Headlines

‘ഭാര്യയുടെ പേരിൽ ഭൂമി വാങ്ങിയത് ഏത് പണം ഉപയോഗിച്ചാണ്’; ജി സുധാകരനെതിരെ സലാം|Where Did the Money Used to Buy Land in His Wife’s Name Come From?” Salam Targets G. Sudhakaran


Kerala

oi-Rakhi

ജി സുധാകരനെതിരെ തുറന്നടിച്ച് എച്ച് സലാം. സുധാകരൻ തൻ്റേയും കുടുംബത്തിൻ്റേയും സ്വത്ത് വിവരങ്ങളും സാമ്പത്തിക ശ്രോതസും വെളിപ്പെടുത്തണം എന്ന് സലാം ആവശ്യപ്പെട്ടു. 2021ലെ തെരഞ്ഞെടുപ്പിൽ പിരിച്ചെടുത്ത ലക്ഷങ്ങളുടെ കണക്ക് പുറത്തുവിടണമെന്നും സലാം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിൻ്റെ പൂർണരൂപം വായിക്കാം.

‘വായും കയ്യും പോയ കോടാലിയായി മാറരുത്..

അമ്പലപ്പുഴ MLA ജി.സുധാകരൻ പറയുന്ന എല്ലാ വൃത്തികേടുകൾക്കും നിരന്തരം ഞാൻ മറുപടി പറയേണ്ടതില്ലായെന്ന് കരുതിയതാണ്. പക്ഷേ പാർട്ടിക്ക് വേണ്ടി രാപകൽ അദ്ധ്വാനിക്കുന്നവരെയും പാർട്ടി തീരുമാനപ്രകാരം അമ്പലപ്പുഴയിൽ തെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് വേണ്ടി പ്രവർത്തിച്ചവരെയുമൊക്കെ അപകീർത്തിപ്പെടുത്തുകയാണ്. ജനപ്രതിനിധികളായ വനിതാ നേതാക്കളെ മുൻപ് ആക്ഷേപിച്ചു. സ.സജി ചെറിയാൻ, സ.C.S.സുജാത, സ. സി.ബി.ചന്ദ്രബാബു തുടങ്ങിയ നേതാക്കളെ നിരന്തരം വ്യക്തിഅധിക്ഷേപം നടത്തുന്നു. ഗ്രന്ഥശാലകളുടെ യോഗങ്ങളിൽ പോയി സ.അലിയാർ മാക്കിയിലിനെ ആക്ഷേപിച്ചു. ഇപ്പോൾ അഡ്വ. അനസലിയെ അധിക്ഷേപിച്ചു. ഈ വൃത്തികേട് തുടരുന്നത് കൊണ്ട് വീണ്ടും ചിലത് പറയേണ്ടി വരികയാണ്.

salam3-5292178

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിരിവിനോട് ഇപ്പോൾ ജി.സുധാകരന് പുച്ഛമാണ്. ഓ… ഇദ്ദേഹം പാർട്ടി നേതാവായി ഇരിക്കുമ്പോൾ ജനങ്ങളിൽ നിന്ന് പണം പിരിക്കാതെ സ്വന്തം കുടുംബത്തിൽ നിന്ന് കൊണ്ടുവന്ന പണം ഉപയോഗിച്ചായിരുന്നല്ലോ പ്രവർത്തിച്ചിരുന്നത്. വീട്ടിൽ ഭക്ഷണം ഇല്ലെങ്കിലും സാധാരണ തൊഴിലാളികളായ ബ്രാഞ്ച് സെക്രട്ടറിമാരും പാർട്ടി അംഗങ്ങളും ഓരോ വീടുകളിലും പോയി പണം പിരിച്ച് അതിൽ നിന്നും ഒരു നരങ്ങാവെള്ളം പോലും കുടിക്കാതെ കൃത്യമായി പാർട്ടിയെ ഏൽപ്പിക്കുന്ന ഫണ്ടിൽ നിന്നാണ് പതിറ്റാണ്ടുകൾ താങ്കൾ യാത്ര ചെയ്തതും ഭക്ഷണം കഴിച്ചതും. ഏറ്റവും അവസാനം കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ആരിഫിനെ ജയിപ്പിക്കാൻ എന്ന് പറഞ്ഞ് ( രഹസ്യമായി ആരെ ജയിപ്പിക്കാൻ നിന്നു എന്നത് അറിയുമല്ലോ) ചിലസ്ഥലത്ത് പ്രസംഗിക്കാൻ പോയതിൻ്റെ കണക്ക് എഴുതി ഒരു കുറിപ്പ് കൊടുത്തയച്ച് ജില്ലാ കമ്മറ്റി ഓഫീസിൽ നിന്നും നിങ്ങൾ ആയിരങ്ങൾ (തുക പറയുന്നില്ല ) T A വാങ്ങിക്കൊണ്ടു പോയതും സാധാരണ സഖാക്കൾ ജനങ്ങളിൽ നിന്ന് പിരിച്ച പണമാണ്. തെരഞ്ഞെടുപ്പിൽ കയ്യും കണക്കുമില്ലാതെ താങ്കൾ ലക്ഷങ്ങൾ പിരിച്ചുകൂട്ടിയപ്പോൾ പിരിവിനോട് ഈ പുച്ഛം ഇല്ലായിരുന്നോ ?

വീണ്ടും പാർട്ടിയെയും പാർട്ടി സഖാക്കളെയും വ്യക്തിഹത്യ നടത്തി മോശപ്പെടുത്താൻ ഇറങ്ങിയത് സി.പി.ഐ(എം) സഖാക്കളെ പ്രകോപിപ്പിക്കാനും മാധ്യമശ്രദ്ധക്കും UDF ന്റെ തൃപ്തിക്കുമാണെന്ന് അറിയാം.. പക്ഷെ അത് പറഞ്ഞ് തള്ളിക്കളയുവാൻ ആവില്ല , അതുകൊണ്ട്
ചില ചോദ്യങ്ങൾ ജി.സുധാകരൻ MLA യോട് ചോദിക്കുന്നു. “അരിയെത്ര എന്ന് ചോദിക്കുമ്പോൾ പയറഞ്ഞാഴി ” എന്ന് ഉത്തരം പറയരുത്. ഈ ചോദ്യങ്ങൾക്കെങ്കിലും ശരിയായി ഉത്തരം പറയുമെന്ന് കരുതുന്നു..

1, പിരിവിനെകുറിച്ചൊക്കെ പറഞ്ഞ് പാർട്ടിയെ അധിക്ഷേപിക്കുമ്പോൾ ജി. സുധാകരന് ലേശം ഉളുപ്പ് ഉണ്ടാകുന്നത് നല്ലതാണ്. ഞാനും സഖാവ് സി.ബി ചന്ദ്രബാബുവും ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും 2021 ലെ തെരഞ്ഞെടുപ്പിൽ നിങ്ങൾ പിരിച്ചെടുത്ത ലക്ഷങ്ങളുടെ കണക്ക് ഇതുവരെ പറഞ്ഞില്ലല്ലോ ? എന്നെ പോലും അഴിമതിക്കാരനാക്കാൻ പറ്റുമോ എന്ന് വഴികൾ തേടി നടക്കുന്ന ജി.സുധാകരനെ വീണ്ടും വെല്ലുവിളിക്കുന്നു, ആ കണക്ക് പരസ്യപ്പെടുത്താൻ ധൈര്യമുണ്ടോ ?

2, ലോക്കൽ മുതൽ സംസ്ഥാന നേതാക്കളെ വരെ അപകീർത്തിപ്പെടുത്താൻ ജീർണിച്ച നാവ് വളക്കുമ്പോൾ നിങ്ങൾ സ്വന്തം വീട്ടിലേക്ക് കൂടി നോക്കണം. 2021 ൽ സ്ഥാനാർത്ഥിയായ എൻ്റെയും പാർട്ടിയുടെയും പേരിൽ പിരിച്ച ലക്ഷങ്ങൾ ഇപ്പോൾ ഭൂമിയായി മാറിയിട്ടുണ്ടോ ? അതാണോ നിരന്തരം ആവശ്യപ്പെട്ടിട്ടും താങ്കൾക്ക് ആ കണക്ക് പരസ്യപ്പെടുത്താൻ കഴിയാത്തത് ?
3, പറവൂർ വില്ലേജിൽ സ്‌കൂളിന് സമീപമുള്ള ലക്ഷങ്ങൾ വിലവരുന്ന ഭൂമി ഏതാനും മാസം മുമ്പ് നിങ്ങൾ ഭാര്യയുടെ പേരിൽ വാങ്ങിയിട്ടുണ്ടല്ലോ അല്ലെ ?
ഇത് ഏത് പണം ഉപയോഗിച്ചാണ് വാങ്ങിയത് ?

4, C.B.ചന്ദ്രബാബുവിൻ്റെ സ്വത്ത് അന്വേഷിക്കണമെന്ന് പറഞ്ഞ നിങ്ങളുടെ സ്വത്ത് വെളിപ്പെടുത്തു. പാർട്ടി ജില്ലാ സെക്രട്ടറി സ. ആർ. നാസർ മുതൽ ജില്ലയിലെ എല്ലാ സി. പി. ഐ (എം) നേതാക്കളുടെയും സ്വത്ത് അന്വേഷിപ്പിച്ചോളൂ, ഞങ്ങൾ തയ്യാറാണ്. ഞങ്ങളുടെയൊക്കെ സ്വത്ത് എത്രയുണ്ടെന്ന് നവമാധ്യമത്തിലൂടെ പോലും പരസ്യപ്പെടുത്താനും തയ്യാറാണ്.

5, കപടമായ അഴിമതിവിരുദ്ധ ലേബൽ ഒട്ടിച്ച് നടക്കുന്ന താങ്കളുടെ ഭാര്യയുടെ പേരിലും മകൻ്റെ പേരിലും മരുമകളുടെ പേരിലും എവിടെയൊക്കെ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ട്. ഫ്ലാറ്റ് വാങ്ങിയിട്ടുണ്ടോ ? ഉണ്ടെങ്കിൽ എവിടെയാണ് ?

6, ആലപ്പുഴ ഗവ.സർവ്വൻ്റ്സ് ബാങ്കിലും മറ്റ് ബാങ്കിലും ഉള്ള നിക്ഷേപം, മകൻ്റെ NRI, NRO അക്കൗണ്ടുകളിലുള്ള നിക്ഷേപം, നോമിനേഷന് തൊട്ട് മുമ്പ് ഭാര്യയുടെ അക്കൗണ്ടിൽ നിന്നും മാറ്റിയിട്ട 50 ലക്ഷം രൂപയുടെ സ്രോതസ്സ്, ഉൾപ്പെടെയുള്ള വിവരങ്ങൾ എല്ലാം പരസ്യപ്പെടുത്താൻ താങ്കൾ തയ്യാറാണോ ? അതിന് ശേഷം താങ്കളുടെ അഴിമതി വിരുദ്ധ പ്രസംഗമാകാം.
പിന്നെ കുടുംബം ആർജ്ജിച്ച കോടികളുടെ സമ്പത്ത് മകൻ വിദേശത്തെ ലുലുവിൽ ജോലി ചെയ്യുന്നത് കൊണ്ടും ഭാര്യക്ക് UGC ശമ്പളം ഉണ്ടായിരുന്നത് കൊണ്ടും ഉണ്ടായതാണ് എന്നും , ” മകൻ വേറെ കുടുംബമായി ജീവിക്കുന്നയാളാണ് ” എന്നുമുള്ള പതിവ് ന്യായവുമായി ഇനി വരരുത്. അപ്പോൾ മകൻ്റേത് ഉൾപ്പെടെ വരുമാന സ്രോതസ്സ് ഏതെങ്കിലും ഏജൻസി അന്വേഷിക്കേണ്ടി വരും. UGC ശമ്പളത്തിൻ്റെ കണക്കും ലുലുവിലെ ശമ്പളത്തിൻ്റെ അളവുമൊക്കെ അറിയാം.

7, ഇപ്പോൾ താങ്കൾ അധിക്ഷേപിക്കുന്ന Adv. അനസലി, ഷാനവാസ് എന്നിവർ DYFI , SFI നേതാക്കളായിരിക്കുമ്പോൾ പാർട്ടി നേതാവ് എന്ന പദവി ഉപയോഗിച്ച് ക്രിമിനൽ പ്രവൃത്തി ചെയ്യാൻ താങ്കൾ ആവശ്യപ്പെട്ടിട്ടുണ്ടോ ?

ഒരു മാധ്യമ പ്രവർത്തകനെ ആക്രമിക്കണമെന്നും മറ്റൊരു വനിതക്കെതിരെ ഫേസ്‌ബുക്കിലൂടെ പ്രചാരണം നടത്തി വ്യക്തിഹത്യ ചെയ്യണമെന്നും താങ്കൾ ഇവരോട് ആവശ്യപ്പെട്ടിരുന്നോ ? എങ്കിൽ താങ്കളല്ലേ യഥാർത്ഥ “പൊളിറ്റിക്കൽ ക്രിമിനൽ ?” ആവശ്യപ്പെട്ട ക്രിമിനൽ പ്രവൃത്തി ചെയ്യാതിരുന്ന അവർ അല്ലല്ലോ ? ചതിയന്മാരായ പയ്യന്നൂരിലേയും തളിപ്പറമ്പിലെയും
വർഗ്ഗവഞ്ചകരെപ്പോലെയല്ല ജി.സുധാകരൻ, അവരെ ഒരിക്കൽ പോലും നിയമസഭയിലേക്ക് പാർട്ടി മത്സരിപ്പിച്ചിട്ടില്ല, പക്ഷെ ജി.സുധാകരൻ അങ്ങനെയാണോ? പ്രായപൂർത്തി ആയ ശേഷം രണ്ടോ മൂന്നോ വർഷം ഒഴികെ പാർലമെന്ററി സ്ഥാനമോ സംഘടനാ സ്ഥാനമോ ഇല്ലാതിരുന്നിട്ടില്ല. നഗരസഭ കൗൺസിലർ, ജില്ലാ കൗൺസിൽ പ്രസിഡന്റ്, ഏഴ് തവണ നിയമസഭയിലേക്ക് പാർട്ടി ടിക്കറ്റിൽ മത്സരം , 4 തവണ ജയിച്ചു 3 തവണ തോറ്റു, 2 തവണ മന്ത്രി ,
12 വർഷം സിൻഡിക്കേറ്റ് അംഗം, പാർട്ടി ജില്ലാ സെക്രട്ടറി, CITU , KSKTU സെക്രട്ടറി ഇങ്ങനെ പതിറ്റാണ്ടുകൾ പാർട്ടി അവസരങ്ങൾ നൽകിയ ആളാണ്. ഇതിലൂടെയാണ് ജി.സുധാകരൻ എന്ന വ്യക്തിക്ക് കേരളത്തിൽ മേൽവിലാസം ഉണ്ടായത്,. അല്ലാതെ കുടുംബമഹിമ കൊണ്ടല്ല.
പാർട്ടിയിൽ നിന്ന് പതിറ്റാണ്ടുകളായി നേടാനാവുന്നതെല്ലാം നേടിയിട്ട് ഇനിയൊന്നും പാർട്ടിയിൽ നിന്ന് വ്യക്തിപരമായി കിട്ടാനില്ല എന്നതിനാൽ അധികാരത്തിന് വേണ്ടി വർഗ്ഗത്തെ വഞ്ചിച്ച് പുറത്തുപോയ താങ്കൾ സി.പി.ഐ(എം) നെ നന്നാക്കാൻ വരേണ്ട. ചെന്ന്കൂടിയ യു.ഡി.എഫിനെയും BJP യേയും നന്നാക്കിയാൽ മതി.

ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ.രമേശ് ചെന്നിത്തല ഉത്തരം പറയേണ്ട ചില കാര്യങ്ങളും എം എൽ എ കൂടിയായ ജി.സുധാകരൻ പരസ്യമായി പറഞ്ഞിട്ടുണ്ട്. തൂഫാൻ വേദിയിൽ ചെന്നിത്തല പ്രസംഗിക്കുമ്പോൾ വേദിയിൽ മയക്കുമരുന്ന് കച്ചവടക്കാരൻ ഇരിപ്പുണ്ട് എന്നാണ് ജി.സുധാകരൻ പറഞ്ഞത്. ഏത് മയക്കുമരുന്ന് കച്ചവടക്കാരനുമായാണ് താങ്കൾ വേദി പങ്കിട്ടത് എന്നത് ശ്രീ. രമേശ് ചെന്നിത്തല വ്യക്തമാക്കണം. MLA എന്ന ഉത്തരവാദിത്തം നിർവ്വഹിക്കുന്നതിന് പകരം ജി.സുധാകരന് സമൂഹത്തിൽ മേൽവിലാസം ഉണ്ടാക്കി തന്ന പാർട്ടിയെ നിരന്തരം കരിവാരി തേക്കുന്നത് അവസാനിപ്പിക്കുന്നതാണ് നല്ലത്..
ഈ പാർട്ടിയെ ചതിച്ച് പോയയാൾ പാർട്ടിയെ നന്നാക്കാൻ വിയർക്കേണ്ട,
ചെന്ന് കേറിയ പാർട്ടിയെ നന്നാക്കിയാൽ മതി. ചതിവുകളിലൂടെ യാത്ര ചെയ്യുന്നയാളിന്റെ പുലമ്പലിന് കറുകംപുല്ലിന്റെ വില ആരും നൽകില്ല..
— എച്ച്. സലാം



Source link

Leave a Reply

Your email address will not be published. Required fields are marked *