവങ്ങളിലൊന്നാണ് ലിയോണിഡ് റോഗോസോവിന്റെ ഈ ആത്മധൈര്യം.
New Delhi,New Delhi,Delhi
Jun 30, 2026 12:02 PM IST
