Headlines

സ്വാതന്ത്ര്യം നേടിയിട്ട് 80 വർഷം എന്നിട്ട് സ്‌കൂളിലേക്ക് റോഡില്ല; യുപിയിൽ പ്രതിഷേധവുമായി ജെൻ ആൽഫ വിദ്യാർത്ഥികൾ | 80 Years After Independence Yet No Road To The School; Gen Alpha Protests In Hamirpur UP


India

oi-Nidhin Illikkambath

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹമീർപൂർ ജില്ലയിൽ സ്‌കൂളിലേക്കുള്ള നല്ല റോഡ് വേണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി വിദ്യാർത്ഥികൾ. നടപടി ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ 5 കിലോമീറ്റർ ദൂരം തിരംഗ മാർച്ച് നടത്തി കളക്‌ടറേറ്റിലെത്തി. തുടർന്ന് നാല് മണിക്കൂറോളം ധർണ നടത്തി. സ്‌കൂളിലേക്കുള്ള ഏകദേശം 1.5 കിലോമീറ്റർ റോഡ് ചെളിക്കുളമായി മാറിയതോടെ വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും ഇതുവഴിയുള്ള യാത്ര ദുസ്സഹമായതോടെയാണ് ജെൻ ആൽഫകൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വിദ്യാർത്ഥികൾ നേരിട്ടിറങ്ങിയത്.

ഏകദേശം 3,000 പേരെയാണ് ഈ പ്രശ്‌നം ബാധിക്കുന്നത്. അതിനിടെ മേഖലയിൽ വർഷങ്ങളായി തുടരുന്ന പ്രശ്‌നത്തിന് സൗമ്യമായി പരിഹാരം കാണുന്നതിനുപകരം, പ്രതിഷേധിച്ച വിദ്യാർത്ഥികളെ പോലീസ് തള്ളിമാറ്റാൻ ശ്രമിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രതിഷേധത്തിൽ പങ്കെടുത്ത പെൺകുട്ടികളോട് പലതവണ മാറിനിൽക്കാൻ ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

up

വിദ്യാർഥികൾ അടിസ്ഥാന സൗകര്യം ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തോട് ഭരണകൂടം സ്വീകരിച്ച സമീപനത്തെ ആസാദ് സമാജ് പാർട്ടി എംപി ചന്ദ്രശേഖർ ആസാദ് രൂക്ഷമായി വിമർശിച്ചു. കുട്ടികൾക്ക് ലഭിക്കേണ്ട അടിസ്ഥാന അവകാശം ആവശ്യപ്പെട്ട് സമാധാനപരമായി പ്രതിഷേധിച്ചപ്പോൾ അവരോട് ഇത്തരത്തിൽ പെരുമാറിയത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

വിദ്യാർഥികളുടെ ഉറച്ച നിലപാടിനെ നിരവധി പേരാണ് അഭിനന്ദിച്ചത്. സ്വാതന്ത്ര്യം ലഭിച്ച് ഏകദേശം 80 വർഷം പിന്നിട്ടിട്ടും ഗ്രാമീണ മേഖലയിലെ കുട്ടികൾക്ക് സ്‌കൂളിലെത്താൻ ആവശ്യമായ ഒരു റോഡ് പോലും ലഭിക്കാത്തത് എങ്ങനെ അംഗീകരിക്കാനാകുമെന്ന് പലരും ചോദിച്ചു. ജന്തർ മന്തറിൽ നീറ്റ് പരീക്ഷ ക്രമേക്കേടിനെതിരെ രംഗത്ത് ഇറങ്ങിയത് ജെൻസി എന്ന് വിളിക്കപ്പെടുന്ന വിദ്യാർത്ഥികൾ ആണെങ്കിൽ യുപിയിൽ അതിലും പ്രായം കുറഞ്ഞവരാണ് സമര രംഗത്തുള്ളത്.

ഇന്നലെ ഗംഗ്വാ കാ ഡേര, ബച്ചീ കാ ഡേര ഗ്രാമങ്ങളിൽ നിന്നുള്ള കുറഞ്ഞത് 300 വിദ്യാർഥികളും, പ്രധാനമായും പ്രൈമറി ക്ലാസുകളിലെ കുട്ടികളും, ഏകദേശം 100 രക്ഷിതാക്കളും ചേർന്ന് 5 കിലോമീറ്ററോളം മാർച്ച് നടത്തി ഹമീർപൂർ കളക്‌ടറേറ്റിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പല പ്രമുഖരുടെയും പിന്തുണ സമരത്തിന് ഏറി വരുന്നത്.

മഴക്കാലത്ത് റോഡിന്റെ അവസ്ഥ കൂടുതൽ മോശമാകുന്നതിനാൽ സ്‌കൂളിലെത്താൻ പോലും ബുദ്ധിമുട്ടാണെന്ന് വിദ്യാർത്ഥികൾ പറയുന്നു. ‘മഴ പെയ്‌താൽ റോഡിൽ ചെളി നിറയും. അതിലൂടെ നടക്കാൻ വളരെ ബുദ്ധിമുട്ടാണ്. പലപ്പോഴും സ്‌കൂൾ യൂണിഫോം മുഴുവൻ ചെളിയാകുന്ന അവസ്ഥ ഉണ്ടാവാറുണ്ട്” ഒരു വിദ്യാർത്ഥിനി പറഞ്ഞു. രമായ പരിഹാരം ആവശ്യപ്പെട്ട് പലതവണ അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും വിദ്യാർഥികൾ ആരോപിച്ചു.

കഴിഞ്ഞ കാലയളവിൽ 4-5 തവണ അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. എന്നാൽ ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല. കുട്ടികളും ഗ്രാമവാസികളും പലപ്പോഴും ഈ റോഡിൽ തെന്നിവീഴാറുണ്ടെന്നും വിദ്യാർത്ഥികൾ ചൂണ്ടിക്കാണിക്കുന്നു. ജൂലൈ 3നും വിദ്യാർഥികളും നാട്ടുകാരും സമാനമായ പ്രതിഷേധം നടത്തിയിരുന്നു. അന്നത്തെ പ്രതിഷേധത്തിന് പിന്നാലെ റോഡ് താൽക്കാലികമായി ഉപയോഗിക്കാനാകുന്ന തരത്തിൽ അധികൃതർ മണ്ണിട്ട് നികത്തിയിരുന്നു.

എന്നാൽ പിന്നീട് വീണ്ടും മഴ പെയ്‌തതോടെ റോഡിന്റെ സ്ഥിതി പഴയതിലും മോശമായെന്ന് നാട്ടുകാർ പറഞ്ഞു. ഹമീർപൂർ എഡിഎം (ഫിനാൻസ് ആൻഡ് റവന്യൂ) രാകേഷ് കുമാർ പ്രശ്‌നത്തെക്കുറിച്ച് ഭരണകൂടത്തിന് അറിവുണ്ടെന്നും സ്ഥിരമായ റോഡ് നിർമ്മിക്കുന്നതിനുള്ള പദ്ധതി പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയിട്ടുണ്ടെന്നുമാണ് അറിയിച്ചത്.

അതിനിടെ ചന്ദ്രശേഖർ ആസാദിന് പുറമേ സിജെപിയുടെ അമരക്കാരൻ അഭിജീത് ദിപ്‌കെ ഉൾപ്പെടെയുള്ളവരും വിദ്യാർത്ഥികളുടെ പ്രതിഷേധത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. എക്‌സ് പോസ്‌റ്റിലൂടെ ആയിരുന്നു അഭിജീത് ടിപ്‌കെയുടെ പ്രതികരണം. തങ്ങളുടെ ഭാവിക്കായി പോരാടുന്ന ഈ കുട്ടികൾക്ക് അഭിവാദ്യം അർപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു.

അവർ ആവശ്യപ്പെടുന്നത് അവരുടെ സ്‌കൂളിലേക്ക് എത്താൻ ഒരു റോഡ് മാത്രമാണ്. സ്വാതന്ത്ര്യം ലഭിച്ച് ഏകദേശം 80 വർഷം പിന്നിട്ടിട്ടും ഇത്രയും മാത്രം ആവശ്യപ്പെടുന്നത് വലിയ കാര്യമാണോ? ഇത് പതിറ്റാണ്ടുകൾക്ക് മുമ്പ് തന്നെ പൂർത്തിയാക്കേണ്ടതായിരുന്നു. ഈ ഓഗസ്‌റ്റ് 15ന്, ഗ്രാമീണ ഇന്ത്യയിലെ കുട്ടികൾക്കും സ്‌കൂളുകൾക്കും വേണ്ടി പ്രവർത്തിക്കുമെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാം; സിജെപി സ്ഥാപകൻ എക്‌സിൽ കുറിച്ചു.



Source link

Leave a Reply

Your email address will not be published. Required fields are marked *