Last Updated:
ബെയർ ഗ്രിൽസ് അവതാരകനായ ‘ഇൻടു ദ വൈൽഡ് വിത്ത് ബെയർ ഗ്രിൽസ്’ എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അക്ഷയ് കുമാർ
തന്റെ ജീവിതത്തിൽ ഏറ്റവും വലിയ സ്വാധീനം ചെലുത്തിയ വ്യക്തി പിതാവാണെന്ന് ബോളിവുഡ് താരം അക്ഷയ് കുമാർ. പിതാവ് പകർന്നുനൽകിയ മൂല്യങ്ങളും ജീവിതപാഠങ്ങളും ഇന്നും പിന്തുടരുന്ന താൻ, മകൻ ആരവും അവ സ്വായത്തമാക്കണമെന്ന് ആഗ്രഹിക്കുന്നതായും വ്യക്തമാക്കി.
ബെയർ ഗ്രിൽസ് അവതാരകനായ ‘ഇൻടു ദ വൈൽഡ് വിത്ത് ബെയർ ഗ്രിൽസ്’ എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അക്ഷയ് കുമാർ. ജീവിതത്തിൽ തന്നെ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തി ആരാണെന്ന ഗ്രിൽസിന്റെ ചോദ്യത്തിന്, തന്റെ പിതാവിന്റെ ജീവിതപാഠങ്ങളാണ് തന്നെ രൂപപ്പെടുത്തിയതെന്ന് താരം മറുപടി നൽകി.
“എന്റെ ജീവിതത്തിൽ സ്വാധീനം ചെലുത്തിയ ഒരേയൊരു വ്യക്തി എന്റെ പിതാവാണ്. അദ്ദേഹം എന്നെ പഠിപ്പിച്ച കാര്യങ്ങളും ജീവിതത്തിൽ പാലിക്കേണ്ട നിയമങ്ങളും ഞാൻ പിന്തുടർന്നിട്ടുണ്ട്. എന്റെ മകനും ആ മൂല്യങ്ങൾ പകർന്നുകിട്ടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു,” അക്ഷയ് കുമാർ പറഞ്ഞു.
സൈനികർക്കും വിരമിച്ച സൈനികർക്കും വേണ്ടി നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളോടുള്ള തന്റെ താൽപര്യത്തെക്കുറിച്ചും അക്ഷയ് കുമാർ പരിപാടിയിൽ വിശദീകരിച്ചു. പിതാവ് സൈന്യത്തിൽ സേവനമനുഷ്ഠിച്ചിരുന്നതിനാലാണ് യൂണിഫോം ധരിക്കുന്നവരോട് തനിക്ക് പ്രത്യേക ആദരവും അടുപ്പവുമുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.
“അതിനെല്ലാം കാരണം എന്റെ പിതാവ് സൈന്യത്തിലായിരുന്നുവെന്നതാണ്. യൂണിഫോം ധരിക്കുന്നവരോട് എനിക്ക് വലിയ ഇഷ്ടമാണ്. അവരുമായി എനിക്ക് പ്രത്യേകമായൊരു അടുപ്പമുണ്ട്,” താരം പറഞ്ഞു.
രക്തസാക്ഷികളായ സൈനികരുടെ കുടുംബങ്ങളെ സഹായിക്കുന്നതിനായി രൂപീകരിച്ച ‘ഭാരത് കേ വീർ’ പദ്ധതിയെക്കുറിച്ചും അക്ഷയ് കുമാർ സംസാരിച്ചു. ഈ സംവിധാനത്തിലൂടെ രക്തസാക്ഷികളുടെ കുടുംബങ്ങൾക്ക് നേരിട്ട് സാമ്പത്തിക സഹായം നൽകാൻ സാധിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു. സർക്കാർ പിന്തുണയുള്ള സംവിധാനമാണെങ്കിലും സംഭാവനകൾ നേരിട്ട് കുടുംബങ്ങളിലേക്കാണ് എത്തുന്നതെന്നും സഹായം നൽകിയ വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങൾ കുടുംബങ്ങൾക്ക് അറിയാൻ കഴിയുമെന്നും താരം പറഞ്ഞു.
മകൻ ആരവിന്റെ വ്യക്തിത്വത്തെയും ജീവിതത്തോടുള്ള സമീപനത്തെയും കുറിച്ചും അക്ഷയ് കുമാർ മനസ്സുതുറന്നു. താരപുത്രനെന്ന വിശേഷണത്തിൽ ഒതുങ്ങാതെ സ്വന്തം വ്യക്തിത്വം രൂപപ്പെടുത്താനും പൊതുശ്രദ്ധയിൽനിന്ന് അകന്നുനിൽക്കാനുമാണ് മകൻ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
“എന്റെ മകൻ തികച്ചും വ്യത്യസ്തനാണ്. താൻ എന്റെ മകനാണെന്ന് മറ്റുള്ളവരോട് പറയാൻ പോലും അവന് താൽപര്യമില്ല. പ്രശസ്തിയുടെ വെളിച്ചത്തിൽനിന്ന് മാറിനിന്ന് സ്വന്തമായൊരു വ്യക്തിത്വം കെട്ടിപ്പടുക്കാനാണ് അവൻ ആഗ്രഹിക്കുന്നത്. അതാണ് അവന്റെ രീതി. എനിക്ക് അത് മനസ്സിലാക്കാൻ കഴിയും. അതുകൊണ്ടുതന്നെ, അവൻ ആഗ്രഹിക്കുന്ന രീതിയിൽ ജീവിക്കാൻ ഞാൻ അവന് സ്വാതന്ത്ര്യം നൽകുന്നു,” അക്ഷയ് കുമാർ വ്യക്തമാക്കി.
Summary: Bollywood actor Akshay Kumar has revealed that his father is the only person who has profoundly influenced his life. Speaking on Into the Wild with Bear Grylls, he said he continues to follow the values and principles taught by his father and hopes his son, Aarav, will embrace them too. Akshay attributed his deep respect for people in uniform to his father’s service in the army. He also highlighted the Bharat Ke Veer initiative, which supports families of martyred soldiers. Discussing Aarav, Akshay said his son prefers privacy and wants to build an independent identity away from the limelight
