Headlines

A Huge Jackpot for Mine Workers in Madhya Pradesh: A Diamond Worth Lakhs Found in the Soil| ഖനി തൊഴിലാളികൾക്ക് വൻ ജാക്ക്പോട്ട്, മണ്ണിൽ നിന്ന് കിട്ടിയത് ലക്ഷങ്ങളുടെ ഡയമണ്ട്


India

oi-Sajitha Gopie

ജീവിതം സ്വപ്‌നതുല്യമായി മാറി മറിയാന്‍ ചിലപ്പോള്‍ ഒരു നിമിഷം മതിയാകും. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാട് പെട്ടിരുന്ന മധ്യപ്രദേശിലെ ഈ ഏഴ് ഖനി തൊഴിലാളികളുടെ ജീവിതം അങ്ങനെ ഒറ്റ രാത്രി കൊണ്ടാണ് സ്വപ്‌നത്തിലെന്ന പോലെ മാറി മറിഞ്ഞിരിക്കുന്നത്. പാട്ടത്തിനെടുത്ത ഖനിയില്‍ നിന്നാണ് ഈ തൊഴിലാളികളെ ഭാഗ്യം തുണച്ചത്.

പന്ന ജില്ലയിലെ സര്‍കോഹ ഗ്രാമത്തില്‍ ദിവസവേതനത്തിന് ഖനിയില്‍ ജോലി ചെയ്യുന്നവരാണ് ഈ 7 പേരും. അഖിലേഷ് പാല്‍ എന്നയാളാണ് ഈ ഖനി പാട്ടത്തിന് എടുത്തിരുന്നത്. നല്ല മഴ പെയ്തിരുന്ന ഒരു ദിവസം അഖിലേഷ് പാലും മറ്റ് തൊഴിലാളികളും ഖനിയില്‍ പരിശോധന നടത്തിക്കൊണ്ടിരിക്കുകയായിരുന്നു.

അതിനിടെയാണ് അഖിലേഷ് മണ്ണിലെന്തോ തിളങ്ങുന്നതായി കണ്ടത്. എല്ലാവരും ചേര്‍ന്ന് പരിശോധിച്ചപ്പോഴാണ് അത് വെറുതെ ഒരു തിളക്കം അല്ലെന്നും ഡയമണ്ട് ആണെന്നും മനസ്സിലായത്. ഖനിയില്‍ നിന്നും ഡയമണ്ട് ലഭിച്ചുവെന്ന വാര്‍ത്ത അതിവേഗം കാട്ടുതീ പോലെയാണ് ഗ്രാമത്തില്‍ പരന്നത്. തുടര്‍ന്ന് അധികൃതര്‍ സ്ഥലത്ത് എത്തി കിട്ടിയത് ഡയമണ്ട് തന്നെ ആണെന്ന് പരിശോധിച്ച് ഉറപ്പിച്ചു.

Diamond

16.96 കാരറ്റ് ഡയമണ്ടാണ് തൊഴിലാളികള്‍ക്ക് കിട്ടിയത്. ഇതിന് വില ഏകദേശം അരക്കോടിക്ക് മുകളില്‍ വരും എന്നാണ് കണക്കാക്കിയിരിക്കുന്നത്. അന്തിമ വില എന്താകുമെന്ന് സര്‍ക്കാര്‍ ലേലത്തില്‍ വെക്കുമ്പോള്‍ മാത്രമേ പറയാന്‍ സാധിക്കൂ. അതെന്തായാലും വലിയൊരു തുക തന്നെ ഇതിലൂടെ തൊഴിലാളികള്‍ക്ക് ലഭിക്കും. നിയമപ്രകാരം സര്‍ക്കാരിനുളള റോയല്‍റ്റി കഴിഞ്ഞ് ബാക്കി മുഴുവന്‍ തുകയും ഖനിയില്‍ ജോലി ചെയ്തിരുന്ന ഏഴ് പേര്‍ക്കുമായി വീതിച്ച് നല്‍കും.

സംഭവിച്ചത് ഇപ്പോഴും വിശ്വസിക്കാനാവാതെയിരിക്കുകയാണ് ഖനി തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും. സന്തോഷ്, ശര്‍മന്‍, അരുണ്‍ എന്നീ തൊഴിലാളികള്‍ 30തിനും 38നും ഇടയില്‍ പ്രായമുളളവരാണ്. കടുത്ത ദാരിദ്ര്യം കാരണം ഇവര്‍ക്ക് ഇതുവരെ വിവാഹം കഴിക്കാന്‍ സാധിച്ചിട്ടില്ല. പണം കയ്യില്‍ വന്നാല്‍ വിവാഹം കഴിക്കാനാകും എന്നുളള സന്തോഷത്തിലാണ് മൂവരും.

മാത്രമല്ല പുതിയ വീട് പണിയാനും മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം കൊടുക്കാനുമെല്ലാം ഈ ഡയമണ്ട് ലേലം ചെയ്ത് ലഭിക്കുന്ന പണം ഉപയോഗിക്കാന്‍ സാധിക്കുമെന്ന ആശ്വാസത്തിലും സന്തോഷത്തിലുമാണ് തൊഴിലാളികളെല്ലാം. നിയമപരമായ നടപടികളെല്ലാം പൂര്‍ത്തിയായ ശേഷം അധികൃതര്‍ ഈ ഡയമണ്ട് ലേലത്തില്‍ വെയ്ക്കും.



Source link

Leave a Reply

Your email address will not be published. Required fields are marked *