Headlines

‘വസ്തുതകൾ മറച്ചുവച്ച് രാധ കള്ളക്കരച്ചിൽ കരയുന്നു’; സഹോദരിയുടെ ആരോപണങ്ങൾ തള്ളി അംബിക | സിനിമാ വാർത്ത


Last Updated:

സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി രാധ തന്നെയാണ് ചെക്ക് നൽകിയതെന്നും അംബിക പ്രതികരിച്ചു

News18
News18

തനിക്കെതിരെ നടിയും സഹോദരിയുമായ രാധ ഉന്നയിച്ച ചെക്ക് തട്ടിപ്പ് ആരോപണങ്ങൾ തള്ളി നടി അംബിക. വസ്തുതകൾ മറച്ചുവച്ച് രാധ കള്ളക്കരച്ചിൽ കരയുകയാണെന്നും സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി രാധ തന്നെയാണ് ചെക്ക് നൽകിയതെന്നും അംബിക പ്രതികരിച്ചു.

ചെക്ക് ദുരുപയോഗം ചെയ്തെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അംബിക പത്രക്കുറിപ്പിലൂടെ അറിയിച്ചു. സ്വത്ത് സംബന്ധമായ തർക്കം ഒത്തുതീർപ്പാക്കുന്നതിന്റെ ഭാഗമായി നൽകിയ ചെക്കാണ് മടങ്ങിയത്.

ചെക്ക് മടങ്ങിയ സംഭവത്തിൽ രാധക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അംബിക അറിയിച്ചു. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ വ്യക്തത വരുത്തുന്നതിനാണ് വിശദീകരണം നൽകിയതെന്നും അവർ പറഞ്ഞു.

രാധയ്ക്കും സഹോദരൻ മല്ലികാർജുനും തനിക്കുമുള്ള ചെന്നൈയിലെ ‘എആർഎസ്’ ഗാർഡൻസിന്റെ പേരിൽ സ്വത്തുതർക്കമുണ്ടായിരുന്നു. സ്വർണവും വട്ടിയൂർക്കാവിലെ രണ്ട് സെന്റ് ഭൂമിയും ചെന്നൈയിലെ 47 സെന്റ് സ്ഥലവും വ്യാജ പവർ ഓഫ് അറ്റോർണി ഉപയോഗിച്ച് തട്ടിയെടുത്തെന്ന സഹോദരൻ മല്ലികാർജുന്റെ പരാതിയിൽ രാധയ്‌ക്കെതിരെ വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിൽ കേസുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട വസ്തുതകൾ മറച്ചുവെച്ചാണ് രാധ തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് അംബിക വാർത്താക്കുറിപ്പിൽ പറയുന്നു.

പഴയ ചെക്കുകൾ കൈക്കലാക്കി 46 കോടി രൂപ പിൻവലിച്ച് തട്ടിപ്പ് നടത്താൻ ശ്രമിച്ചെന്നായിരുന്നു രാധ നൽകിയ പരാതി. താൻ നേരിട്ടത് വിശ്വാസവഞ്ചനയെന്നും 46 കോടി രൂപ തട്ടിയെടുത്തതിന് പുറമെ, തന്നെ വീട്ടിലേക്ക് പ്രവേശിക്കാൻ അനുവദിക്കുന്നില്ലെന്നും രാധ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.



Source link

Leave a Reply

Your email address will not be published. Required fields are marked *