Headlines

ബെംഗളൂരു ബിദാദി ടൗൺഷിപ്പ് പദ്ധതി; പ്രതിഷേധം കടുപ്പിക്കാൻ കർഷകർ, ഓഗസ്‌റ്റ് 25ന് വിധാൻ സൗധ ചലോ മാർച്ച് | Bengaluru Bidadi Township Project; Farmers To Intensify Protests, Vidhana Soudha Chalo March On August 25


India

oi-Nidhin Illikkambath

ബെംഗളൂരു: ബിദാദി ടൗൺഷിപ്പ് പദ്ധതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘടനകൾ ഓഗസ്‌റ്റ് 25ന് ‘വിധാൻ സൗധ ചലോ’ മാർച്ച് നടത്തും. സംയുക്ത ഹൊരാട്ട കർണാടകയും ഭൂമി ഹിതരക്ഷണ സംഘവുമാണ് പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്. ബിദാദി ടൗൺഷിപ്പ് പദ്ധതിക്കായി കൃഷിഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെയാണ് പ്രതിഷേധം.

പദ്ധതി സംബന്ധിച്ച് പഠിക്കാൻ വിരമിച്ച ഹൈക്കോടതി ചീഫ് ജസ്‌റ്റിസിന്റെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിക്കുമെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, കമ്മിറ്റി രൂപീകരിക്കുന്നതിനുള്ള ഔദ്യോഗിക ഉത്തരവ് വൈകുന്നതിനെ സംഘടനകൾ വിമർശിച്ചു. ഇതോടെയാണ് കർഷകർ വീണ്ടും പ്രത്യക്ഷ സമരത്തിന് ഇറങ്ങുന്നത്.

bengaluru

ബിദാദിയിലെ കർഷകർ 550 ദിവസത്തിലേറെയായി അനിശ്ചിതകാല സമരം നടത്തുകയാണെന്നാണ് സംഘടനകളുടെ അവകാശവാദം. സമരം ചെയ്യുന്ന ഭൂരിഭാഗം കർഷകരുമായും സർക്കാർ ചർച്ച നടത്തിയിട്ടില്ലെന്നും അവർ ആരോപിച്ചു. ജൂലൈ 14ന് മുഖ്യമന്ത്രി ഡികെ ശിവകുമാർ വിഷയം പരിശോധിക്കാൻ കമ്മിറ്റി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ഓഗസ്‌റ്റ് 9ന് ജസ്‌റ്റിസ് ഗുഹനാഥൻ നരേന്ദ്രയുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ചതായും 30 ദിവസത്തിനകം റിപ്പോർട്ട് നൽകുമെന്നും സർക്കാർ അറിയിച്ചിരുന്നു. എന്നാൽ കമ്മിറ്റി രൂപീകരിച്ചതിന്റെ ഔദ്യോഗിക ഉത്തരവ് ഇതുവരെ പുറത്തിറങ്ങിയിട്ടില്ലെന്നാണ് പ്രതിഷേധിക്കുന്ന കർഷക സംഘടനകളുടെ ആരോപണം.

ഇതിന് പിന്നാലെയാണ് കൃഷിഭൂമി സംരക്ഷിക്കണമെന്നും ബിദാദി ടൗൺഷിപ്പ് പദ്ധതി ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ഓഗസ്‌റ്റ് 25ന് വിധാൻ സൗധയിലേക്ക് മാർച്ച് നടത്തുന്നത്. കർഷകർ, തൊഴിലാളികൾ, സ്ത്രീകൾ, വിദ്യാർഥികൾ, യുവാക്കൾ എന്നിവർ പ്രതിഷേധത്തിൽ പങ്കെടുക്കണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടു. പ്രതിഷേധം വലിയ രീതിയിൽ സംഘടിപ്പിക്കാനാണ് സംഘടനകളുടെ തീരുമാനം.

അതിനിടെ പദ്ധതിക്ക് എതിരെ പ്രതിപക്ഷ കക്ഷികളിൽ നിന്നും എതിർപ്പ് രൂക്ഷമാണ്, പ്രത്യേകിച്ച് ജെഡിഎസ് അടക്കമുള്ള കക്ഷികളാണ് പ്രതിഷേധത്തിൽ മുൻനിരയിൽ ഉള്ളത്. പദ്ധതി ഉപേക്ഷിക്കണമെന്നാണ് അവരുടെ ആവശ്യം. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ പലയിടത്തും ജെഡിഎസ് പ്രതിഷേധങ്ങളും സംഘടിപ്പിച്ചിരുന്നു.

ബെംഗളൂരുവിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയായി ഒരു വമ്പൻ സംയോജിത ടൗൺഷിപ്പ് ഉണ്ടാക്കുവാനാണ് സർക്കാർ പദ്ധതി. ബിദാദി ഹോബ്ലിയിലെ ഭൈരമംഗല, കഞ്ചുഗരണഹള്ളി ഗ്രാമപഞ്ചായത്ത് പ്രദേശങ്ങൾ ഉൾപ്പെടെ ഏകദേശം 9640 ഏക്കർ ഭൂമി ഇതിനായി ഏറ്റെടുക്കേണ്ടി വരുമെന്നാണ് കരുതുന്നത്. ഇതിൽ ഏറിയ പങ്കും കൃഷി ഭൂമിയാണ്.



Source link

Leave a Reply

Your email address will not be published. Required fields are marked *