Last Updated:
ചിത്രീകരണം ആരംഭിച്ചതിന്റെ സൂചന നൽകി, സെറ്റിൽ നിന്നുള്ള ഒരു ചിത്രം വിദ്യാ ബാലൻ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവച്ചു
സംവിധായകൻ ആർ. ബൽക്കിക്കൊപ്പമുള്ള പുതിയ തമിഴ് ചിത്രത്തിനായി വിദ്യാ ബാലൻ (Vidya Balan) ഒരുങ്ങുന്നു. ഏകദേശം രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചതിന്റെ സൂചന നൽകി, സെറ്റിൽ നിന്നുള്ള ഒരു ചിത്രം വിദ്യാ ബാലൻ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവച്ചു.
കണ്ണടയും നീണ്ട പിന്നിയ മുടിയുമായി കൈയിൽ തിരക്കഥയേന്തി നിൽക്കുന്ന വിദ്യാ ബാലനെയാണ് ചിത്രത്തിൽ കാണുന്നത്. പുതിയ ചിത്രത്തിലെ തന്റെ കഥാപാത്രത്തിന്റെ ലുക്ക് പരിചയപ്പെടുത്തുന്നതാണ് താരം പങ്കുവച്ച ചിത്രം.
അമിതാഭ് ബച്ചൻ പ്രധാന വേഷത്തിലെത്തിയ 2009ലെ ‘പാ’യാണ് വിദ്യാ ബാലനും ആർ. ബൽക്കിയും അവസാനമായി ഒരുമിച്ച് പ്രവർത്തിച്ച ചിത്രം. അതിന് ശേഷം ഇരുവരും ഒന്നിക്കുന്ന ആദ്യ ചിത്രമാണിത്.
ചിത്രത്തിന്റെ പ്രമേയമോ കഥാപാത്രത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങളോ വിദ്യാ ബാലൻ പുറത്തുവിട്ടിട്ടില്ല. നിർമ്മാതാക്കളും ചിത്രത്തിന്റെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കുകയാണ്. അതേസമയം, നടിയുടെ സോഷ്യൽ മീഡിയ പോസ്റ്റ് ചിത്രീകരണം ആരംഭിച്ചതിന്റെ ആദ്യ സൂചനയായി.
വിദ്യാ ബാലന്റേതായി അണിയറയിൽ ഒരുങ്ങുന്ന നിരവധി ചിത്രങ്ങളിൽ ഒന്നാണ് ഈ തമിഴ് ചിത്രം. രജനീകാന്ത് നായകനാകുന്ന ‘ജയിലർ 2’ ആണ് താരത്തിന്റെ അടുത്ത പ്രധാന റിലീസുകളിലൊന്ന്. ചിത്രത്തിൽ ‘കാന്ത’ എന്ന കഥാപാത്രത്തെയാണ് വിദ്യാ ബാലൻ അവതരിപ്പിക്കുന്നത്. 2026 ഒക്ടോബർ 15ന് ചിത്രം തിയേറ്ററുകളിലെത്തും.
കഴിഞ്ഞ ആഴ്ച ‘ജയിലർ 2’ന്റെ അണിയറപ്രവർത്തകർ വിദ്യാ ബാലന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന ഫസ്റ്റ് ലുക്ക് ടീസർ പുറത്തിറക്കിയിരുന്നു. ‘കാന്ത’ എന്ന കഥാപാത്രമായാണ് താരം ചിത്രത്തിലെത്തുന്നത്. കഥാപാത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എന്നാൽ, മിഥുൻ ചക്രവർത്തിയുടെ മൂത്ത മകളുടെ വേഷത്തിലാണ് 47കാരിയായ നടി എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.
അക്ഷയ് കുമാറിനൊപ്പമുള്ള പേരിട്ടിട്ടില്ലാത്ത ഒരു കോമഡി ചിത്രവും വിദ്യാ ബാലന്റേതായി ഒരുങ്ങുന്നുണ്ട്. അനീസ് ബസ്മിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റാഷി ഖന്നയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. 2026 ഡിസംബർ 4ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യാനാണ് പദ്ധതി. ചിത്രത്തിന്റെ ഒരു ഷെഡ്യൂൾ കേരളത്തിൽ ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്.
Summary: Vidya Balan is gearing up for a new Tamil film with director R. Balki. The two are reuniting after nearly two decades. Signalling that filming has begun on the untitled project, Vidya Balan shared a photo from the sets on her Instagram Story
