Headlines

അച്ഛനെവിടെയെന്ന് വിജയ്, വീട്ടിൽപ്പോയി അമ്മയോട് ചോദിക്കൂയെന്ന് ബിജെപി അധ്യക്ഷൻ, വിവാദം |“Where is your father?” Vijay asks; BJP president Nainar Nagendran replies, “Go home and ask your mother,” sparking controversy.


India

oi-Sajitha Gopie

ചെന്നൈ: മുഖ്യമന്ത്രി വിജയുടെ അമ്മയെ പരാമര്‍ശിച്ച് പ്രതികരണം നടത്തി വിവാദത്തിലായി തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്‍. നിയമസഭയില്‍ ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിനെ ഉന്നം വെച്ച് വിജയ് ആവര്‍ത്തിച്ച് ഉന്നയിക്കാറുളള അപ്പ എങ്കെ ( അച്ഛന്‍ എവിടെ) എന്ന ചോദ്യം പരാമര്‍ശിച്ചാണ് ബിജെപി അധ്യക്ഷന്റെ വിവാദ പ്രതികരണം.

അച്ഛന്‍ എവിടെ അച്ഛന്‍ എവിടെ എന്ന് നിയമസഭയില്‍ ആവര്‍ത്തിച്ച് ചോദിച്ചത് കൊണ്ട് എന്ത് കാര്യമാണ് ഉളളത്. വീട്ടില്‍ പോയി നിങ്ങളുടെ അമ്മയോട് ചോദിക്കൂ. അപ്പോള്‍ അമ്മ പറഞ്ഞ് തരും അച്ഛന്‍ എവിടെയുണ്ട് എന്നത്. അല്ലാതെ നിയമസഭയില്‍ അച്ഛനെ അന്വേഷിച്ചാല്‍ ആര്‍ക്കാണ് അറിയുക എന്നാണ് നൈനാര്‍ നാഗേന്ദ്രന്‍ പറഞ്ഞത്.

ബിജെപി അധ്യക്ഷന്റെ പ്രതികരണം പുറത്ത് വന്നതോടെ ടിവികെ നേതാക്കള്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് എത്തി. ഒരു നേതാവിന്റെ പദവിക്ക് ചേരാത്ത തരത്തിലുളള സംസ്‌ക്കാര ശൂന്യവും അധിക്ഷേപകരവുമായ പരാമര്‍ശമാണ് നാഗേന്ദ്രനില്‍ നിന്നുമുണ്ടായത് എന്നും ശക്തമായി അപലപിക്കുന്നുവെന്നും ടിവികെ മന്ത്രി രാജ് മോഹന്‍ പ്രതികരിച്ചു.

Vijay

ബിജെപി മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈയും വിമര്‍ശനവുമായി രംഗത്ത് വന്നിട്ടുണ്ട്. രാഷ്ട്രീയ മര്യാദയുടെ അതിരുകള്‍ ഭേദിക്കുന്ന പ്രസ്താവനയാണ് നാഗേന്ദ്രന്റെ ഭാഗത്ത് നിന്ന് ഉണ്ടായത് എന്ന് എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ അണ്ണാമലൈ കുറ്റപ്പെടുത്തി. രാഷ്ട്രീയപരമായിട്ടുളള വിമര്‍ശനങ്ങളും സര്‍ക്കാരിനെ ചോദ്യം ചെയ്യലുമെല്ലാം ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണ്. എന്നാല്‍ നേതാക്കളുടെ കുടുംബങ്ങള്‍ക്ക് എതിരെ പ്രത്യേകിച്ച് അവരുടെ അമ്മമാര്‍ക്ക് എതിരെ നടത്തുന്ന വ്യക്തിയധിക്ഷേപങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കാത്തതാണ്, കെ അണ്ണാമലൈ പ്രതികരിച്ചു. നൈനാര്‍ നാഗേന്ദ്രന്‍ പരസ്യമായി മാപ്പ് പറയണം എന്ന് വിസികെ നേതാവ് വണ്ണിയരസ് ആവശ്യപ്പെട്ടു.

അധിക്ഷേപ പരാമര്‍ശത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന് എതിരെ ചെന്നൈ സ്വദേശിയായ അഭിഭാഷക പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. ഡിഎംകെയെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചതിന് ശേഷം വിജയ് നടത്തിയ പ്രസംഗത്തിലാണ് സ്റ്റാലിനെ പരോക്ഷമായി പരിഹസിച്ച് കൊണ്ടുളള അച്ഛന്‍ പ്രയോഗം ആദ്യമായി ഉണ്ടായത്. കൊളത്തൂര്‍ മണ്ഡലത്തില്‍ നിന്നും പരാജയപ്പെട്ട സ്റ്റാലിന്‍ സഭയില്‍ ഇല്ലാത്തത് പരാമര്‍ശിച്ചായിരുന്നു അച്ഛന്‍ എവിടെ എന്നുളള വിജയുടെ പരിഹാസം. ഇത് ആ സമയം വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.



Source link

Leave a Reply

Your email address will not be published. Required fields are marked *