Last Updated:
16 പേർക്കാണ് ഫിൻലാൻഡിലേക്ക് യാത്ര പൂർണ്ണമായും സൗജന്യമായി നൽകുന്നത്
ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായ ഫിൻലാൻഡിൽ പോയി വരാൻ ആഗ്രഹിക്കുന്ന സിംഗിൾസ് ആണോ നിങ്ങൾ? എങ്കിൽ സൗജന്യമായി രാജ്യം ചുറ്റിക്കാണാനും ഒപ്പം ആഗ്രഹിച്ചാൽ ഒരു പ്രണയം കണ്ടെത്താനും അവസരമൊരുക്കുകയാണ് ഫിൻലാൻഡ്. ‘വിസിറ്റ് ഫിൻലാൻഡ്’ എന്ന ടൂറിസം ഏജൻസി പ്രഖ്യാപിച്ച ‘ഫിന്നിഷ് ഡിന്നർ ഡേറ്റ്’ എന്ന പദ്ധതിയിലൂടെയാണ് തിരഞ്ഞെടുത്ത സിംഗിൾസിന് ഈ അപൂർവ്വ അവസരം ലഭിക്കുന്നത്.
16 പേർക്കാണ് ഫിൻലാൻഡിലേക്ക് യാത്ര പൂർണ്ണമായും സൗജന്യമായി നൽകുന്നത്. 2027 ഫെബ്രുവരി 9 മുതൽ 19 വരെയുള്ള ദിവസങ്ങളിലായി എട്ട് പേർ വീതം ഫിൻലാൻഡിലെ പ്രധാന നഗരങ്ങളായ ഹെൽസിങ്കി, തമ്പെരെ എന്നിവിടങ്ങൾ സന്ദർശിക്കും. വിമാന ടിക്കറ്റ്, താമസം, ഭക്ഷണം, സാംസ്കാരിക പരിപാടികൾ, കാഴ്ചകൾ കാണൽ എന്നിവയെല്ലാം ടൂറിസം ഏജൻസി സൗജന്യമായി ഉറപ്പുനൽകുന്നു.
ഫിൻലാൻഡിന്റെ പാരമ്പര്യ ഭക്ഷണ സംസ്കാരം ലോകത്തിന് പരിചയപ്പെടുത്തുന്നതിനൊപ്പം പ്രദേശത്തെ സിംഗിൾസുമായി കണ്ട് സംസാരിക്കാനുള്ള അവസരവും ഈ യാത്രയിലൂടെ ലഭിക്കും. രാജ്യത്തെ പ്രമുഖ ഷെഫുമാർ ഒരുക്കുന്ന വിഭവങ്ങളോടെയുള്ള ഗ്രൂപ്പ് ഡിന്നറുകളാണ് യാത്രയുടെ പ്രധാന ആകർഷണം.
സൂപ്പർമാർക്കറ്റുകളിൽ ഷോപ്പിംഗിനായി പോകുമ്പോൾ പിങ്ക് ബാസ്കറ്റുകൾ (Sinkkukori) ഉപയോഗിച്ച് തങ്ങൾ സിംഗിൾ ആണെന്നും പുതിയ ബന്ധങ്ങൾക്ക് താല്പര്യമുണ്ടെന്നും വ്യക്തമാക്കുന്ന ഫിൻലാൻഡിലെ വൈറൽ ഡേറ്റിംഗ് ട്രെൻഡിൽ നിന്നാണ് ഇത്തരമൊരു ആശയം ഉരുത്തിരിഞ്ഞത്. എന്നാൽ, ഈ യാത്രയിലൂടെ പങ്കാളിയെ കണ്ടെത്താനാകുമെന്ന് സംഘാടകർ ഉറപ്പുനൽകുന്നില്ലെങ്കിലും ഫിന്നിഷ് വിഭവങ്ങളും സൌന (Sauna) സംസ്കാരവും അനുഭവിച്ചറിയാൻ സാധിക്കുമെന്ന് വ്യക്തമാക്കുന്നു.
ആർക്കൊക്കെ അപേക്ഷിക്കാം? എങ്ങനെ പങ്കെടുക്കാം?
- ഫിൻലാൻഡ് പൗരന്മാരല്ലാത്ത, ലോകത്തിന്റെ ഏത് ഭാഗത്തുനിന്നുമുള്ള 18 വയസ്സിന് മുകളിൽ പ്രായമുള്ള സിംഗിൾസിന് അപേക്ഷിക്കാം.
- “ഒരു ഡിന്നർ ഡേറ്റിൽ നിങ്ങൾ എന്താണ് വിളമ്പുക, എന്തുകൊണ്ട്?” (What would you serve on a dinner date, and why?) എന്ന ചോദ്യത്തിന് ഉത്തരം നൽകുന്ന ഒരു ചെറിയ ഇംഗ്ലീഷ് വീഡിയോ റെക്കോർഡ് ചെയ്യുക.
- ഈ വീഡിയോ #FinnishDinnerDate എന്ന ഹാഷ്‌ടാഗോടെ ഇൻസ്റ്റാഗ്രാം, ടിക് ടോക് അല്ലെങ്കിൽ യൂട്യൂബിൽ വിസിറ്റ് ഫിൻലാൻഡിനെ ടാഗ് ചെയ്ത് പോസ്റ്റ് ചെയ്യുക.
- തുടർന്ന് വിസിറ്റ് ഫിൻലാൻഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈൻ ഫോം പൂരിപ്പിച്ച് വീഡിയോ ലിങ്ക് സമർപ്പിക്കുക.
ക്രിയേറ്റിവിറ്റിയും ആത്മാർത്ഥതയും മുൻനിർത്തിയായിരിക്കും വിജയികളെ തിരഞ്ഞെടുക്കുക. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2026 നവംബർ 10 ആണ്. തിരഞ്ഞെടുക്കപ്പെടുന്ന 16 പേരെ 2026 ഡിസംബർ ഒന്നിന് വിസിറ്റ് ഫിൻലാൻഡിന്റെ സോഷ്യൽ മീഡിയ ചാനലുകൾ വഴി പ്രഖ്യാപിക്കും.
