Last Updated:
ഇന്ത്യൻ പൗരനല്ലാത്ത ഇമ്രാൻ ഖാൻ സർക്കാരിനെതിരെ പ്രതിഷേധത്തിൽ പങ്കെടുത്തതിനാണ് കേസെടുത്തിരിക്കുന്നത്
തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മുംബൈയിൽ സംഘടിപ്പിച്ച സിജെപിയുടെ പ്രതിഷേധത്തിൽ പങ്കെടുത്തതിന് പിന്നാലെ നടൻ ഇമ്രാൻ ഖാനോട് രാജ്യം വിടാൻ നിർദേശിച്ച് മുംബൈ പൊലീസ്. ഒക്ടോബർ 28-നകം രാജ്യം വിടണമെന്നാണ് പൊലീസ് നോട്ടീസിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യൻ പൗരനല്ലാത്ത ഇമ്രാൻ ഖാൻ സർക്കാരിനെതിരെ പ്രതിഷേധത്തിൽ പങ്കെടുത്തതിനാണ് കേസെടുത്തിരിക്കുന്നത്. ഇമിഗ്രേഷൻ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് നടപടി.
ബോളിവുഡ് താരം ആമിർ ഖാന്റെ അനന്തരവനാണ് ഇമ്രാൻ ഖാൻ. അമേരിക്കൻ പൗരത്വമുള്ള ഇമ്രാൻ ഖാന് ഇന്ത്യൻ പൗരത്വത്തിന് പകരം ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) കാർഡാണുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ 2025-ലെ ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ആക്ടിലെ വ്യവസ്ഥകൾ പ്രകാരമാണ് രാജ്യം വിടാൻ നിർദേശം നൽകിയിരിക്കുന്നത്. വിദേശികളുടെ ഇന്ത്യയിലേക്കുള്ള പ്രവേശനം, രാജ്യം വിടൽ, രാജ്യത്തെ താമസം, സഞ്ചാരം എന്നിവ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാരിന് അധികാരമുണ്ട്.
ബിജെപി നേതാവ് കിരിത് സോമയ്യ നേരത്തെ ഇമ്രാൻ ഖാനെതിരെ മുംബൈ പൊലീസിൽ പരാതി നൽകിയിരുന്നു. നിയമവിരുദ്ധമായി രാഷ്ട്രീയ പ്രതിഷേധത്തിൽ പങ്കെടുത്തെന്നും ഒസിഐ വ്യവസ്ഥകളും നിബന്ധനകളും ലംഘിച്ചെന്നും ആരോപിച്ചായിരുന്നു പരാതി.
ഒക്ടോബർ 10-ന് മുംബൈയിലെ ആഗസ്റ്റ് ക്രാന്തി മൈതാനിയിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നടന്ന പ്രതിഷേധത്തിലാണ് ഇമ്രാൻ ഖാൻ പങ്കെടുത്തത്. ഇമ്രാന്റെ പങ്കാളിയും നടിയുമായ ലേഖ വാഷിങ്ടണും ബന്ധുവായ സെയ്ൻ മേരി ഖാനും പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു.
പ്രതിഷേധത്തിനിടെ പൊലീസ് വാഹനത്തിനുള്ളിൽ നിന്നുള്ള ചിത്രം ഇമ്രാൻ ഖാൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. തന്നെ എന്തിനാണ് കസ്റ്റഡിയിലെടുത്തതെന്ന് അറിയില്ലെന്നും തെരുവിൽ നിന്നാണ് തങ്ങളെയെല്ലാം പിടിച്ചുകൊണ്ടുപോയതെന്നും താരം മറ്റൊരു വീഡിയോയിൽ പറഞ്ഞു.
പ്രതിഷേധവുമായി ബന്ധപ്പെട്ട് 400 പേരെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കസ്റ്റഡിയിലെടുത്തവരെ രണ്ട് മണിക്കൂറോളം പൊലീസ് വാഹനത്തിൽ കൊണ്ടുനടന്നശേഷം വിട്ടയച്ചു.
