Headlines

കൊച്ചിക്കാർക്ക് സന്തോഷ വാർത്ത; കാരിക്കാമുറിയിൽ പുതിയ കെഎസ്ആർടിസി ബസ് സ്‌റ്റാൻഡ്‌ വരുന്നു..! |Good News For The People Of Kochi; A New KSRTC Bus Stand Is Coming Up At Karikkamuri


Kerala

oi-Nidhin Illikkambath

കൊച്ചി: യാത്രക്കാരുടെ കാത്തിരിപ്പിന് അവസാനമായിക്കൊണ്ട് കാരിക്കാമുറിയിൽ പുതിയ കെഎസ്ആർടിസി ബസ് ടെർമിനൽ നിർമ്മിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമായി. 9.85 കോടി രൂപ ചെലവിൽ ടെർമിനലിന്റെ ഒന്നാംഘട്ട നിർമ്മാണത്തിനായി പൊതുമരാമത്ത് വകുപ്പ് ടെൻഡർ ക്ഷണിച്ചു. 18 മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

സ്‌റ്റീൽ സ്ട്രക്ച്ചറിൽ രണ്ട് നിലകളിലായാണ് ടെർമിനൽ നിർമ്മിക്കുക. 465.5 ചതുരശ്രമീറ്റർ തറ വിസ്‌തീർണവും 1,283 ചതുരശ്രമീറ്റർ മേൽക്കൂര വിസ്‌തീർണവുമുള്ള കെട്ടിടമാണ് ആദ്യഘട്ടത്തിൽ ഒരുക്കുന്നത്. ഭാവിയിലെ വികസന സാധ്യതകൾ കൂടി കണക്കിലെടുത്തായിരിക്കും നിർമ്മാണം.
സിവിൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ് ജോലികൾക്കാണ് നിലവിലെ ടെൻഡർ ക്ഷണിച്ചിരിക്കുന്നത്.

kochi

ടെർമിനൽ കെട്ടിടത്തിന് പുറമേ മേൽക്കൂരയോടുകൂടിയ ബസ് ബേകൾ, ബസുകളുടെ പ്രവേശന-പുറത്തേക്കുള്ള കവാടങ്ങൾ, ഡ്രെയ്നേജ് സംവിധാനം എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു. സിസിടിവി, പൊതു അറിയിപ്പ് സംവിധാനം തുടങ്ങിയ സൗകര്യങ്ങളും ഒരുക്കും. കാരിക്കാമുറിയിൽ കെഎസ്ആർടിസിയുടെ ഉടമസ്ഥതയിലുള്ള 3.46 ഏക്കർ സ്ഥലത്താണ് പുതിയ ബസ് ടെർമിനൽ നിർമിക്കുന്നത്.

ഈ വർഷം ഫെബ്രുവരിയിലാണ് പദ്ധതിക്ക് സംസ്ഥാന സർക്കാർ ഭരണാനുമതി നൽകിയത്. ഒന്നാംഘട്ട നിർമാണത്തിനായി 13 കോടി രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതി ലഭിച്ചിരിക്കുന്നത്. നേരത്തെ കൊച്ചിൻ സ്‌മാർട് മിഷൻ ലിമിറ്റഡ് (സിഎസ്എംഎൽ) കെഎസ്ആർടിസി ബസ് സ്‌റ്റാൻഡ് നിർമാണത്തിനായി 12 കോടി രൂപ അനുവദിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും പദ്ധതി മുന്നോട്ടുപോയില്ല. തുടർന്നാണ് സംസ്ഥാന സർക്കാർ നേരിട്ട് പദ്ധതി ഏറ്റെടുത്തത്.

എറണാകുളത്തെ നിലവിലെ കെഎസ്ആർടിസി ബസ് സ്‌റ്റാൻഡ് സംസ്ഥാനത്തെ തന്നെ ഏറ്റവും മോശം അവസ്ഥയിലുള്ള ബസ് സ്‌റ്റാൻഡുകളിൽ ഒന്നാണ്. ടിജെ വിനോദ് എംഎൽഎയുടെ ആസ്‌തി വികസന ഫണ്ടും വിവിധ കമ്പനികളുടെ സിഎസ്ആർ ഫണ്ടും ഉപയോഗിച്ച് അടുത്തിടെ സ്‌റ്റാൻഡിൽ ചില നവീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു.

എന്നാൽ പ്രദേശം താഴ്ന്ന നിലയിലായതിനാൽ കനത്ത മഴയിൽ ബസ് നിർത്തിയിടുന്ന സ്ഥലങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ്. പുതിയ ടെർമിനൽ യാഥാർഥ്യമാകുന്നതോടെ എറണാകുളം നഗരത്തിലെ കെഎസ്ആർടിസി യാത്രാസൗകര്യങ്ങളിലും അടിസ്ഥാന സൗകര്യങ്ങളിലും വലിയ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ.

നേരത്തെ പഴയ കെഎസ്ആർടിസി സ്‌റ്റാൻഡിന്റെ പ്രതലം രണ്ടടിയോളം ഉയർത്തി കോട്ട സ്‌റ്റോണുകൾ പാകി നിർമ്മാണം പൂർത്തിയാക്കിയിരുന്നു. കൂടാതെ വിവേകാനന്ദ തോട്ടിൽ നിന്ന് വെള്ളം കയറുന്നത് തടയാൻ സംരക്ഷണ ഭിത്തിയും പുതിയ ഡ്രെയിനേജ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. 15 ബസ് ബേകൾ, ആധുനിക രീതിയിലുള്ള കാത്തിരിപ്പ് കേന്ദ്രം, ശുചിമുറി കോംപ്ലക്‌സ്, വായനമുറി എന്നിവയും ഉണ്ടെങ്കിലും പുതിയ ബസ് സ്‌റ്റാൻഡ്‌ എന്ന ശാശ്വത പരിഹാരം കാത്തിരിക്കുകയായിരുന്നു യാത്രക്കാർ.



Source link

Leave a Reply

Your email address will not be published. Required fields are marked *