ഒരുമിച്ചുള്ള ജീവിതയാത്രയെക്കുറിച്ചുള്ള ഹൃദയസ്പർശിയായ കുറിപ്പിനൊപ്പമാണ് ചടങ്ങിന്റെ ചിത്രങ്ങളും വിഡിയോകളും ഇരുവരും പങ്കുവെച്ചത്. ‘ദി സീക്വൽ’ (The Sequel) എന്ന് വിശേഷിപ്പിച്ച ചടങ്ങ്, കുറ്റമറ്റ ദാമ്പത്യജീവിതത്തിന്റെ ആഘോഷമല്ലെന്നും മറിച്ച് വർഷങ്ങളായി ഇരുവരും ചേർന്ന് കെട്ടിപ്പടുത്ത ആഴത്തിലുള്ള ബന്ധത്തിന്റെ ആഘോഷമാണെന്നും അവർ കുറിച്ചു.
“ദി സീക്വൽ — ഞങ്ങളുടെ 20 വർഷത്തെ സ്നേഹവും പോരാട്ടങ്ങളും ആഘോഷിക്കുന്ന, വിവാഹപ്രതിജ്ഞകൾ പുതുക്കുന്ന ചടങ്ങ്. ഇതൊരു കുറ്റമറ്റ ദാമ്പത്യത്തിന്റെ ആഘോഷമല്ല.
മറിച്ച് അപൂർണതകൾ, വിട്ടുവീഴ്ചകൾ, പരസ്പര ധാരണ, ത്യാഗങ്ങൾ, നിസ്വാർഥ സ്നേഹം എന്നിവയുടെ ആഘോഷമാണ്. ഇത് ‘നമ്മൾ’ എന്നതിന്റെ ആഘോഷമാണ്; പരസ്പരം ചേർന്നുനിന്നതിലൂടെ നമ്മൾ ആയിത്തീർന്നതിന്റെ ആഘോഷം,” എന്നാണ് ഇരുവരും കുറിച്ചത്.
ജ്യോതികയും തന്റെ വിവാഹപ്രതിജ്ഞ പങ്കുവെച്ചു. സൂര്യയ്ക്കും മക്കൾക്കുമൊപ്പം കെട്ടിപ്പടുത്ത ജീവിതത്തെക്കുറിച്ചും അവർ കുറിച്ചു. ജീവിതത്തിലെ നല്ല വശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ചുറ്റുമുള്ളവരോട് എപ്പോഴും നന്ദിയുള്ളവളായിരിക്കാനുമാണ് ആഗ്രഹിക്കുന്നതെന്നും ജ്യോതിക വ്യക്തമാക്കി.
“എന്തൊരു വിരോധാഭാസമാണിത്! യാഥാർഥ്യത്തിൽനിന്ന് ഏറെ അകലെയാണെന്ന് തോന്നിയിരുന്ന ഒരു സ്വപ്നം ഇന്ന് എന്റെ ജീവിതത്തിലെ യാഥാർഥ്യമായി മാറിയിരിക്കുന്നു. ഇനി ജീവിതകാലം മുഴുവൻ ഞാൻ ആസ്വദിക്കാൻ പോകുന്ന യാഥാർഥ്യം. അതുകൊണ്ട് ഇതാ എന്റെ പ്രതിജ്ഞകൾ.
ഞാൻ സന്തോഷവതിയായിരിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു. കാരണം ജീവിതത്തിന്റെ നല്ല വശങ്ങൾ മാത്രം കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ജീവിതം ആഘോഷിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു. കാരണം, തന്നേക്കാൾ ഉപരിയായി നമ്മളെ പരിഗണിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരാളോടൊപ്പമുള്ള ജീവിതം വലിയൊരു സമ്മാനമാണ്.
ഒരിക്കലും പരാതിപ്പെടില്ലെന്ന് പ്രതിജ്ഞ ചെയ്യുന്നു. എന്തിനാണ് പരാതിപ്പെടുന്നത്? ആകാശത്തിന് പോലും ഭൂമിയെ തൊടാനുള്ള ഭാഗ്യമില്ലല്ലോ! ചുറ്റും നോക്കൂ; നിലനിൽക്കുന്നതെല്ലാം അപൂർണമാണ്. ആ വിടവുകൾ നമ്മൾ എങ്ങനെ നികത്തുന്നു എന്നതാണ് പ്രധാനം.
നന്ദിയുള്ളവളായിരിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു. എല്ലാ ദിവസവും രാവിലെ ഞാൻ ഉണരുന്നത് എന്നെ സംരക്ഷിക്കുന്ന ഒരാളുടെ കരങ്ങളിലാണ്. ഒപ്പം, എന്റെ ജീവിതത്തിന് അർഥവും എനിക്ക് ജീവിക്കാൻ കാരണവും നൽകിയ എന്റെ മനോഹരമായ മക്കൾക്കും ഞാൻ നന്ദി പറയുന്നു.
ആരോഗ്യത്തോടെ കഴിയുമെന്ന് പ്രതിജ്ഞ ചെയ്യുന്നു. കാരണം നമ്മൾ കെട്ടിപ്പടുക്കുന്ന ഒരേയൊരു യഥാർഥ സമ്പത്ത് അതാണ്. എത്ര മനോഹരമായ വീടായാലും അതിൽ ചോർച്ചകളും ചിതലും അറ്റകുറ്റപ്പണികളും ഉണ്ടാകുമല്ലോ,” ജ്യോതിക കൂട്ടിച്ചേർത്തു.
സിനിമാ രംഗത്ത് സൂര്യയ്ക്ക് നിരവധി പ്രോജക്ടുകളാണ് വരാനിരിക്കുന്നത്. സംവിധായകൻ ജിത്തു മാധവനൊപ്പമുള്ള അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിന് ‘സീൻ’ എന്നാണ് പേര്. ഹോംബാലെ ഫിലിംസ് നിർമിക്കുന്ന മറ്റൊരു ചിത്രത്തിനായി സംവിധായകൻ ടി.ജെ. ജ്ഞാനവേലിനൊപ്പവും സൂര്യ വീണ്ടും ഒന്നിക്കുന്നുണ്ട്.