Headlines

ആഗോള തലത്തിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നു; ഇന്ത്യയ്ക്ക് ഇറക്കുമതിയിൽ അധിക ചിലവ്, എണ്ണവില ഉയരുമോ? | Global Crude Oil Prices Are Surging; India Faces Higher Import Costs, Will Oil Prices Rise?


India

oi-Nidhin Illikkambath

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ രൂക്ഷമായതിനെ തുടർന്ന് ആഗോള തലത്തിൽ എണ്ണവിതരണം തടസപ്പെടുമെന്ന ആശങ്ക ശക്തമായതോടെ ഇന്ന് അന്താരാഷ്ട്ര അസംസ്‌കൃത എണ്ണവില കുത്തനെ ഉയർന്നിരിക്കുകയാണ്. ബ്രെന്റ് ക്രൂഡ് വില ബാരലിന് 100 ഡോളറിലേക്ക് അടുക്കുകയാണ്. ഇതോടെ ഇന്ത്യയ്ക്ക് ഉയർന്ന എണ്ണ ഇറക്കുമതി ചെലവും വീണ്ടും പണപ്പെരുപ്പ സമ്മർദവും നേരിടേണ്ടിവരാനുള്ള സാധ്യത വർധിച്ചു.

ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്‌സ് 2 ശതമാനത്തിലധികം ഉയർന്ന് ബാരലിന് ഏകദേശം 99 ഡോളറിലെത്തി. അമേരിക്കൻ വെസ്‌റ്റ് ടെക്‌സാസ് ഇന്റർമീഡിയറ്റ് ക്രൂഡ് വിലയും ഏകദേശം 3 ശതമാനം ഉയർന്ന് 94 ഡോളറിനടുത്തെത്തി. സൗദി അറേബ്യയിലെ ഊർജ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളും ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം രൂക്ഷമായതുമാണ് ഏറ്റവും പുതിയ സംഭവവികാസങ്ങൾക്ക് പിന്നിൽ.

crude oil

ഇതോടെ ആഗോള എണ്ണവിതരണത്തിൽ കൂടുതൽ തടസങ്ങളുണ്ടാകുമെന്ന ആശങ്ക ശക്തമായി. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി-ഉപഭോഗ രാജ്യമായ ഇന്ത്യ അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വിലയിലെ മാറ്റങ്ങൾ സ്വാധീനിക്കപ്പെടുന്ന ഇടമാണ്. പെട്രോൾ, ഡീസൽ തുടങ്ങിയ ഇന്ധനങ്ങൾ നിർമിക്കുന്നതിനുള്ള പ്രധാന അസംസ്‌കൃത വസ്‌തുവായ ക്രൂഡ് ഓയിലിന്റെ ആവശ്യകതയുടെ 88 ശതമാനത്തിലേറെയും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്.

അസംസ്‌കൃത എണ്ണവിലയിൽ തുടർച്ചയായ വർധനയുണ്ടായാൽ രാജ്യത്തിന്റെ ഡോളർ അടിസ്ഥാനത്തിലുള്ള എണ്ണ ഇറക്കുമതി ബിൽ ഉയരും. ഇത് വ്യാപാര ബാലൻസിനും ഇന്ത്യൻ രൂപയ്ക്കും സമ്മർദം സൃഷ്‌ടിക്കാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. ക്രൂഡ് ഓയിൽ വില ഉയരുന്നത് ഇന്ധനം, ഗതാഗതം, മറ്റ് ഊർജവുമായി ബന്ധപ്പെട്ട ചെലവുകൾ എന്നിവയിലൂടെ ആഭ്യന്തര പണപ്പെരുപ്പത്തെയും ബാധിക്കാം.

എന്നാൽ ഉപഭോക്താക്കളിലും സമ്പദ്‌വ്യവസ്ഥയിലും ഇതിന്റെ യഥാർഥ ആഘാതം എത്രത്തോളം ഉണ്ടാകുമെന്നത് വിലവർധനയുടെ എത്ര ഭാഗം ആഭ്യന്തര ഇന്ധനവിലയിലേക്ക് കൈമാറുന്നു, അന്താരാഷ്ട്ര എണ്ണവില എത്രകാലം ഉയർന്നുനിൽക്കുന്നു തുടങ്ങിയ കാര്യങ്ങളെ ആശ്രയിച്ചിരിക്കും. നിലവിൽ രാജ്യത്തെ റീട്ടെയിൽ പെട്രോൾ, ഡീസൽ വിലകൾ മൂന്ന് മാസത്തിലേറെയായി മാറ്റമില്ലാതെ തുടരുകയാണ്.

അവസാനമായി മെയ് 25നാണ് വില പരിഷ്‌കരിച്ചത്. അന്ന് പെട്രോൾ ലിറ്ററിന് 2.61 രൂപയും ഡീസൽ ലിറ്ററിന് 2.71 രൂപയും വർധിപ്പിച്ചിരുന്നു. പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഊർജ വിതരണത്തിൽ തടസമുണ്ടാകുകയും അന്താരാഷ്ട്ര എണ്ണവില ഉയരുകയും ചെയ്‌ത സാഹചര്യത്തിൽ മെയ് രണ്ടാം പകുതിയിൽ നടന്ന വിലപരിഷ്‌കരണത്തിന്റെ ഭാഗമായിരുന്നു ഈ വർധന.

ആകെ നാല് ഘട്ടങ്ങളിലായി പെട്രോൾ വില ലിറ്ററിന് 7.35 രൂപയും ഡീസൽ വില ലിറ്ററിന് 7.53 രൂപയും ഉയർത്തിയിരുന്നു. ക്രൂഡ് ഓയിൽ വില വീണ്ടും ഉയരുന്നത് രാജ്യത്തെ പൊതുമേഖലാ ഇന്ധനവിൽപ്പന കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് എന്നിവയുടെ ലാഭവിഹിതത്തിന് സമ്മർദം സൃഷ്‌ടിക്കും.

പശ്ചിമേഷ്യൻ പ്രതിസന്ധിക്ക് പിന്നാലെ അന്താരാഷ്ട്ര എണ്ണവില ഉയർന്നപ്പോൾ അതിന്റെ മുഴുവൻ ആഘാതവും ആഭ്യന്തര വിപണിയിലേക്ക് കൈമാറാൻ കഴിയാതിരുന്നതിനാൽ ഈ കമ്പനികൾ ഇതിനകം തന്നെ വൻ നഷ്‍ടം നേരിടുന്നുണ്ട്. എണ്ണ മന്ത്രാലയത്തിന് കീഴിലുള്ള പെട്രോളിയം പ്ലാനിങ് ആൻഡ് അനാലിസിസ് സെൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം, നടപ്പ് സാമ്പത്തിക വർഷത്തിലെ ഏപ്രിൽ-ജൂലൈ കാലയളവിൽ ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി ബിൽ 56 ശതമാനത്തിലധികം ഉയർന്ന് 63.4 ബില്യൺ ഡോളറിലെത്തിയിരുന്നു.

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 40.5 ബില്യൺ ഡോളറായിരുന്നു. അതേസമയം, ഇറക്കുമതി ചെയ്‌ത ക്രൂഡ് ഓയിലിന്റെ അളവിൽ വലിയ മാറ്റമുണ്ടായിട്ടില്ല. നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ച് മാസങ്ങളിൽ 81.9 ദശലക്ഷം ടൺ ക്രൂഡ് ഓയിലാണ് ഇന്ത്യ ഇറക്കുമതി ചെയ്‌തത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 81.5 ദശലക്ഷം ടണ്ണായിരുന്നു.

എന്തായാലൂം നിലവിലെ സാഹചര്യത്തിൽ ആഗോള തലത്തിലെ വില വർധന ഇന്ത്യയുടെ ഇറക്കുമതിയെ സാരമായി ബാധിക്കുമെന്ന് ഉറപ്പാണ്. എങ്കിലും അത് നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തുമോ എന്നത് കണ്ടറിയണം. പ്രത്യേകിച്ച് ഉപതിരഞ്ഞെടുപ്പുകൾ അടക്കം വരാനിരിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ ഈ നീക്കത്തിന് അനുമതി നൽകുമോ എന്നാണ് അറിയേണ്ടത്.



Source link

Leave a Reply

Your email address will not be published. Required fields are marked *