Headlines

സ്വര്‍ണം വാങ്ങുമ്പോള്‍ ഉയര്‍ന്ന വില; വില്‍ക്കുമ്പോള്‍ കുറഞ്ഞ നിരക്ക്, ഇതിന് കാരണം എന്താണ്? അറിയാം | Old Gold Selling Rate Today: High prices When Buying and Low Rates When Selling, What is The Reason


Kerala

oi-Ashif N

സ്വര്‍ണം ആഭരണം ആയോ കോയിന്‍ ആയോ വാങ്ങുന്നവരാണ് കൂടുതല്‍. എല്ലാദിവസവും രാവിലെ ജ്വല്ലറി വ്യാപാരികള്‍ വില ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കും. അതു പ്രകാരമാണ് സ്വര്‍ണ വില്‍പ്പന നടക്കുക. ആഭരണങ്ങള്‍ 22 മുതല്‍ താഴേക്കുള്ള കാരറ്റുകളിലാണ് വില്‍ക്കുന്നത്. ഇതിന്റെ പരിശുദ്ധി കണക്കാക്കിയാണ് സ്വര്‍ണത്തിന്റെ വില നിശ്ചയിക്കുക.

ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 14220 രൂപയാണ് വില. ഒരു ഗ്രാം ആഭരണം വാങ്ങുമ്പോള്‍ പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവയെല്ലാം ഉപഭോക്താവ് അധികമായി നല്‍കണം. അതായത്, 1000 രൂപ അധിമായി ചെലവ് വരുമെന്ന് പ്രതീക്ഷിക്കാം. ആഭരണത്തിന്റെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയില്‍ മാറ്റം വരും. എന്നാല്‍ ഇതേ സ്വര്‍ണം ഉപഭോക്താവ് തിരിച്ച് ജ്വല്ലറിയില്‍ വില്‍ക്കുമ്പോള്‍ ഈ വില കിട്ടില്ല.

old gold selling price today in kerala

22 കാരറ്റ് ഒരു ഗ്രാം ആഭരണം വാങ്ങുന്നതിന് മൊത്തമായി വരുന്ന ചെലവ് 15200 രൂപയാണ് എന്ന് കണക്കാക്കുക. ഈ സ്വര്‍ണം മറ്റൊരു വേളയില്‍ മടക്കി വില്‍ക്കാന്‍ ജ്വല്ലറിയില്‍ എത്തിയാല്‍ ഈ വില തന്നെ കിട്ടണം എന്നില്ല. ബോര്‍ഡില്‍ കാണുന്ന വിലയേക്കാള്‍ വ്യത്യാസമായിരിക്കും കൈയ്യില്‍ കിട്ടുന്ന തുക. അതിന് കാരണം, തങ്കത്തിന്റെ വിലയിലെ മാറ്റമാണ്. കൂടാതെ ജിഎസ്ടി, പണിക്കൂലി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നീ ഇനത്തില്‍ നല്‍കിയ തുകയും തിരിച്ചുകിട്ടില്ല.

22 കാരറ്റ് സ്വര്‍ണം എന്നത് 91.6 പരിശുദ്ധിയുള്ളതാണ്. അതായത്, 100ല്‍ 91.6 ശതമാനമാണ് ഈ സ്വര്‍ണം. ബാക്കി ചെമ്പ് ഉള്‍പ്പെടെയുള്ള മറ്റു ലോഹങ്ങളാണ്. ആഭരണത്തിന്റെ കരുത്തിനും നിര്‍മാണ സൗകര്യത്തിനുമായിട്ടാണ് മറ്റു ലോഹങ്ങള്‍ ഉപയോഗിക്കുന്നത്. ഇങ്ങനെ ഉപയോഗിക്കുന്ന ലോഹങ്ങള്‍ക്ക് ആഭരണം വില്‍ക്കുന്ന വേളയില്‍ വില ഈടാക്കില്ല. സ്വര്‍ണത്തിന്റെ വില മാത്രമാണ് കണക്കാക്കുക.

തങ്കത്തിന്റെ വിലയിലാണ് ആഗോള വിപണിയില്‍ സ്വര്‍ണ വ്യാപാരം. തങ്കത്തിന്റെ വില ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കും. രാവിലെ രേഖപ്പെടുത്തിയ വില ആകില്ല ഉച്ചയ്ക്ക്. വൈകീട്ട് വീണ്ടും മാറിയേക്കാം. ഉപഭോക്താവ് പഴയ സ്വര്‍ണം വില്‍ക്കാന്‍ പോകുന്ന വേളയില്‍ ആഭരണം തനി തങ്കത്തിന്റെ വിലയുമായി ഒത്തുനോക്കുകയാണ് വ്യാപാരി ചെയ്യുന്നത്. എന്നിട്ടാണ് വില നിശ്ചയിക്കുക. മിക്കപ്പോഴും മാര്‍ക്കറ്റ് വിലയില്‍ നിന്ന് കുറവായിരിക്കും ഈ നിരക്ക്. അപൂര്‍വമായി തുല്യമാകാം.

ഇപ്പോള്‍ തങ്കത്തിന്റെ വില 15590 രൂപയാണ്. ഇതിന് .916 എന്ന സഖ്യയോട് ഗുണനം ചെയ്താല്‍ കിട്ടുന്ന തുകയാണ് ഒരു ഗ്രാമിന്റെ വിലയായി നിശ്ചയിക്കുക. തങ്കത്തിന്റെ വിലയില്‍ മാറ്റം വരുന്നതിന് അനുസരിച്ച് പഴയ സ്വര്‍ണത്തിന്റെ വിലയും മാറും. പഴയ സ്വര്‍ണം ജ്വല്ലറികളില്‍ വില്‍ക്കാന്‍ കൊണ്ടുപോയാല്‍ ആദ്യം ചൂടാക്കി കൃത്യമായ തൂക്കം എടുത്ത ശേഷമാണ് സ്വര്‍ണത്തിന്റെ അളവ് കണക്കാക്കുക. ഇതിനെ തങ്കത്തിന്റെ വിലയുമായി ഒത്തുനോക്കിയാണ് അന്തിമ വില നിശ്ചയിക്കുക.



Source link

Leave a Reply

Your email address will not be published. Required fields are marked *