Last Updated:
15 ദിവസത്തിനകം ഡോക്ടർക്കെതിരെ കുറ്റപത്രം നൽകുമെന്നും തുടർന്ന് വകുപ്പുതല അന്വേഷണം പൂർത്തിയാക്കുമെന്നും ഭരണകൂടം അറിയിച്ചിട്ടുണ്ട്.
പോസ്റ്റ്‌മോർട്ടം റൂമിൽ മദ്യപാർട്ടി നടത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് മഹാരാഷ്ട്രയിലെ മുൻസിപ്പൽ ആശുപത്രിയിലെ ഡോക്ടറെ സസ്പെൻഡ് ചെയ്തു. പൊതുജനങ്ങളിൽ നിന്നുണ്ടായ കടുത്ത പ്രതിഷേധത്തെത്തുടർന്ന് പിംപ്രി-ചിഞ്ച്‌വാഡ് മുനിസിപ്പൽ കോർപ്പറേഷൻ (പി.സി.എം.സി) സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
യശ്വന്ത്റാവു ചവാൻ മെമ്മോറിയൽ (വൈ.സി.എം) ആശുപത്രിയിൽ സേവനമനുഷ്ഠിച്ചിരുന്ന ഡോ. വൈഭവ് അവിനാഷ് മ്ഹാസ്കെയെയാണ് വെള്ളിയാഴ്ച അടിയന്തരമായി സസ്പെൻഡ് ചെയ്തത്. വ്യാഴാഴ്ച രാത്രി ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടം റൂമിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇദ്ദേഹം മദ്യപിച്ച നിലയിലാണെന്ന വിവരങ്ങൾ പുറത്തുവന്നതിനെ തുടർന്നാണ് നടപടി.
ആശുപത്രിക്ക് പുറത്ത് രാത്രി മുഴുവൻ കാത്തിരുന്ന ഒരാൾ, മരണം സംബന്ധിച്ച സർട്ടിഫിക്കറ്റ് വാങ്ങാൻ പോസ്റ്റ്‌മോർട്ടം റൂമിനുള്ളിലേക്ക് നോക്കിയപ്പോഴാണ് ഡോക്ടറെ മദ്യപിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഭക്ഷണ സാധനങ്ങളും മദ്യക്കുപ്പികളും മേശപ്പുറത്ത് നിരത്തിവച്ചിരിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ആശുപത്രി വളപ്പിൽ ഇത്തരം മദ്യപാന സൽക്കാരങ്ങൾ നടക്കുന്നത് പൊതുജനങ്ങളിൽ വലിയ ആശങ്കയ്ക്ക് ഇടയാക്കുകയും, ഇത് ഭരണകൂടത്തിനെതിരെ കർശന നടപടി സ്വീകരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു.
അഡീഷണൽ കമ്മീഷണർ കുൽദീപ് ജംഗം വിഷയം ഗൗരവമായി എടുക്കുകയും ഡോക്ടർക്കും ബന്ധപ്പെട്ട ജീവനക്കാർക്കും നോട്ടീസ് അയച്ച് അന്നേദിവസം വൈകുന്നേരത്തിനകം എഴുതി തയ്യാറാക്കിയ വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ആരോപണങ്ങളുടെ ഗൗരവവും രോഗികളുടെ സുരക്ഷയും വൈദ്യശാസ്ത്ര ധാർമ്മികതയും മുൻനിർത്തി മുനിസിപ്പൽ കമ്മീഷണർ വിജയ് സൂര്യവംശി അടുത്ത ദിവസം തന്നെ ഡോ. മ്ഹാസ്കെയെ സസ്പെൻഡ് ചെയ്ത് ഉത്തരവിട്ടു. ഡോക്ടറുടെ ഈ പെരുമാറ്റം മഹാരാഷ്ട്ര സിവിൽ സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് മുനിസിപ്പൽ ഭരണകൂടം വ്യക്തമാക്കി.
15 ദിവസത്തിനകം ഡോക്ടർക്കെതിരെ കുറ്റപത്രം നൽകുമെന്നും തുടർന്ന് വകുപ്പുതല അന്വേഷണം പൂർത്തിയാക്കുമെന്നും ഭരണകൂടം അറിയിച്ചിട്ടുണ്ട്. സസ്പെൻഷൻ കാലയളവിൽ അനുമതിയില്ലാതെ പിംപ്രി ഹെഡ്ക്വാർട്ടേഴ്സ് വിട്ടുപോകാൻ ഡോക്ടർക്ക് അനുവാദമില്ല. കൂടാതെ സസ്പെൻഷൻ നിലനിൽക്കുന്ന സമയത്ത് മറ്റ് ജോലികളോ ബിസിനസോ ചെയ്യുന്നതിൽ നിന്നും അദ്ദേഹത്തെ വിലക്കിയിട്ടുണ്ട്.
