Headlines

വിജയ് 6 ദിവസം ലണ്ടനില്‍; ഭാര്യ സംഗീതയെ കാണുമോ? ഉറ്റുനോക്കി ആരാധകര്‍, സ്വര്‍ണ മോതിരം പദ്ധതി മാറ്റി | Will Vijay Meet Wife Sangeetha Amid London Visit? Tamil Nadu CM To Travel To UK Tomorrow Evening


India

oi-Ashif N

തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് ലണ്ടനിലേക്ക്. വ്യാഴാഴ്ച വൈകീട്ട് ചെന്നൈയില്‍ നിന്ന് പുറപ്പെടുന്ന അദ്ദേഹത്തിന്റെ ലക്ഷ്യം തമിഴ്‌നാട്ടിലേക്ക് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുകയാണ്. അടുത്തിടെ ചെന്നൈയില്‍ നടത്തിയ ബിസിനസ് ഉച്ചകോടിയില്‍ നിരവധി കമ്പനികള്‍ തമിഴ്‌നാട്ടിലെ നിക്ഷേപത്തിന് താല്‍പ്പര്യം അറിയിച്ചിരുന്നു. ഇവരുമായുള്ള തുടര്‍ച്ച ചര്‍ച്ചയും കരാര്‍ ഒപ്പുവെക്കലും നടന്നേക്കും.

അതേസമയം, വിജയുടെ വിദേശയാത്രയുടെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടിലെ ചില ജനപ്രിയ പദ്ധതികള്‍ മാറ്റിവെച്ചു. സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് സ്വര്‍ണമോതിരം സമ്മാനിക്കുന്ന തായ്മാമന്‍ തങ്കമോതിരം തിറ്റം പദ്ധതിയും മാറ്റിവെച്ചു. സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി കൂടുതല്‍ ക്ലാസുകളിലേക്ക് നീട്ടുന്ന പദ്ധതിയുടെ പ്രഖ്യാപനവും നീട്ടി. വിജയ് തിരിച്ചെത്തിയ ശേഷം മറ്റൊരു തിയ്യതിയിലാകും ഈ പദ്ധതിയുടെ പ്രഖ്യാപനം.

vijay wife sangeetha

സെപ്തംബര്‍ 10ന് രാത്രിയാണ് വിജയ് ചെന്നൈ എയര്‍പോര്‍ട്ടില്‍ നിന്ന് ലണ്ടനിലേക്ക് പോകുക. 11ന് ലണ്ടനിലെത്തും. സംരംഭകര്‍, വ്യവസായികള്‍ എന്നിവരുമായുള്ള ചര്‍ച്ചകള്‍ തീരുമാനിച്ചിട്ടുണ്ട്. അടുത്തിടെ ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ലണ്ടനിലെത്തി നിക്ഷേപകരെ ആകര്‍ഷിച്ച പിന്നാലെയാണ് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ നീക്കം. ചെന്നൈയില്‍ അടുത്തിടെ നടന്ന പരിപാടിയില്‍ 67482 കോടി രൂപയുടെ നിക്ഷേപ താല്‍പ്പര്യം വിവിധ കമ്പനികള്‍ അറിയിച്ചിരുന്നു. ഇതില്‍ ചില കമ്പനികളുമായി വിജയ് കരാര്‍ ഒപ്പുവെക്കും.

ലണ്ടനിലെ മോട്ടോര്‍ സ്‌പോട്‌സ് മേഖല വിജയ് സന്ദര്‍ശിക്കും. തമിഴ്‌നാട്ടില്‍ സമാനമായ കേന്ദ്രം ഒരുക്കുമെന്ന് വിജയ് അടുത്തിടെ നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ലണ്ടനിലെ കായിക കേന്ദ്രം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് മനസിലാക്കുകയാണ് വിജയുടെ ലക്ഷ്യം. ലണ്ടനിലെ തമിഴ് പ്രവാസികളെ കാണാനും വിജയ്ക്ക് പദ്ധതിയുണ്ട്. വിവിധ വകുപ്പുകളുടെ സെക്രട്ടറിമാരും ഉന്നത ഉദ്യോഗസ്ഥരും വിജയ്‌ക്കൊപ്പമുണ്ടാകും.

അതേസമയം, വിജയുടെ ഭാര്യ സംഗീത സ്വര്‍ണലിംഗം ഇപ്പോള്‍ ലണ്ടനിലാണ് താമസിക്കുന്നത്. മകള്‍ ദിവ്യ സാഷയും അവര്‍ക്കൊപ്പമാണ്. വിജയ് ഇരുവരെയും കാണുമോ എന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്. കുടുംബത്തെ കണ്ട ശേഷമാകും വിജയ് തിരിച്ചുവരിക എന്നാണ് ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിജയുടെ യാത്രാ ഷെഡ്യൂളില്‍ ഇക്കാര്യം പ്രത്യേകം ഉള്‍പ്പെടുത്തിയിട്ടില്ല.

വിജയില്‍ നിന്ന് വിവാഹ മോചനത്തിന് സംഗീത ശ്രമിച്ചിരുന്നു. പിന്നീട് അവര്‍ കോടതിയില്‍ നിന്ന് ഹര്‍ജി പിന്‍വലിക്കുകയും ചെയ്തു. സംഗീതയും മക്കളും ലണ്ടനിലാണ് താമസം. മകന്‍ ജേസണ്‍ സഞ്ജയ് സിനിമയുടെ ആവശ്യാര്‍ഥം ഇടയ്ക്ക് തമിഴ്‌നാട്ടില്‍ എത്താറുണ്ട്. ലണ്ടനില്‍ വിജയ്-സംഗീത കൂടിക്കാഴ്ച നടക്കുമോ എന്നാണ് വിജയുടെ ആരാധകരും ടിവികെ പ്രവര്‍ത്തകരും ഉറ്റുനോക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ അത് വലിയ ആഘോഷമാക്കി മാറ്റാനും ആലോചനയുണ്ടെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.



Source link

Leave a Reply

Your email address will not be published. Required fields are marked *