Lifestyle
oi-Sajitha Gopie
മിക്ക വീടുകളിലും പല്ലികളുടെ ശല്യം സാധാരണമാണ്.
അവ അടുക്കളയിലെ കബോഡുകളിലും ബെഡ്റൂമിലെ അലമാരകളിലുമെല്ലാം കറങ്ങി നടക്കുന്നത് കാണാം. മാത്രമല്ല പലയിടത്തായി കാഷ്ഠിച്ച് വെക്കുന്നതും പതിവാണ്.
എന്തൊക്കെ മാർഗങ്ങൾ പരീക്ഷിച്ചാലും പല്ലികൾ പൂർണമായും അങ്ങ് വിട്ട് പോയെന്ന് വരില്ല. മാർക്കറ്റിൽ കിട്ടുന്ന രാസവസ്തുക്കൾ അടങ്ങിയ സ്പ്രേകളും മറ്റും പല്ലികളെ അകറ്റുമായിരിക്കും, പക്ഷേ അവ നമ്മുടെ ആരോഗ്യത്തിന് എത്ര മാത്രം നല്ലതാണ് എന്നതും നോക്കണമല്ലോ.
രാസവസ്തുക്കളുളള സ്പ്രേകളുടെ സഹായം ഇല്ലാതെ തന്നെ പല്ലികളെ തുരത്താം. അതും നിങ്ങളുടെ വീട്ടിൽ തന്നെയുളള ചില്ലറ പൊടിക്കൈകൾ ഉപയോഗിച്ച്. അതിനുളള 5 എളുപ്പവഴികളിതാ..

മുട്ടത്തോട്
മുട്ട കഴിച്ച് കഴിഞ്ഞ് മുട്ടത്തോട് കളയാൻ വരട്ടെ. പല്ലികളെ ഓടിക്കാൻ മുട്ടത്തോട് ബെസ്റ്റാണ്. കഴുകി ഉണക്കിയ മുട്ടത്തോടുകൾ ജനൽപ്പടികളിലും വാതിലുകൾക്കടുത്തും വയ്ക്കുക. മുട്ടത്തോട് മണക്കുമ്പോൾ തങ്ങളെ വേട്ടയാടുന്ന മറ്റ് ജീവികളുടെ സാന്നിധ്യമുണ്ടെന്ന് തെറ്റിദ്ധരിച്ച് പല്ലികൾ ആ വഴിക്ക് വരില്ല.
വെളുത്തുള്ളിയും സവാളയും
വെളുത്തുള്ളിയും സവാളയും രൂക്ഷമായ മണം കൊണ്ട് പല്ലികളെ ഓടിക്കും. രൂക്ഷമായ മണം പല്ലികൾക്ക് സഹിക്കാൻ കുറച്ച് പാടാണ്. വെളുത്തുള്ളിയോ സവോളയോ ചതച്ച് വെള്ളത്തിലിട്ട് കുറച്ചു നേരം വെച്ചതിനുശേഷം ആ വെള്ളം അരിച്ചെടുക്കുക. ഈ വെള്ളം പല്ലികൾ വരുന്ന വാതിലുകൾ, ജനലുകൾ, മൂലകൾ എന്നിവിടങ്ങളിൽ തളിച്ചുകൊടുക്കാം.
കുരുമുളക് സ്പ്രേ
കുരുമുളകുപൊടി വെള്ളത്തിൽ കലക്കി പല്ലികൾ സ്ഥിരമായി കാണപ്പെടുന്ന മൂലകളിലും അലമാരകളുടെ അരികുകളിലുമെല്ലാം തളിക്കുക. ഇതിന്റെ മണവും പല്ലികളെ തുരത്താൻ വളരെ സഹായിക്കും.
പുതിനയും യൂക്കാലിപ്റ്റസും
രൂക്ഷമായ മണം കൊണ്ട് പല്ലികളെ ഓടിക്കാൻ സഹായിക്കുന്ന മറ്റ് വസ്തുക്കളാണ് പുതിനയും യൂക്കാലിപ്റ്റസും. നിങ്ങൾക്ക് പുതിനച്ചെടി വളർത്താം. അല്ലെങ്കിൽ ഇതിന്റെ എണ്ണ ജനലുകളിലും മൂലകളിലും തളിക്കുകയും ചെയ്യാം. പല്ലികൾക്ക് ഈ രൂക്ഷമായ മണം താങ്ങാനാകില്ല.
മയിൽപ്പീലി
പല്ലികൾക്ക് മയിൽപ്പീലി കാണുന്നത് ഭയമാണത്രേ. കാരണം മയിലുകൾ പല്ലികളെയും മറ്റ് ചെറിയ ഇഴജന്തുക്കളെയും ഭക്ഷണമാക്കാറുണ്ട് എന്നത് തന്നെ. പല്ലികളെ സ്ഥിരമായി കാണുന്ന ഇടങ്ങളിൽ മയിൽപ്പീലി വെക്കുന്നത് അവയെ തുരത്താൻ സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്.