Last Updated:
പാക്കറ്റിനുള്ളിൽ അവരുടെ പേരും ഇമെയിൽ ഐഡിയും മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്
വഴിയിൽനിന്നു ലഭിച്ച ഡ്രൈവിംഗ് ലൈസൻസ് കൊറിയർ വഴി ഉടമസ്ഥന് തിരികെ എത്തിച്ചുനൽകി അപരിചിതയായ സ്ത്രീ. നഷ്ടപ്പെട്ടെന്നു കരുതിയ രേഖ സുരക്ഷിതമായി വീട്ടിലെത്തിച്ച സ്ത്രീയുടെ നന്മയെക്കുറിച്ച് അങ്കിത് പാണ്ഡെ എന്ന യുവാവ് എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
ദിവസങ്ങൾക്ക് മുമ്പ് നഷ്ടപ്പെട്ട ഡ്രൈവിംഗ് ലൈസൻസിനായി അങ്കിത് പലയിടങ്ങളിലും തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. എന്നാൽ, കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ വിലാസത്തിലേക്ക് ഒരു കൊറിയർ പാക്കറ്റ് ലഭിക്കുകയായിരുന്നു. ഇത് തുറന്നു പരിശോധിച്ചപ്പോഴാണ് നഷ്ടപ്പെട്ട ഡ്രൈവിംഗ് ലൈസൻസ് കണ്ടെത്തിയത്.
ലൈസൻസ് കണ്ടെടുത്ത സ്ത്രീ അത് സുരക്ഷിതമായി പാക്ക് ചെയ്ത് അങ്കിതിന്റെ വിലാസത്തിലേക്ക് അയക്കുകയായിരുന്നു. പാക്കറ്റിനുള്ളിൽ അവരുടെ പേരും ഇമെയിൽ ഐഡിയും മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്. ഫോൺ നമ്പറോ യുപിഐ ഐഡിയോ ലഭ്യമല്ലാതിരുന്നതിനാൽ, അങ്കിത് നന്ദിസൂചകമായി ഇവർക്ക് ഇമെയിൽ വഴി ഒരു ഫ്ലിപ്കാർട്ട് ഗിഫ്റ്റ് കാർഡ് സമ്മാനമായി നൽകി. തനിക്ക് ലഭിച്ച സഹായത്തിനുള്ള ചെറിയൊരു നന്ദി പ്രകടനമാണിതെന്ന് പിന്നീട് ഇമെയിൽ വഴി അങ്കിത് ഇവരെ അറിയിക്കുകയും ചെയ്തു.
താനുമായി യാതൊരു പരിചയവുമില്ലാതിരുന്നിട്ടും രേഖകൾ കൃത്യമായി വിലാസത്തിൽ എത്തിക്കാൻ കാണിച്ച മനോഭാവത്തിന് അങ്കിത് പോസ്റ്റിലൂടെ നന്ദി അറിയിച്ചു. പങ്കുവെച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് ഈ കുറിപ്പിന് സമൂഹമാധ്യമങ്ങളിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.
New Delhi,New Delhi,Delhi
