Kerala
oi-Sajitha Gopie
തിരഞ്ഞെടുപ്പ് സമയത്ത് തനിക്കെതിരെ വധശ്രമം ഉണ്ടായെന്ന വെളിപ്പെടുത്തലുമായി നടന്‍ ദേവന്‍. തൃശൂര്‍ വടക്കാഞ്ചേരിയില്‍ വെച്ചാണ് ചിലര്‍ വടിവാളുമായി തന്നെ ആക്രമിക്കാന്‍ വന്നതെന്നും മൈല്‍സ്റ്റോണ്‍ മൂവി മേക്കേഴ്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ദേവന്‍ പറഞ്ഞു.
2004ല്‍ വടക്കാഞ്ചേരി നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ദേവന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. ആ സമയത്ത് പ്രചാരണം കഴിഞ്ഞ് മടങ്ങുന്ന വഴിയില്‍ വെച്ചാണ് ആക്രമണശ്രമം ഉണ്ടായതെന്ന് ദേവന്‍ പറയുന്നു.
”രാത്രി ഒരു 12 മണി ആയിട്ടുണ്ടാകും. താന്‍ വണ്ടിയില്‍ പോയിക്കൊണ്ടിരിക്കുകയാണ്. പിള്ളേരോട് പറഞ്ഞു നിങ്ങള്‍ കിടന്നുറങ്ങിക്കോളൂ, ഞാന്‍ പോവുകയാണ് എന്ന് പറഞ്ഞ് ഒറ്റയ്ക്ക് ഡ്രൈവ് ചെയ്ത് പോവുകയാണ്. കാറിന്റെ മിററിലൂടെ നോക്കുമ്പോള്‍ സ്‌കൂട്ടറില്‍ രണ്ട് പേര്‍ പിന്തുടരുന്നത് കണ്ടു. ആദ്യം തനിക്ക് സംശയമൊന്നും തോന്നിയില്ല, പിന്നെയാണ് ഫോളോ ചെയ്യുകയാണ് എന്ന് മനസ്സിലായത്.

അപ്പോള്‍ താന്‍ കാര്‍ ഒരു സൈഡില്‍ നിര്‍ത്തി, അവരും നിര്‍ത്തി ഇറങ്ങി. പിന്നിലാണ് വാള്‍ വെച്ചിരിക്കുന്നത്. ഒരാള്‍ വാളെടുത്ത് വരുന്നത് മിററിലൂടെ കാണാം. അപ്പോള്‍ എന്റെ കയ്യിലൊരു സ്റ്റിക് ഉണ്ട്. അതുണ്ടെങ്കില്‍ തടുത്തോ മറ്റോ രക്ഷപ്പെട്ട് പോകാം. അതെടുത്ത് ഞാനും ഇറങ്ങി. അത് അവര്‍ തീരെ പ്രതീക്ഷിച്ചില്ല. സിനിമയില്‍ അല്ലാതെ റിയല്‍ ലൈഫില്‍ അങ്ങനെ ശക്തരായ ആളുകളില്ല, ഞാന്‍ അങ്ങനെ ശക്തിയുളള ആളായിരുന്നു. കളരി എന്നൊരു ശക്തി എന്റെയുളളിലുണ്ട്.
ഞാന്‍ ഇറങ്ങിയോടെ അവര്‍ക്ക് മനസ്സിലായി, വണ്ടി എടുത്തോടി. താന്‍ പോലീസ് സ്‌റ്റേഷനില്‍ പോയി പരാതി കൊടുത്തു. പക്ഷേ പോലീസ് തന്റെ പരാതി സ്വീകരിക്കാന്‍ തയ്യാറായില്ല. അവര്‍ പറഞ്ഞത്, അത് തന്റെ എതിരാളികളായ രാഷ്ട്രീയക്കാര്‍ ചെയ്തതാണ്. എസ് ഐ പറഞ്ഞു, ഇവര്‍ നാളെയും വരും മറ്റന്നാളും വരും, നിങ്ങളിത് അവസാനിപ്പിച്ച് പോകാന്‍ വേണ്ടിയാണ്, പേടിപ്പിക്കാന്‍ വേണ്ടി ചെയ്തതാണ് എന്ന്. അതാണ് കളരിയുടെ ഗുണം”.