Last Updated:
റിലീസ് ചെയ്ത് നാലുദിവസത്തിനുള്ളിൽ നാലുലക്ഷത്തോളം പേരാണ് യുട്യൂബിൽ ചിത്രം കണ്ടത്
യുട്യൂബിൽ ശ്രദ്ധേയമായി ‘ഒരിക്കൽ നമ്മൾ’ ഷോർട്ട് ഫിലിം. കൃഷ്ണൻ ബാലകൃഷ്ണനും മഞ്ജു പത്രോസുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രണയവും വേർപിരിയലും ഓർമകളുടെ വേദനയുമെല്ലാം 10:41 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിൽ മിന്നിമറയുന്നു. റിലീസ് ചെയ്ത് നാലുദിവസത്തിനുള്ളിൽ നാലുലക്ഷത്തോളം പേരാണ് യുട്യൂബിൽ ചിത്രം കണ്ടത്.
മഞ്ജു പത്രോസിന്റെയും കൃഷ്ണൻ ബാലകൃഷ്ണന്റെയും അഭിനയത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. സൂക്ഷ്മമായ ഭാവപ്രകടനങ്ങളിലൂടെ മഞ്ജുവും കൃഷ്ണനും പ്രേക്ഷകരുടെ ഹൃദയം കീഴടക്കുന്നു. സംഭാഷണങ്ങളെക്കാൾ നോട്ടവും നിശബ്ദതയും കൊണ്ട് കാഴ്ചക്കാരെ അദ്ഭുതപ്പെടുത്തുകയാണ് ഇരവരും. കഥാപാത്രങ്ങളുടെ പഴയകാലം എ ഐ സഹായത്തോടെ ഒരുക്കിയിരിക്കുന്നത് മികച്ച കാഴ്ചാനുഭവമായി.
ചില ആളുകൾ നമ്മുടെ ജീവിതത്തിൽ നിന്ന് കടന്നുപോകുമെങ്കിലും, ഒരിക്കലും അവർ നമ്മുടെ ഹൃദയങ്ങളിൽ നിന്ന് വിട്ടുപോകാറില്ലെന്ന് ഓര്‍മിപ്പിക്കുകയാണ് ചിത്രം. സ്നേഹം, ഓർമകൾ, വേർപാട്, ഒപ്പം നാം ഒരു കാലത്ത് ആഴത്തിൽ സ്നേഹിച്ച വ്യക്തിയെ വീണ്ടും കാണുമെന്ന പ്രതീക്ഷ എന്നിവയെക്കുറിച്ചെല്ലാം ചിത്രം പറയുന്നു. ചിലപ്പോൾ, വിടപറയൽ ഒന്നിന്റെയും അവസാനമല്ല… അതൊരു വീണ്ടും കാണുമെന്ന വാഗ്ദാനം മാത്രമാണെന്നും ചിത്രം പറയുന്നു.
ബ്ലാക്കീസ് എന്ന യുട്യൂബ് ചാനലില്‍ ഷോർട്ട് ഫിലിം കാണാം. മഞ്ജുവിനെയും കൃഷ്ണൻ ബാലകൃഷ്ണനെയും കൂടാതെ ഷെമിൽ തോമസും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. മിഥുൻ എസ് അജയ് ആണ് സംവിധാനം. പി ആര് അജിത്കുമാറിന്റേതാണ് തിരക്കഥ. ഛായാഗ്രഹണം: റോയ് ആൽബർട്ട്, എ ഐ: രാജേഷ് പിള്ള, സിങ്ക് സൗണ്ട് & മിക്സിംഗ്: കാർത്തികേയൻ എസ് എ.
