Headlines

അജസുന്ദരി സിനിമയുടെ ഭാഗമായി വ്യാപാരികൾക്ക് ലക്ഷങ്ങളുടെ നഷ്‌ടം വരുത്തിയെന്ന് പരാതി; വിശദീകരണവുമായി ആഷിഖ് അബു | സിനിമാ വാർത്ത


Last Updated:

ജോജു ജോർജ്, ലിജോമോൾ എന്നിവർ പ്രധാനകഥാപാത്രങ്ങളാവുന്ന സിനിമയുടെ ചിത്രീകരണ വേളയിലാണ് സംഭവം

അജസുന്ദരി
അജസുന്ദരി

സിനിമ ഷൂട്ടിങ്ങിനായി പ്രാദേശിക വ്യാപാരികളുടെ പക്കൽ നിന്നും ലക്ഷക്കണക്കിന് രൂപയുടെ വസ്തുക്കൾ വാങ്ങി പണം നൽകാതെ വഞ്ചിച്ചു എന്ന പരാതിയിന്മേൽ ആഷിഖ് അബുവിന്റെ വിശദീകരണം. കോഴിക്കോട്ടെ വിലങ്ങാടുള്ള നാല് വ്യാപാരികൾക്കാണ് വമ്പൻ കടബാധ്യത ഉണ്ടായത്. ‘അജസുന്ദരി’ എന്ന സിനിമയുടെ ഷൂട്ടിംഗ് സമയവുമായി ബന്ധപ്പെട്ടുള്ള വിവാദമാണിത്. ജോജു ജോർജ്, ലിജോമോൾ എന്നിവർ പ്രധാനകഥാപാത്രങ്ങളാവുന്ന സിനിമയുടെ ചിത്രീകരണ വേളയിലാണ് സംഭവം. ആഷിഖ് അബുവിന്റെ നേതൃത്വത്തിലെ ഒപിഎം സിനിമാസ് പണം നൽകുന്നതിൽ വീഴ്ച വരുത്തിയെന്നാണ് പരാതി. ഒപിഎം സിനിമാസ് പോസ്റ്റ് ചെയ്ത ഔദ്യോഗിക വിശദീകരണം ചുവടെ:

‘‘വിലങ്ങാടുള്ള പ്രാദേശിക വ്യാപാരികള്‍ക്ക് ഒപിഎം സിനിമാസ് പണം നൽകുന്നതിൽ വീഴ്ച വരുത്തിയെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ഒരു വിശദീകരണം നൽകാൻ ആഗ്രഹിക്കുന്നു.

വിലങ്ങാട് നടന്ന അജസുന്ദരി എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ (2025 ഡിസംബർ മുതൽ 2026 ഫെബ്രുവരി വരെ) യൂണിറ്റിന്റെ ഭക്ഷണച്ചുമലതകൾക്കായി വടകര സ്വദേശിയായ സജിത് എൻ–നെയാണ് ഒപിഎം സിനിമാസ് ചുമലതപ്പെടുത്തിയിരുന്നത്. സാധനങ്ങൾ വാങ്ങുന്നതും പ്രാദേശിക വ്യാപാരികളുടെ കുടിശ്ശിക തീർക്കുന്നതും ഇദ്ദേഹത്തിന്റെ ഉത്തരവാദിത്തമായിരുന്നു.

15 ബാങ്ക് ഇടപാടുകളിലായി 25 ലക്ഷം രൂപ ഞങ്ങൾ സജിത്തിന് കൈമാറിയിട്ടുണ്ട്. ഇതിന്റെ കൃത്യമായ രേഖങ്ങൾ ഞങ്ങളുടെ പക്കലുണ്ട്. സജിത്തിന് മുഴുവൻ തുകയും ലഭിച്ചിട്ടും അദ്ദേഹം വ്യാപാരികൾക്ക് നൽകിയില്ല.

വ്യാപാരികളുടെ പരാതി ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ സജിത്തിന് നൽകാനുള്ള അവസാന ഗഡു ഞങ്ങൾ തടഞ്ഞു വയ്ക്കുകയും ഫെഫ്ക, കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എന്നിവിടങ്ങളിൽ ഔദ്യോഗികമായി പരാതി നൽകുകയും ചെയ്തു. സാമ്പത്തിക ക്രമക്കേടിന് സജിത്തിനെതിരെ ഇന്നലെ കോഴിക്കോട് വളയം പൊലീസ് സ്റ്റേഷനിൽ ഞങ്ങൾ പരാതി നൽകിയിട്ടുണ്ട്.

നിയപരമായ തെറ്റ് ആരുടെ ഭാഗത്തായാലും വിലങ്ങാടുള്ള ഓരോ വ്യാപാരിക്കും പണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ ഒപിഎം സിനിമാസ് പൂർണമായും ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ബാധിക്കപ്പെട്ട വ്യാപാരികളിൽ നിന്ന് ബില്ലുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ശേഖരിക്കാൻ ഞങ്ങൾ ആരംഭിച്ചു കഴിഞ്ഞു. എല്ലാ കുടിശ്ശികകളും ഞങ്ങൾ നേരിട്ട് തീർപ്പാക്കുന്നതാണ്. വിലങ്ങാടിലെ ‍ജനങ്ങൾ ചിത്രീകരണ വേളയിൽ ഞങ്ങൾക്ക് നൽകിയ വിശ്വാസവും സ്നേഹവും പിന്തുണയും വലുതാണ്. അവരെ ഞങ്ങൾ ഒരിക്കലും കൈവിടില്ല.’’

മലയാളം വാർത്തകൾ/ വാർത്ത/Film/

അജസുന്ദരി സിനിമയുടെ ഭാഗമായി വ്യാപാരികൾക്ക് ലക്ഷങ്ങളുടെ നഷ്‌ടം വരുത്തിയെന്ന് പരാതി; വിശദീകരണവുമായി ആഷിഖ് അബു



Source link

Leave a Reply

Your email address will not be published. Required fields are marked *