Last Updated:
“എന്റെ ഓട്ടം ഇതിലും ആകർഷകമായിരുന്നിട്ടില്ലെന്ന് തീർച്ചയായും പറയാം” എന്നായിരുന്നു വീഡിയോ പങ്കുവച്ചുകൊണ്ട് സാമന്ത കുറിച്ചത്
ഭർത്താവ് രാജ് നിദിമൊരുവിനൊപ്പം (Raj Nidimoru) ആദ്യ കുഞ്ഞിനെ വരവേൽക്കാനുള്ള കാത്തിരിപ്പിലാണ് സാമന്ത റൂത്ത് പ്രഭു (Samantha Ruth Prabhu). ഗർഭകാലത്തും സജീവമായി തുടരുന്ന താരം തന്റെ വ്യായാമ വിശേഷങ്ങളും ശാരീരികക്ഷമതയുമായി ബന്ധപ്പെട്ട കാര്യങ്ങളും ആരാധകരുമായി ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. ശരീരത്തിന് അമിതമായ സമ്മർദം നൽകുന്നതിനുപകരം അതിന്റെ ആവശ്യങ്ങളും പരിമിതികളും മനസിലാക്കി വ്യായാമം ചെയ്യാനാണ് ശ്രദ്ധിക്കുന്നതെന്ന് വ്യക്തമാക്കിക്കൊണ്ട് നേരത്തെ ജിമ്മിലെ വർക്കൗട്ട് ദൃശ്യങ്ങളും സാമന്ത പങ്കുവച്ചിരുന്നു.
ഇപ്പോഴിതാ ജിമ്മിന് പകരം പിക്കിൾബോൾ കോർട്ടിലാണ് സാമന്ത സമയം ചെലവഴിക്കുന്നത്. ഈ കായികവിനോദം താരം ഏറെ ആസ്വദിക്കുന്നുവെന്നും പുതിയ വീഡിയോ വ്യക്തമാക്കുന്നു.
ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് സാമന്ത പുതിയ വിശേഷം പങ്കുവച്ചത്. ഭർത്താവ് രാജ് നിദിമൊരുവിനൊപ്പം പിക്കിൾബോൾ കളിക്കുന്നതിന്റെ വീഡിയോയാണ് താരം പങ്കുവച്ചത്.
ഇരുവരും ചേർന്ന് ഡബിൾസ് മത്സരത്തിലാണ് ഏർപ്പെട്ടത്. സാമന്ത കോർട്ടിന്റെ പിൻഭാഗത്തും രാജ് മുൻഭാഗത്തുമാണ് നിലയുറപ്പിച്ചിരുന്നത്. ഇരുവരും പരസ്പരം സഹകരിച്ച് കളിക്കുന്നതും കോർട്ടിലുടനീളം ചലിച്ച് എതിരാളികളുടെ ഷോട്ടുകൾ തിരിച്ചടിക്കുന്നതും വീഡിയോയിൽ കാണാം.
കളി ആസ്വദിക്കുന്ന സാമന്ത ആത്മവിശ്വാസത്തോടെയും ഉന്മേഷത്തോടെയുമാണ് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.
“എന്റെ ഓട്ടം ഇതിലും ആകർഷകമായിരുന്നിട്ടില്ലെന്ന് തീർച്ചയായും പറയാം” എന്നായിരുന്നു വീഡിയോ പങ്കുവച്ചുകൊണ്ട് സാമന്ത കുറിച്ചത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് തന്റെ പരമ്പരാഗത ‘ഗോദ് ഭരായി’ ചടങ്ങിന്റെ വിശേഷങ്ങൾ സാമന്ത റൂത്ത് പ്രഭു ആരാധകരുമായി പങ്കുവച്ചത്. ‘ശ്രീവിദ്യ’ സമ്പ്രദായത്തിലെ പ്രത്യേക ആചാരത്തെക്കുറിച്ച് വിശദീകരിച്ച താരം, ചടങ്ങിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.
ചടങ്ങിന്റെ ഭാഗമായി പകർത്തിയ ചിത്രങ്ങളിൽ സന്തോഷം നിറഞ്ഞ മുഖത്തോടെ സാമന്തയെ കാണാം. ഭർത്താവ് രാജ് നിദിമൊരുവിനും മറ്റ് കുടുംബാംഗങ്ങൾക്കുമൊപ്പം പോസ് ചെയ്യുന്ന ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു.
സാമന്ത പങ്കെടുത്ത ചടങ്ങിന് ‘കലാ ആവരണ’ (ശ്രീ കൽപം) എന്നാണ് പേര്. ശ്രീവിദ്യാ സമ്പ്രദായത്തിലെ പ്രത്യേക ആചാരമാണിതെന്ന് സാമന്ത വ്യക്തമാക്കി. ദേവിയുടെ 94 ‘കല’കളെ അഥവാ ഭാവങ്ങളെയും ശക്തികളെയും ആദരിക്കുകയും അവയെ ഗർഭിണിയുടെ ശരീരത്തിലെ ഏഴ് ‘ചക്ര’ങ്ങളുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നതാണ് ചടങ്ങിന്റെ ഭാഗമെന്ന് താരം വിശദീകരിച്ചു.
ഈ ഊർജകേന്ദ്രങ്ങളെ ശുദ്ധീകരിക്കാനും ഊർജസ്വലമാക്കാനും ചടങ്ങിൽ വിശുദ്ധജലവും മന്ത്രങ്ങളും ഉപയോഗിക്കുന്നതായും സാമന്ത പറഞ്ഞു.
“ഈ ചടങ്ങിൽ ഒരു അമ്മയെ കാണുന്ന രീതിയാണ് എന്നെ ഏറ്റവും കൂടുതൽ സ്പർശിച്ചത്. മറ്റൊരു ജീവന് ജന്മം നൽകുന്ന വിശുദ്ധ സൃഷ്ടികർത്താവായും സാക്ഷാൽ ദേവിയായുമാണ് ഇവിടെ അമ്മയെ ആദരിക്കുന്നത്. തന്നിൽ വളരുന്ന കുഞ്ഞിനും അതോടൊപ്പം തന്നെത്തന്നെ പുതിയൊരു രൂപത്തിലേക്ക് പരിവർത്തനം ചെയ്യുന്ന സ്ത്രീക്കും ഇതൊരു അനുഗ്രഹമാണ്.”
