നവാസുദ്ദീനെ പരാമർശിച്ചുകൊണ്ട് ദിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചത് ഇങ്ങനെയായിരുന്നു: “ഇദ്ദേഹത്തോടൊപ്പം ജോലി ചെയ്യുന്നത് ഒരു പേടിസ്വപ്നമാണ്! സംസാരിക്കാൻ പോലും മര്യാദയില്ല. അഹങ്കാരമാകട്ടെ അതിരുകടന്നതും. തീർത്തും മോശമായ പെരുമാറ്റം. @nawazuddin._siddiqui”
ദിയയുടെ കുറിപ്പിന് നവാസുദ്ദീൻ നൽകിയ മറുപടിയും ശ്രദ്ധേയമായി. “പെരുമാറ്റത്തിൽ കുറ്റം കണ്ടെത്താൻ എളുപ്പമാണ്. എന്നാൽ ജോലിയുടെ കാര്യത്തിൽ എന്തെങ്കിലും കുറ്റം കണ്ടെത്തി കാണിക്കൂ,” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതിന് “അത് ഒട്ടും സാധ്യമല്ല!!!” എന്നായിരുന്നു ദിയയുടെ മറുപടി. ഇരുവരുടെയും സംഭാഷണത്തിലെ ഈ സൗഹൃദപരമായ പ്രതികരണങ്ങളാണ് സംഭവം തമാശരൂപത്തിലുള്ള പ്രചാരണത്തിന്റെ ഭാഗമാണെന്ന സംശയത്തിന് ഇടയാക്കിയത്.
ഇതോടെ ദിയയുടെ പോസ്റ്റിനെ വിമർശിച്ച് നിരവധി സമൂഹമാധ്യമ ഉപയോക്താക്കൾ രംഗത്തെത്തി. ഇത്തരം പ്രചാരണ തന്ത്രങ്ങൾ പ്രേക്ഷകർക്ക് എളുപ്പത്തിൽ തിരിച്ചറിയാനാകുമെന്നും താരങ്ങളുടെ പിആർ സംഘങ്ങൾ കൂടുതൽ പുതുമയുള്ള മാർഗങ്ങൾ കണ്ടെത്തണമെന്നും ഒരാൾ അഭിപ്രായപ്പെട്ടു.
“ഇന്നത്തെ പ്രേക്ഷകർ ഇത്തരം പ്രചാരണ തന്ത്രങ്ങൾ തിരിച്ചറിയാൻ മിടുക്കരാണ്. പിആർ സംഘങ്ങൾ കൂടുതൽ പുതുമയുള്ളതും വ്യത്യസ്തവുമായ വഴികൾ കണ്ടെത്തണം. അല്ലാത്തപക്ഷം താരങ്ങളുടെ ആത്മാർഥമായ കുറിപ്പുകളെയും പ്രധാനപ്പെട്ട അറിയിപ്പുകളെയും പോലും ആളുകൾ സംശയത്തോടെ കാണാൻ തുടങ്ങും. എല്ലാം പ്രചാരണമാണെന്ന് അവർ കരുതിയേക്കാം,” എന്നായിരുന്നു കമന്റ്.
“സുഹൃത്തുക്കളേ, ഇതൊരു പ്രചാരണ തന്ത്രം മാത്രമാണെന്ന് എനിക്ക് ഉറപ്പുണ്ട്. ഇവരുടെ പുതിയ തന്ത്രമാണിത്,” എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.
“ഇതെന്താണ് പുതിയ വിവാദം? സിനിമയുടെ പ്രചാരണത്തിനായി ഇത്തരം തന്ത്രങ്ങൾ ഉപയോഗിക്കുന്നത് കാണുമ്പോൾ അസ്വസ്ഥത തോന്നുന്നു,” എന്നായിരുന്നു മറ്റൊരു കമന്റ്.
ദിയയുടെ വ്യക്തിത്വത്തിന് ഇത്തരം പരാമർശങ്ങൾ ചേരില്ലെന്നും ഇത് ഏതെങ്കിലും പുതിയ സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായിരിക്കാമെന്നും ചിലർ അഭിപ്രായപ്പെട്ടു. ഇരുവരും ഒന്നിക്കുന്ന പുതിയൊരു ചിത്രത്തിന്റെ പ്രഖ്യാപനം ഉടൻ ഉണ്ടായേക്കാമെന്നും ചിലർ കമന്റ് ചെയ്തു. എന്നാൽ, ഇത് സിനിമയുടെ പ്രചാരണമാണെന്ന കാര്യത്തിൽ ഇരുവരും ഔദ്യോഗികമായി സ്ഥിരീകരണം നൽകിയിട്ടില്ല.
ആദിത്യ കൃപലാനി സംവിധാനം ചെയ്ത ‘മെയിൻ ആക്ടർ നഹി ഹൂം’ (Main Actor Nahin Hoon) ആണ് നവാസുദ്ദീൻ സിദ്ദിഖിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. 2026 മേയ് എട്ടിനായിരുന്നു ചിത്രത്തിന്റെ റിലീസ്.
ഇഷാൻ ശർമ ആദ്യമായി സംവിധാനം ചെയ്യുന്ന ‘കബൂത്തർ’ (Kabootar) എന്ന ചിത്രത്തിൽ നവാസുദ്ദീൻ പ്രധാന വേഷത്തിലെത്തുന്നു. പഴയ ഡൽഹിയിലെ തെരുവുകളിൽ പ്രവർത്തിക്കുന്ന മെഹ്ബൂബ് എന്ന കുറ്റാന്വേഷകനായാണ് താരം ചിത്രത്തിൽ അഭിനയിക്കുന്നത്.
തിഗ്മാൻഷു ധൂലിയ സംവിധാനം ചെയ്യുന്ന സംഗീതത്തിന് പ്രാധാന്യമുള്ള ത്രില്ലർ ചിത്രം ‘വോ ഫിർ കഭി ദിഖാ നഹി’ (Woh Phir Kabhi Dikha Nahi), ഡാർക്ക് കോമഡി ചിത്രമായ ‘ബ്ലൈൻഡ് ബാബു’ (Blind Babu) എന്നിവയും താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഇതിനു പുറമെ, നിർമാണത്തിലിരിക്കുന്ന ‘തുംബാദ് 2’ (Tumbbad 2) വിലും നവാസുദ്ദീൻ ഭാഗമാകുന്നുണ്ട്.
സണ്ണി ഡിയോൾ, അക്ഷയ് ഖന്ന, തിലോത്തമ ഷോം എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ‘ഇക്ക’ (Ikka) എന്ന ഒടിടി ചിത്രത്തിലാണ് ദിയ മിർസയെ അവസാനമായി കണ്ടത്. സിദ്ധാർഥ് പി. മൽഹോത്ര സംവിധാനം ചെയ്ത് നിർമിച്ച ചിത്രം നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്.