Headlines

പൂർണമായും കാടിനുള്ളിൽ ചിത്രീകരിക്കുന്ന പുതുമുഖ നായികയുടെ ചിത്രം; ആരണ്യകാണ്ഡത്തിന് വിജയദശമി ദിനത്തിൽ തുടക്കം | സിനിമാ വാർത്ത


ജയൻ വന്നേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ആരണ്യകാണ്ഡ’ത്തിന് വിജയദശമി ദിനമായ ഒക്ടോബർ 21 ബുധനാഴ്ച തുടക്കമായി. പോംപി എന്റർടെയ്ൻമെന്റ്സിന്റെയും ഫ്ലയിങ് കളേഴ്സ് എന്റർടെയ്ൻമെന്റ്സിന്റെയും ബാനറിൽ നിർമിക്കുന്ന ചിത്രത്തിന്റെ പൂജാചടങ്ങ് കൊച്ചി ഇടപ്പള്ളി അഞ്ചുമന ദേവീക്ഷേത്രത്തിൽ നടന്നു.

പൂർണമായും വനത്തിന്റെ പശ്ചാത്തലത്തിലാണ് ആരണ്യകാണ്ഡം എന്ന ചിത്രത്തിന്റെ കഥ വികസിക്കുന്നത്. കാടിന്റെ വന്യതയും നിഗൂഢതയും ആകാംക്ഷയും സമന്വയിക്കുന്ന വ്യത്യസ്തമായ ചലച്ചിത്രാനുഭവമായിരിക്കും ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുക. കടുവയുടെ കണ്ണുകളിൽ പ്രതിഫലിക്കുന്ന തീപ്പന്തമേന്തിയ പെൺകുട്ടിയുടെ രൂപം ഉൾപ്പെടുത്തിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനകം വലിയ പ്രതീക്ഷയാണ് നൽകുന്നത്.

മനുഷ്യന്റെ ഉള്ളിലെ കാടിന്റെ കഥ

മനുഷ്യന്റെ ഉൽപ്പത്തിക്കും പരിണാമത്തിനും സാക്ഷിയായ ഇരുണ്ട വനഭൂമികൾ… പിന്നീട് കാടിനുമേൽ ആധിപത്യം സ്ഥാപിച്ച് മനുഷ്യൻ സ്വന്തം സാമ്രാജ്യം കെട്ടിപ്പടുത്തു. കാടുകൾ നശിപ്പിക്കപ്പെട്ടു; വന്യമൃഗങ്ങൾ അവയുടെ ആവാസവ്യവസ്ഥയിൽനിന്ന് അനാഥരായി. അതേസമയം, മനുഷ്യന്റെ ഉള്ളിൽ മറ്റൊരു കൊടുംകാട് രൂപപ്പെട്ടു. അവിടെ വന്യമൃഗങ്ങൾ സ്വതന്ത്രമായി വിഹരിക്കുന്നു.

ഓരോ മനുഷ്യന്റെയും ഉള്ളിൽ നിഗൂഢതകൾ ഒളിപ്പിച്ചുവെച്ച, അപകടങ്ങൾ പതിയിരിക്കുന്ന, അത്ഭുതങ്ങൾ നിറഞ്ഞ ഒരു കൊടുംകാടുണ്ട്. ഒരാളെ യഥാർഥത്തിൽ അറിയുകയെന്നാൽ അയാളുടെ ഉള്ളിലെ കാടിനെ അറിയുക എന്നതാണ്. ആ വനാന്തരങ്ങളിൽ പോരാടുക എന്നതും അതിന്റെ ഭാഗമാണ്. അത്തരമൊരു പോരാട്ടത്തിന്റെ കഥയാണ് ആരണ്യകാണ്ഡം പറയുന്നത്.

കടുവയും പ്രധാന കഥാപാത്രമായി എത്തുന്നു

ചിത്രത്തിൽ ഒരു കടുവ മുഴുനീള കഥാപാത്രമായി എത്തുന്നു എന്നതും ശ്രദ്ധേയമാണ്. കഥയുടെ ആഖ്യാനത്തിൽ കടുവയ്ക്ക് ഏറെ പ്രാധാന്യമുണ്ടെന്നാണ് അണിയറവൃത്തങ്ങൾ നൽകുന്ന സൂചന.

വിഎഫ്എക്സിന് പ്രാധാന്യം

വിഷ്വൽ ഇഫക്ട്സിന് (VFX) ഏറെ പ്രാധാന്യമുള്ള ചിത്രം കൂടിയാണ് ആരണ്യകാണ്ഡം. ഹൈദരാബാദിലെ പ്രശസ്തമായ ഒരു കമ്പനിക്കാണ് ചിത്രത്തിന്റെ വിഎഫ്എക്സ് ജോലികളുടെ ചുമതല.

അഞ്ജലി രാജ് നായിക; സൂര്യ കൃഷ് നായകൻ

പുതുമുഖം അഞ്ജലി രാജാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൂര്യ കൃഷ് ആണ് ചിത്രത്തിലെ നായകൻ.

മാർട്ടിൻ മുരുകൻ, ഡിനീഷ് ആലപ്പുഴ, പ്രമോദ് വെളിയനാട്, മേജർ രവി, മനോജ് കെ.യു., സാജൻ സുദർശനൻ, കാർത്തി ശ്രീകുമാർ, അനിൽ ലളിതാംബിക എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മലയാളത്തിലെ പ്രമുഖ സാങ്കേതിക വിദഗ്ദരാണ് ചിത്രത്തിൻ്റെ പിന്നിൽ പ്രവർത്തിക്കുന്നത്.

സംഗീതം- ഗോപി സുന്ദർ, ഛായാഗ്രഹണം – ജോമോൻ തോമസ്, എഡിറ്റിംഗ് – സോബിൻ കെ. സോമൻ., പ്രൊഡക്‌ഷൻ ഡിസൈനർ – മനു ജഗത്, കോസ്റ്റ്യം ഡിസൈൻ- അനീഷ് തൊടുപുഴ, മേക്കപ്പ് – ജോൺ വിക്ടർ, വി.എഫ്.എക്സ്. സൂപ്പർവൈസർ – അരുൺ ലാൽ, വി.എഫ്.എക്സ്. പ്രൊഡ്യൂസർ – ഗായത്രി പന്തലങ്ങട്ടിൽ, സ്റ്റിൽസ്- റഫീഖ് പട്ടേരി, കൺട്രോളർ- പ്രവീൺ എടവണ്ണപ്പാറ.

നവംബർ അഞ്ചു മുതൽ ചിത്രീകരണമാരംഭിക്കുന്ന ചിത്രം പാലക്കാട് ധോണി, വാഗമൺ, ബാംഗ്ളൂർ എന്നിവിടങ്ങളിലായി പൂർത്തിയാകും. അഞ്ചു ഭാഷകളിലായാണ് ചിത്രമെത്തുന്നത്. പി.ആർ.ഒ.- വാഴൂർ ജോസ് .



Source link

Leave a Reply

Your email address will not be published. Required fields are marked *