Headlines

ബെംഗളൂരു കെഎസ്ആര്‍ടിസി അപകടത്തില്‍ ദുരൂഹത; മുട്ടയേറ് ഉണ്ടായോ? അന്വേഷണം തുടങ്ങി | Bengaluru KSRTC Accident; Was There An Egg Throwing Incident? Investigation Underway On Mystery


India

oi-Ashif N

ബെംഗളൂരുവിലേക്ക് കോഴിക്കോട് നിന്ന് പോയ കെഎസ്ആര്‍ടിസി ബസ് ദിവസങ്ങള്‍ക്ക് മുമ്പ് ബിഡതിയില്‍ വച്ച് അപകടത്തില്‍ പെട്ടിരുന്നു. കണ്ടക്ടറും ക്ലീനറും മരിച്ച സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഡ്രൈവര്‍ തുടര്‍ച്ചയായി ജോലി ചെയ്തതാണ് ദുരന്തത്തിന് ഇടയാക്കിയത് എന്നായിരുന്നു ആദ്യ വിവരം. എന്നാല്‍ മതിയായ വിശ്രമം ഡ്രൈവര്‍ക്ക് ലഭിച്ചിരുന്നു എന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.

ബസ് അമിത വേഗതയിലായിരുന്നു എന്ന് വ്യക്തമായിട്ടുണ്ട്. എങ്കിലും വേഗത കൂടിയാലും ദുരന്തത്തിന് കാരണമാകുന്ന പാതയല്ല. ഇക്കാര്യത്തില്‍ സംശയം നിലനില്‍ക്കവെയാണ് ഇന്നലെ മറ്റൊരു കെഎസ്ആര്‍ടിസി ബസിന് നേരെ ആക്രമണമുണ്ടായത്. നേരത്തെ ബസ് അപകടത്തില്‍പ്പെട്ട സ്ഥലത്തിന് ഏകദേശം അടുത്ത് വച്ച് മുട്ടയേറുണ്ടായി. മൂന്ന് മുട്ടകള്‍ ബസിന്റെ ചില്ലില്‍ പതിച്ചു.

ksrtc bengaluru egg throwing incident

ഡ്രൈവര്‍ വേഗത കുറച്ച് ബസ് നിയന്ത്രണത്തിലാക്കുകയായിരുന്നു. നിറയെ യാത്രക്കാരുള്ള ബസിന് നേരെയാണ് മുട്ടയേറുണ്ടായത്. ഇതോടെയാണ് നേരത്തെയുണ്ടായ അപകടം മുട്ടയേറ് കാരണമാണോ എന്ന സംശയം ഉയര്‍ന്നത്. മുട്ടയേറുണ്ടായ സംഭവത്തില്‍ കെഎസ്ആര്‍ടിസി കര്‍ണാടക ഡിജിപിക്ക് പരാതി നല്‍കി. പ്രദേശത്തെ മലയാളി കൂട്ടായ്മയും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

മുട്ടയേറ് വളരെ ഗൗരവത്തോടെയാണ് കാണുന്നത് എന്ന് കെഎസ്ആര്‍ടിസി വൃത്തങ്ങള്‍ പറഞ്ഞു. ഓണം സീസണില്‍ കൂടുതല്‍ ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഈ വേളയില്‍ അവസരം മുതലെടുത്ത് മോഷണ ശ്രമത്തിന്റെ ഭാഗമായിട്ടാണോ മുട്ടയേറ് നടന്നത് എന്നാണ് സംശയം. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണത്തിന് ശേഷമേ വ്യക്തത വരൂ.

മുമ്പ് സ്വകാര്യ വാഹനങ്ങള്‍ക്ക് നേരെ ബെംഗളൂരു-മൈസൂരു റൂട്ടില്‍ മുട്ടയേറ് നടന്നിരുന്നു. വാഹനം നിര്‍ത്തുന്ന വേളയില്‍ സഹായിക്കാന്‍ എന്ന പേരില്‍ എത്തി യാത്രക്കാരെ കവര്‍ച്ച ചെയ്യുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ടത്രെ. എന്നാല്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ ആദ്യമായിട്ടാണ് ഇത്തരം സംഭവം. വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസുകളുടെ സുരക്ഷ വര്‍ധിപ്പിക്കാനും ആലോചിക്കുന്നുണ്ട്.



Source link

Leave a Reply

Your email address will not be published. Required fields are marked *