Last Updated:
ആഴ്ചയിൽ ആറ് ദിവസം ജോലി ചെയ്യുന്ന ഇയാൾ യാത്രാച്ചെലവുകൾ കുറച്ചശേഷം മാസം ഒരു ലക്ഷം രൂപയോളം സമ്പാദിക്കുന്നുണ്ടെന്ന് മധുസൂദനൻ കുറിച്ചു
സ്വാതന്ത്ര്യത്തിന് വേണ്ടി സർക്കാർ ജോലി ഉപേക്ഷിക്കാനും തയാറെന്ന ബാർബറുടെ അനുഭവങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രഫഷണലായ ഹർഷ് ഗുപ്ത മധുസൂദൻ സമൂഹമാധ്യമമായ എക്സിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇക്കാര്യങ്ങൾ പുറത്തുവന്നത്. ഉത്തർപ്രദേശിലെ അസംഗഢ് സ്വദേശിയായ യുവാവാണ് മാസം ഒരു ലക്ഷം വരെ സമ്പാദിക്കുന്നത്. ആഴ്ചയിൽ ആറ് ദിവസം ജോലി ചെയ്യുന്ന ഇയാൾ യാത്രാച്ചെലവുകൾ കഴിഞ്ഞശേഷം മാസം ഒരു ലക്ഷം രൂപയോളം സമ്പാദിക്കുന്നു.
രാവിലെ മുതൽ രാത്രി വരെയാണ് യുവാവ് ജോലി ചെയ്യുന്നത്. നിലവിലെ ജോലിക്ക് പകരം സർക്കാർ ജോലി ലഭിച്ചാൽ സ്വീകരിക്കുമോയെന്ന് ചോദിച്ചപ്പോൾ അദ്ദേഹം താൽപര്യമില്ലെന്ന് വ്യക്തമാക്കിയതായും മധുസൂദൻ പറഞ്ഞു.
ജോലിക്കും അവസരങ്ങൾക്കും ഇവിടെ കുറവില്ല. കഠിനാധ്വാനം ചെയ്യുക മാത്രമാണ് വേണ്ടത്. സർക്കാർ ജോലി ലഭിച്ചാലും സ്വീകരിക്കില്ല. ഇപ്പോഴത്തെ ജോലി ഇഷ്ടമാണ്. അതിലൂടെ ലഭിക്കുന്ന സ്വാതന്ത്ര്യം പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞതായി മധുസൂദൻ എക്സിൽ കുറിച്ചു.
ബാർബറുടെ നാട്ടിലെ ജീവിതത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും മധുസൂദൻ ചോദിച്ചറിഞ്ഞു. ഗ്രാമത്തിൽ നിന്ന് ലഖ്നൗവിലേക്ക് യാത്ര ചെയ്യാൻ മുമ്പ് ഏഴ് മുതൽ എട്ട് മണിക്കൂർ വരെ വേണ്ടിവന്നിരുന്നുവെന്ന് ബാർബർ പറഞ്ഞു. എന്നാൽ ഇപ്പോൾ ഉച്ചഭക്ഷണത്തിനും ചായയ്ക്കുമായി ഇടവേളകളെടുത്തുകൊണ്ടുതന്നെ ഇതേ സമയത്തിനുള്ളിൽ പോയിവരാൻ കഴിയുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
ഗ്രാമത്തിൽ താമസിക്കുമ്പോൾ കുടുംബത്തിന് ചില സർക്കാർ പദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭിച്ചിരുന്നെങ്കിലും നഗരത്തിൽ അതേ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. മകനെ സ്വകാര്യ പ്രീ-സ്കൂളിലാണ് പഠിപ്പിക്കുന്നത്. ഭാര്യയും അധികവരുമാനം കണ്ടെത്താൻ ജോലി ചെയ്തിരുന്നെങ്കിലും കുട്ടി ചെറുതായതിനാൽ ഇപ്പോൾ ജോലി ചെയ്യുന്നില്ല
പോസ്റ്റ് വൈറലായതോടെ നിരവധി പേർ അഭിപ്രായങ്ങളുമായി രംഗത്തെത്തി. ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങളുടെ വളർച്ചയും ഓൺലൈൻ പ്ലാറ്റ്ഫോമുകളും ഇത്തരം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് ചിലർ ചൂണ്ടിക്കാട്ടി.
രാജ്യത്ത് നിരവധി പ്രശ്നങ്ങളുണ്ടെങ്കിലും ജോലി ചെയ്യാൻ താൽപര്യമുള്ളവർക്ക് അവസരങ്ങൾ കണ്ടെത്താനാകുമെന്നും ഘട്ടംഘട്ടമായാണ് പുരോഗതി കൈവരിക്കുന്നതെന്നും മറ്റൊരാൾ അഭിപ്രായപ്പെട്ടു.
