Gulf
oi-Ashif N
തെഹ്‌റാന്‍: ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖാംനഇയുടെ വീഡിയോ പുറത്ത്. ആരോഗ്യനില വഷളായി എന്നും ഗുരുതരാവസ്ഥയില്‍ കഴിയുന്നു എന്നും ഇസ്രായേലി മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം വാര്‍ത്ത നല്‍കിയിരുന്നു. ഇതിനുള്ള മറുപടി എന്നോണമാണ് ഇറാനിലെ മെഹര്‍ ന്യൂസ് ഏജന്‍സി വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഇറാന്‍ സര്‍ക്കാരിന്റെ പിന്തുണയുള്ള മാധ്യമമാണ് മെഹര്‍ ന്യൂസ് ഏജന്‍സി.
വീഡിയോയില്‍ കാണുന്ന മുജ്തബയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ല. അണികളുമായി സംസാരിച്ചിരിക്കുന്നതാണ് വീഡിയോ. എന്നാല്‍ ഈ വീഡിയോ എന്ന് എടുത്തതാണ് എന്ന് വ്യക്തമല്ല. വീഡിയോയില്‍ പ്രത്യേക തിയ്യതി സൂചിപ്പിക്കുന്നില്ല. ഇറാനിലെ ഏറ്റവും സമുന്നതനായ വ്യക്തിയാണ് മുജ്തബ ഖാംനഇ. ഇദ്ദേഹം ഇതുവരെ പൊതുരംഗത്ത് എത്തിയിട്ടില്ല.

ഇറാനിലെ എല്ലാ സൈനിക നേതൃത്വങ്ങളും കൊല്ലപ്പെട്ടു എന്ന് നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ഖാംനഇ 90 ശതമാനം മരിച്ച പോലെ ആണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത് നിഷേധിച്ച് ഇറാന്‍ രംഗത്തുവന്നു. മുജ്തബയുടെ പരിക്ക് സാരമല്ല എന്നായിരുന്നു ഇറാനിലെ ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതികരണം.
അലി ഖാംനഇ കൊല്ലപ്പെട്ട ശേഷം രാജ്യത്തിന്റെ പരമോനത നേതാവായി തിരഞ്ഞെടുക്കപ്പെട്ടത് മുജ്തബയെ ആണ്. പക്ഷേ, ഇദ്ദേഹം പൊതുരംഗത്ത് പ്രത്യക്ഷപ്പെടാത്തതാണ് കിംവദന്തികള്‍ക്ക് ഇടയാക്കിയത്. പിതാവിന്റെ സംസ്‌കാര ചടങ്ങിലും മുജ്തബ എത്തിയിരുന്നില്ല. അലി ഖാംനഇയുടെ മറ്റു മക്കള്‍ എല്ലാം ചടങ്ങിന് എത്തിയിരുന്നു.
ഇതിനിടെയാണ് കഴിഞ്ഞ ദിവസം ഇസ്രായേലി മാധ്യമങ്ങള്‍ മുജ്തബയുടെ ആരോഗ്യാവസ്ഥ മോശമായി എന്ന് വാര്‍ത്ത നല്‍കിയത്. ചില മാധ്യമങ്ങള്‍ അദ്ദേഹം അത്യാസന്ന നിലയിലാണെന്നും ആശുപത്രിയിലേക്ക് മാറ്റിയെന്നും വാര്‍ത്ത നല്‍കി. എന്നാല്‍ ഇറാന്‍ സര്‍ക്കാരില്‍ നിന്ന് ഔദ്യോഗിക പ്രതികരണം ഇതുവരെ വന്നിട്ടില്ല. യുദ്ധം നടക്കുന്നതിനാല്‍ രണ്ട് നീക്കങ്ങള്‍ക്കും പിന്നിലും സംശയം പ്രകടിപ്പിക്കുന്നവരുണ്ട്.
മുജ്തബ എവിടെയാണ് എന്ന് അറിയാന്‍ വേണ്ടിയുള്ള ഇസ്രായേലിന്റെ തന്ത്രമായി വാര്‍ത്തകളെ വിലയിരുത്തുന്നവരുണ്ട്. അതേസമയം, യുദ്ധ സാഹചര്യത്തില്‍ സുരക്ഷയുടെ ഭാഗമായി പുറത്തുവരാതിരിക്കുകയാണ് മുജ്തബ ചെയ്യുന്നത് എന്ന് നിരീക്ഷിക്കുന്നവരുമുണ്ട്. അദ്ദേഹത്തിന്റെതായി ഇടയ്ക്ക് സന്ദേശങ്ങള്‍ പുറത്തുവരാറുണ്ടെങ്കിലും മാധ്യമങ്ങള്‍ക്ക് മുമ്പില്‍ എത്തുകയോ പരസ്യപ്രതികരണം നടത്തുകയോ ചെയ്തിട്ടില്ല. ഇറാന്‍ സൈന്യത്തിലെ വളരെ ചുരുക്കം ചിലര്‍ക്ക് മാത്രമേ മുജ്തബയുമായി സംസാരിക്കാന്‍ അനുമതിയുള്ളൂ എന്നാണ് ചില റിപ്പോര്‍ട്ടുകള്‍. ഇത്തരം പല പ്രചരങ്ങള്‍ നടക്കവെയാണ് മുജ്തബയുടെ വീഡിയോ പുറത്തുവന്നിരിക്കുന്നത്.