Headlines

‘ഈ പ്രസ്ഥാനം പടുത്തുയർത്തപ്പെട്ടത് ഏതെങ്കിലും വ്യക്തികളുടെ താൽപര്യങ്ങളിലല്ല’; വിഎ അരുൺകുമാർ | VA Arunkumar Says This Movement Was Not Built Upon The Interests Of Any Specific Individuals


Kerala

oi-Nidhin Illikkambath

തിരുവനന്തപുരം: നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ സിപിഎമ്മിനെ പരോക്ഷമായി വിമർശിച്ച് വിഎസ് അച്ചുതാനന്ദന്റെ മകൻ വിഎ അരുൺകുമാർ. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ആയിരുന്നു അരുൺകുമാറിന്റെ പ്രതികരണം. പാർട്ടിയെയോ ഏതെങ്കിലും വ്യക്തികളെയോ പേരെടുത്ത് പറയാതെയാണ് അദ്ദേഹത്തിന്റെ വാക്കുകൾ.

ഇന്നത്തെ കാലത്തെ പ്രചാരണങ്ങളും സ്വാഭാവികമായും താഴെത്തട്ടിലുള്ള സാധാരണ പ്രവർത്തകരിൽ ചില ആശങ്കകൾ സൃഷ്‌ടിക്കുന്നുണ്ടാകാമെന്ന് അദ്ദേഹം പറയുന്നു. പ്രതിസന്ധിഘട്ടത്തിൽ ഓർക്കേണ്ട ഒരു അടിസ്ഥാന സത്യമുണ്ട്: ഈ പ്രസ്ഥാനം പടുത്തുയർത്തപ്പെട്ടത് ഏതെങ്കിലും വ്യക്തികളുടെ താൽപര്യങ്ങളിലല്ല, മറിച്ച് തലമുറകളായി ചോരയും വിയർപ്പും നൽകിയ പാവപ്പെട്ട മനുഷ്യരുടെ വിശ്വാസത്തിലാണെന്ന് അരുൺകുമാർ പറയുന്നു.

va arunkumar

സാധാരണക്കാരെ ഒരിക്കലും പാർട്ടി മറക്കരുതെന്നാണ് അദ്ദേഹം പറയുന്നത്. സാധാരണക്കാരുടെ കണ്ണിൽ പ്രസ്ഥാനത്തിന്റെ വിശ്വാസ്യതയ്ക്ക് ഒരു പോറൽ പോലും ഏൽക്കാതിരിക്കാനുള്ള ജാഗ്രത ഓരോ ഘട്ടത്തിലും ഉണ്ടാകണമെന്നും അവരുടെ പ്രശ്‌നങ്ങൾ മനസിലാക്കി കൊണ്ട് വേണം ഇടത് പക്ഷ പ്രസ്ഥാനം മുന്നോട്ട് പോകാനെന്നും അരുൺകുമാർ ചൂണ്ടിക്കാട്ടി.

നിലവിൽ പാർട്ടി നേരിടേണ്ടി വരുന്ന ആരോപണങ്ങൾക്ക് ഇടയിൽ അരുൺകുമാറിന്റെ വാക്കുകൾക്ക് പ്രസക്തി ഏറെയാണ്. പ്രത്യേകിച്ച് ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട് പിണറായി വിജയനും കുടുംബത്തിനും നേരെ ഉയർന്ന ആരോപണങ്ങൾ പാർട്ടി ഏറ്റെടുക്കണോ വേണ്ടയോ എന്ന തരത്തിലുള്ള ചർച്ചകൾ പുരോഗമിക്കുന്ന വേളയിൽ.

വിഎ അരുൺകുമാറിന്റെ വാക്കുകൾ: സമകാലിക രാഷ്ട്രീയ വിവാദങ്ങളും പ്രചാരണങ്ങളും സ്വാഭാവികമായും താഴെത്തട്ടിലുള്ള സാധാരണ പ്രവർത്തകരിൽ ചില ആശങ്കകൾ സൃഷ്‌ടിക്കുന്നുണ്ടാകാം. അത്തരം സന്ദർഭങ്ങളിൽ ജനങ്ങളോട് കാര്യങ്ങൾ തുറന്നുപറയാനും രാഷ്ട്രീയമായി പ്രതിരോധിക്കാനും നേതൃത്വം മുന്നിട്ടിറങ്ങുന്നത് സ്വാഭാവികമായ ജനാധിപത്യ പ്രക്രിയയാണ്.

എന്നാൽ, ഏതൊരു പ്രതിസന്ധിഘട്ടത്തിലും നാം ഓർക്കേണ്ട ഒരു അടിസ്ഥാന സത്യമുണ്ട്: ഈ പ്രസ്ഥാനം പടുത്തുയർത്തപ്പെട്ടത് ഏതെങ്കിലും വ്യക്തികളുടെ താൽപര്യങ്ങളിലല്ല, മറിച്ച് തലമുറകളായി ചോരയും വിയർപ്പും നൽകിയ പാവപ്പെട്ട മനുഷ്യരുടെ വിശ്വാസത്തിലാണ്.

കുപ്രചാരണങ്ങളെ രാഷ്ട്രീയമായി ചെറുക്കുമ്പോൾ തന്നെ, സാധാരണക്കാരുടെ കണ്ണിൽ പ്രസ്ഥാനത്തിന്റെ വിശ്വാസ്യതയ്ക്ക് ഒരു പോറൽ പോലും ഏൽക്കാതിരിക്കാനുള്ള ജാഗ്രത ഓരോ ഘട്ടത്തിലും ഉണ്ടാകണം. തെറ്റുകൾ ഉണ്ടാകാതെ നോക്കാനും, ജനങ്ങളുടെ സംശയങ്ങൾ ദൂരീകരിച്ച് സുതാര്യമായി മുന്നോട്ടുപോകാനും കഴിയുമ്പോഴാണ് ഏതൊരു ഇടതുപക്ഷ പ്രസ്ഥാനവും കൂടുതൽ കരുത്താർജ്ജിക്കുന്നത്.

അച്ഛൻ എപ്പോഴും ഓർമ്മിപ്പിച്ചിരുന്നതുപോലെ-“ജനങ്ങളാണ് പ്രസ്ഥാനത്തിന്റെ യജമാനന്മാർ, അവരുടെ വിശ്വാസമാണ് ഏറ്റവും വലിയ മൂലധനം.” ആശയപരമായ വ്യക്തതയോടെ, സാധാരണക്കാരുടെ പ്രശ്‌നങ്ങൾക്കൊപ്പം നിന്ന് മുന്നോട്ടുപോകാൻ നമുക്ക് കഴിയണം. പ്രതിസന്ധികളെയും വിവാദങ്ങളെയും അതിജീവിച്ച്, കൂടുതൽ ജനകീയമായി പ്രസ്ഥാനം മുന്നോട്ടുപോകുക തന്നെ ചെയ്യും.



Source link

Leave a Reply

Your email address will not be published. Required fields are marked *