Headlines

പരീക്ഷ നടത്തിപ്പിലെ വീഴ്‌ചകൾ; കടുത്ത നടപടികളുമായി എൻടിഎ, 600 വിദഗ്‌ധരെ ഒഴിവാക്കും, സൂക്ഷ്‌മ പരിശോധനയും | NTA To Take Strict Action 600 Experts To Be Removed And A Thorough Screening To Be Conducted


India

oi-Nidhin Illikkambath

ന്യൂഡൽഹി: പരീക്ഷ നടത്തിപ്പിലെ തുടർച്ചയായ വീഴ്‌ചകൾക്ക് പിന്നാലെ കടുത്ത നടപടിയുമായി എൻടിഎ. 600 വിദഗ്‌ധരെ നിലവിലെ പാനലുകളിൽ നിന്ന് ഒഴിവാക്കി പുതിയ വിദഗ്‌ധരെ ഉൾപ്പെടുത്താൻ നടപടികൾ ആരംഭിച്ചിരിക്കുകയാണ് എൻടിഎ. ഇനി ഓരോ പരീക്ഷയുടെയും ചോദ്യപേപ്പർ പരീക്ഷയ്ക്ക് മുമ്പ് നാല് ഘട്ടങ്ങളിലായി സൂക്ഷ്‌മപരിശോധനയ്ക്ക് വിധേയമാക്കാനും ഏജൻസി തീരുമാനിച്ചിട്ടുണ്ട്.

വിദ്യാഭ്യാസ മന്ത്രി പ്രഹ്ളാദ് ജോഷിയുടെ നേതൃത്വത്തിൽ നടന്ന തുടർ അവലോകന യോഗത്തിലാണ് ദേശീയ പരീക്ഷാ ഏജൻസി ഡയറക്‌ടർ ജനറൽ പുതിയ നടപടികൾ വിശദീകരിച്ചത്. അടുത്ത രണ്ടുമുതൽ മൂന്നാഴ്‌ചയ്ക്കുള്ളിൽ 20 മുതൽ 25 വരെ ഉദ്യോഗസ്ഥരെ കൂടി നിയമിക്കുമെന്നും ഏജൻസി അറിയിച്ചു. ഓഫീസുകൾ പുതിയ കെട്ടിടങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടികളും അടിയന്തരമായി പുരോഗമിക്കുകയാണ്.

nta

സുരക്ഷ ശക്തമാക്കുന്നതിനായി സിആർപിഎഫ് സംഘങ്ങളെയും വിന്യസിക്കും. ചോദ്യപേപ്പർ തയ്യാറാക്കുന്നതിന്റെ വിവിധ ഘട്ടങ്ങളിലെ പരിശോധന കൂടുതൽ ശക്തമാക്കുകയാണ് നാല് ഘട്ട പരിശോധനാ സംവിധാനത്തിന്റെ ലക്ഷ്യം. ചോദ്യപേപ്പർ അന്തിമമാക്കുന്നതിന് മുമ്പ് വസ്‌തുതാപരമായ പിഴവുകൾ, ഭാഷാപരമായ പിശകുകൾ, വിവർത്തനത്തിലെ തെറ്റുകൾ, അച്ചടി-രൂപകൽപ്പന സംബന്ധമായ പിഴവുകൾ എന്നിവ കണ്ടെത്തി പരിഹരിക്കാനാണ് നടപടി.

അടുത്തിടെ നടന്ന യുജിസി നെറ്റ് പരീക്ഷയിലെ ഇംഗ്ലീഷ്, കൊമേഴ്‌സ്, സോഷ്യോളജി വിഷയങ്ങളുടെ ചോദ്യപേപ്പറുകളിൽ ഗുരുതരമായ പിഴവുകൾ കണ്ടെത്തിയതിന് പിന്നാലെയാണ് ദേശീയ പരീക്ഷാ ഏജൻസി പുതിയ പരിഷ്‌കാരങ്ങളിലേക്ക് നീങ്ങുന്നത്. ഈ മൂന്ന് പരീക്ഷകളെഴുതിയ നിരവധി ഉദ്യോഗാർഥികളിൽനിന്ന് പരാതികൾ ലഭിച്ചിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിൽ വസ്‌തുതാപരവും അച്ചടിയുമായി ബന്ധപ്പെട്ടതുമായ നിരവധി പിശകുകൾ, വിവർത്തനത്തിലെ തെറ്റുകൾ, തെറ്റായ രീതിയിൽ തയ്യാറാക്കിയ ചോദ്യങ്ങൾ, ചോദ്യങ്ങളുടെ ആവർത്തനം എന്നിവ കണ്ടെത്തി. പിഴവുകളുടെ വ്യാപ്‌തി വളരെ കൂടുതലായതിനാൽ നിലവിലുള്ള നടപടികളിലൂടെ അവ പരിഹരിക്കാൻ കഴിയില്ലെന്നായിരുന്നു സമിതിയുടെ വിലയിരുത്തൽ.

പരീക്ഷാ സംവിധാനത്തിന്റെ സമഗ്രമായ പരിശോധന നടത്താനും പിഴവുകൾ പരിഹരിക്കാൻ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് സമർപ്പിക്കാനും വിദ്യാഭ്യാസ മന്ത്രി തിങ്കളാഴ്‌ച നടന്ന ആദ്യ അവലോകന യോഗത്തിൽ നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചോദ്യപേപ്പർ തയ്യാറാക്കൽ മുതൽ പരീക്ഷ നടത്തിപ്പ് വരെയുള്ള നടപടികളിൽ കൂടുതൽ കർശനമായ പരിശോധനയും സുരക്ഷാ സംവിധാനങ്ങളും ഏർപ്പെടുത്താനുള്ള തീരുമാനമുണ്ടായത്.

നേരത്തെ നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് കടുത്ത ആരോപണങ്ങളാണ് എൻടിഎ നേരിട്ടത്. മാത്രമല്ല ഏജൻസിയിലെ വിദഗ്‌ധർ ഉൾപ്പെടെ ഇതിന്റെ ഭാഗമായെന്ന് സിബിഐ കണ്ടെത്തിയിരുന്നു. പിന്നാലെ നടന്ന വമ്പൻ വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്നാലെ ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ കടുത്ത നടപടികൾ സ്വീകരിച്ചിരുന്നു.



Source link

Leave a Reply

Your email address will not be published. Required fields are marked *