Headlines

ഹെബ്ബാൾ തുരങ്ക പാതയ്ക്ക് എതിരെ എതിർപ്പ് ശക്തമാവുന്നു; ലാൽബാഗിൽ പാറ ആലിംഗനം ചെയ്‌ത്‌ പ്രതിഷേധം | Opposition To The Bengaluru Hebbal Tunnel Road Project Intensifies; Protest Held At Lalbagh By Hugging Rocks


India

oi-Nidhin Illikkambath

ബെംഗളൂരു: കർണാടക സർക്കാർ മുന്നോട്ട് വച്ച നിർദ്ദിഷ്‌ട തുരങ്കപാത പദ്ധതിക്കെതിരെ ബെംഗളൂരുവിൽ പ്രതിഷേധം ശക്തമാകുന്നു. പദ്ധതിക്കെതിരെ ഫ്രീഡം പാർക്കിൽ വലിയ പ്രതിഷേധം സംഘടിപ്പിക്കാൻ ഒരുങ്ങുകയാണെന്ന് പ്രതിഷേധക്കാർ അറിയിച്ചു. ഇന്നലെ ലാൽബാഗിൽ മനുഷ്യച്ചങ്ങലകൾ തീർത്ത് തുരങ്കപാത പദ്ധതിക്കെതിരെ ചിലർ പ്രതിഷേധിച്ചിരുന്നു.

കൂടാതെ പാർക്കിനുള്ളിലെ പെനിൻസുലാർ ഗ്നൈസ് പാറയെ ആലിംഗനം ചെയ്‌താണ് തങ്ങളുടെ എതിർപ്പ് പ്രതിഷേധക്കാർ രേഖപ്പെടുത്തിയത്. ലാൽബാഗ് വാക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. തുരങ്കപാത പദ്ധതി ബെംഗളൂരുവിന്റെ ഹരിതമേഖല, ഭൂമിശാസ്ത്ര പൈതൃകം, ജൈവവൈവിധ്യം എന്നിവയ്ക്ക് തിരിച്ചുപിടിക്കാനാകാത്ത നാശം വരുത്താൻ സാധ്യതയുണ്ടെന്നാണ് പ്രതിഷേധക്കാരുടെ വാദം.

bengaluru

ഇത്തവണ പാർക്കിനുള്ളിൽ പ്രതിഷേധം നടത്താൻ പോലീസ് അനുമതി നിഷേധിച്ചതിനെ തുടർന്നാണ് പാറയെ ആലിംഗനം ചെയ്‌ത്‌ പ്രതിഷേധിച്ചതെന്ന് സംഘാടകർ പറഞ്ഞു. ദശലക്ഷക്കണക്കിന് വർഷം പഴക്കമുള്ള ലാൽബാഗിലെ ഈ പാറ തുരങ്ക നിർമാണത്തിനായി നടത്തുന്ന പാറപൊട്ടിക്കലും ഭൂഗർഭ ഖനനവും മൂലം കേടുപാടുകൾക്ക് വിധേയമാകാൻ സാധ്യതയുണ്ടെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി.

ലാൽബാഗ് ഒരു പാർക്ക് മാത്രമല്ല. അത് ബെംഗളൂരുവിന്റെ ശ്വാസകോശവും ചരിത്രവുമാണ്. ദശലക്ഷക്കണക്കിന് വർഷം പഴക്കമുള്ള ഭൂമിശാസ്ത്ര ചരിത്രവും നൂറ്റാണ്ടുകൾ പഴക്കമുള്ള സസ്യ പൈതൃകവും കോൺക്രീറ്റ് നിർമാണത്തിനായി നശിപ്പിക്കുന്നത് അംഗീകരിക്കാനാകില്ല. പരിസ്ഥിതി സംരക്ഷിക്കുന്നതിനായി മുഴുവൻ തുരങ്കപാത പദ്ധതിയും ഉടൻ റദ്ദാക്കണം; എന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.

പരിസ്ഥിതി പ്രവർത്തകൻ ദത്താത്രേയ ടി ദേവാരെയും പദ്ധതിക്കെതിരെ രംഗത്തെത്തി. ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെയുള്ള നിർദ്ദിഷ്‌ട തുരങ്കപാത, ഹെബ്ബാൾ-വെറ്ററിനറി കോളേജ് ഇടയിലെ ചെറിയ തുരങ്കം, ഒൻപത് എലിവേറ്റഡ് ഇടനാഴികൾ, മെട്രോ ഇരട്ടനില പദ്ധതികൾ എന്നിവ നഗരത്തിന്റെ പരിസ്ഥിതിക്ക് സ്ഥിരമായ നാശമുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസാണ് അദ്ദേഹത്തെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്‌.

ഈ പദ്ധതികളെക്കുറിച്ച് വിദഗ്‌ധർ വിശദമായ പഠനങ്ങൾ നടത്തിയിട്ടില്ലെന്നും അതിനാൽ പദ്ധതികൾ നടപ്പാക്കിയാൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ മുൻകൂട്ടി കൃത്യമായി വിലയിരുത്താൻ കഴിയില്ലെന്നും ദേവാരെ പറഞ്ഞു. തുരങ്കപാത പദ്ധതിക്കെതിരെ ഫ്രീഡം പാർക്കിൽ കൂടുതൽ വിപുലമായ പ്രതിഷേധം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പരിസ്ഥിതി പ്രവർത്തകരും.

ഹെബ്ബാൾ ടണൽ റോഡ് പദ്ധതി

ഏകദേശം 16.7 കിലോമീറ്റർ നീളമുള്ള ഇരട്ട ടണൽ നിർമ്മിച്ച് നഗരത്തിന്റെ വടക്കൻ ഭാഗമായ ഹെബ്ബാളിനെ സിൽക്ക് ബോർഡുമായി ബന്ധിപ്പിക്കാനാണ് പദ്ധതി. മെഖ്രി സർക്കിൾ, റേസ് കോഴ്‌സ്, ലാൽബാഗ് തുടങ്ങിയ സ്ഥലങ്ങളിൽ പ്രവേശന-പുറത്തേക്കുള്ള റാംപുകൾ നിർദേശിച്ചിട്ടുണ്ട്. ഡിപിആർ പ്രകാരം പദ്ധതിക്ക് ലാൽബാഗിലെ ഏകദേശം 2.47 ശതമാനം പ്രദേശം, ഏതാണ്ട് 2.37 ഹെക്‌ടർ ഭൂമിയോളം നിർമാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായി വരാം. ഇതാണ് പ്രതിഷേധം ശക്തമാവാൻ കാരണം.



Source link

Leave a Reply

Your email address will not be published. Required fields are marked *