Last Updated:
താരപ്പൊലിമയ്ക്കപ്പുറം, പങ്കെടുത്ത ഓരോരുത്തരുടെയും മനസ്സ് നിറച്ച അതിതീവ്രമായ സ്നേഹപ്രകടനങ്ങൾ കൊണ്ട് ഈ ആരാധക സംഗമം വേറിട്ടു നിന്നു
തന്റെ ആരാധകരോടുള്ള അളവറ്റ സ്നേഹവും നന്ദിയും വെളിപ്പെടുത്തി നടൻ അല്ലു അർജുൻ. ഇന്ത്യയിലെ ഏഴ് സംസ്ഥാനങ്ങളിൽ നിന്നായി എത്തിയ ആയിരത്തോളം അല്ലു അർജുൻ ഫാൻസ് അസോസിയേഷൻ (AAFA) അംഗങ്ങൾക്കായി ആറ് മണിക്കൂറിലേറെ സമയമാണ് താരം മാറ്റിവെച്ചത്. കേരളത്തിൽ നിന്നുള്ള ആരാധകരും ചടങ്ങിനെത്തിയിരുന്നു. താരപ്പൊലിമയ്ക്കപ്പുറം, പങ്കെടുത്ത ഓരോരുത്തരുടെയും മനസ്സ് നിറച്ച അതിതീവ്രമായ സ്നേഹപ്രകടനങ്ങൾ കൊണ്ട് ഈ ആരാധക സംഗമം വേറിട്ടു നിന്നു.
ആരാധകരോടൊപ്പം വെറുമൊരു ഫോട്ടോ ഷൂട്ടിനായി ക്യാമറയ്ക്ക് മുന്നിൽ നിൽക്കുക മാത്രമായിരുന്നില്ല അല്ലു അർജുൻ ചെയ്തത്. ആറ് മണിക്കൂറിലധികം സമയം ആരാധകർക്കൊപ്പം ഡാൻസ് കളിച്ചും തമാശകൾ പങ്കുവെച്ചും സംസാരിച്ചും താരം ആഘോഷങ്ങളിൽ പങ്കുചേർന്നു. തങ്ങളുടെ സൂപ്പർതാരത്തെ കാണാൻ എത്തിയ ആരാധകർ വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടുന്ന പ്രിയപ്പെട്ട സുഹൃത്തുക്കളുടെ പുനഃസംഗമം പോലെയായിരുന്നു അല്ലുവിനോടൊപ്പമുള്ള നിമിഷങ്ങൾ ചെലവഴിച്ചത്.
കരിയറിൻറെ തുടക്കം മുതൽ തൻറെ വളർച്ചയിൽ ഒപ്പം നിന്ന മനുഷ്യരുമായി അല്ലു പുലർത്തുന്ന അപൂർവ്വമായ ആത്മബന്ധത്തിൻറെ തെളിവായിരുന്നു ഇത്. തൻറെ ആരാധകരുടെ ക്ഷേമത്തിന് താരം നൽകുന്ന വലിയ പ്രാധാന്യം വ്യക്തമാക്കുന്ന മറ്റൊരു നിർണ്ണായക പ്രഖ്യാപനവും ചടങ്ങിൽ നടന്നു. പരിപാടിയിൽ പങ്കെടുത്ത 1,000 AAFA അംഗങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കി. ഏഴ് വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്ന് നൂറുകണക്കിന് കിലോമീറ്ററുകൾ സഞ്ചരിച്ചാണ് ആരാധകർ പ്രിയതാരത്തെ കാണാനെത്തിയത്.
അവരുടെ സ്നേഹത്തിന് പകരമായി, പുതിയ സിനിമാ പ്രമോഷനുകളോ ബ്രാൻഡ് ഇവൻറുകളോ ഒന്നുമില്ലാതെ, കേവലം നന്ദി പറയാനായി മാത്രം അല്ലു അർജുൻ ഒരു ദിവസം മുഴുവൻ മാറ്റിവെക്കുകയായിരുന്നു. സെലിബ്രിറ്റികൾ ആരാധകർക്കായി ഏതാനും മിനിറ്റുകൾ മാത്രം മാറ്റിവെക്കുന്ന ഈ കാലഘട്ടത്തിൽ, തനിക്കേറ്റവും പ്രിയപ്പെട്ട ‘സമയം’ തന്നെയാണ് താരം അവർക്ക് സമ്മാനമായി നൽകിയത്. ഒരു സൂപ്പർതാരത്തെ കണ്ടു എന്നതിലുപരി, തങ്ങളെ സ്നേഹിക്കുകയും വിലമതിക്കുകയും ചെയ്യുന്ന ഒരാളോടൊപ്പം സമയം ചെലവഴിച്ച ഓർമ്മകളോടെയാണ് ഓരോ ആരാധകനും മടങ്ങിയത്.
Summary: Actor Allu Arjun expressed his immense love and gratitude toward his fans. The star spent more than six hours with nearly 1,000 members of the Allu Arjun Fans Association (AAFA), who had come from seven states across India. Fans from Kerala were also present at the event
Thiruvananthapuram,Kerala
Jul 29, 2026 10:21 AM IST
ഏഴ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ 1000 ആരാധകർക്കൊപ്പം അല്ലു അർജുന്റെ 6 മണിക്കൂർ; ഒപ്പം ഇൻഷുറൻസ് പരിരക്ഷയും
