Headlines

അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തി എംഎ യൂസഫലി; ഗുജറാത്തിലെ മാളിനെ കുറിച്ച് ചർച്ച ചെയ്‌തു | M A Yusuff Ali Met Amit Shah Discussed The Shopping Mall Project In Gujarat


India

oi-Nidhin Illikkambath

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തി പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പിന്റെ എംഡിയുമായ എംഎ യൂസഫലി. ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് എംഎ യൂസഫലി കൂടിക്കാഴ്‌ചയുടെ വിശദാംശങ്ങൾ പങ്കുവച്ചത്. ഓഗസ്‌റ്റ് ആറിനാണ് ഇരുവരും തമ്മിലുള്ള നിർണായക കൂടിക്കാഴ്‌ച നടന്നത്.

ഗുജറാത്തിലെ പ്രധാന നഗരങ്ങളായ അഹമ്മദാബാദിനും ഗാന്ധി നഗറിനും ഇടയിൽ വരാനിരിക്കുന്ന വമ്പൻ ഷോപ്പിങ് മാളിനെ കുറിച്ച് കൂടിക്കാഴ്‌ചയിൽ ചർച്ച ചെയ്‌തുവെന്നാണ് യൂസഫലി വ്യക്തമാക്കിയത്. മന്ത്രി എല്ലാവിധ പിന്തുണയും വാഗ്‌ദാനം ചെയ്‌തിരുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രവും യൂസഫലി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.

m a yusuff ali

Image: MA Yusuff Ali Facebook

ഓഗസ്‌റ്റ് 6ന് ന്യൂഡൽഹിയിലെ അദ്ദേഹത്തിന്റെ വസതിയിൽ വച്ച് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ജിയുമായി കൂടിക്കാഴ്‌ച നടത്താൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ട്. ഗുജറാത്തിലെ അഹമ്മദാബാദിനും ഗാന്ധിനഗറിനും ഇടയിൽ ചന്ദ്‌ഖേഡയിൽ വരാനിരിക്കുന്ന ഷോപ്പിങ് മാൾ പദ്ധതിയെക്കുറിച്ച് അദ്ദേഹവുമായി വിശദമായി സംസാരിച്ചു.

പദ്ധതിയുടെ പുരോഗതിയും ഭാവി പ്രവർത്തനങ്ങളും സംബന്ധിച്ച വിവരങ്ങൾ അദ്ദേഹത്തെ ധരിപ്പിച്ചു. പദ്ധതി എത്രയും വേഗം വിജയകരമായി പൂർത്തിയാക്കുന്നതിനാവശ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് ഉറപ്പുനൽകിയ ബഹുമാനപ്പെട്ട കേന്ദ്രമന്ത്രിക്ക് ഹൃദയപൂർവം നന്ദി അറിയിക്കുന്നു; എന്നായിരുന്നു യൂസഫലി കുറിപ്പിൽ അറിയിച്ചത്.

അതേസമയം, യുഎഇ ആസ്ഥാനമായ ലുലു ഗ്രൂപ്പ് ഗുജറാത്തിൽ നടപ്പാക്കുന്ന വികസന പദ്ധതിക്കായി 1.5 ബില്യൺ ദിർഹം (ഏകദേശം 4000 കോടി രൂപ) നിക്ഷേപിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയുടെ പടിഞ്ഞാറൻ മേഖലയിലെ പ്രധാന വ്യവസായ കേന്ദ്രമായ ഗുജറാത്തിലേക്ക് യുഎഇയിൽ നിന്നുള്ള നിക്ഷേപം വർധിക്കുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമായാണ് പദ്ധതിയെ വിലയിരുത്തുന്നത്.

അഹമ്മദാബാദിൽ നടപ്പാക്കുന്ന പദ്ധതിയിൽ ഷോപ്പിങ് മാൾ, ഫൈവ് സ്‌റ്റാർ ഹോട്ടൽ, സർവീസ്ഡ് റെസിഡൻഷ്യൽ അപ്പാർട്ട്മെന്റുകൾ എന്നിവ ഉൾപ്പെടും. ദുബായ് ആസ്ഥാനമായ ഡിപി വേൾഡ് ഗുജറാത്തിലെ തുറമുഖ, ലോജിസ്‌റ്റിക്‌സ് അടിസ്ഥാന സൗകര്യ മേഖലയിൽ ഏകദേശം 11 ബില്യൺ ദിർഹം (ഏകദേശം 30,000 കോടി രൂപ) നിക്ഷേപം നടത്തിവരുന്നതിനിടെയാണ് ലുലു ഗ്രൂപ്പിന്റെ പുതിയ പ്രഖ്യാപനം.

ഇരു കമ്പനികളുടെയും നിക്ഷേപങ്ങൾ ഗുജറാത്തിന്റെ സാമ്പത്തിക പ്രാധാന്യം കൂടുതൽ വർധിക്കുന്നതിന്റെ സൂചനയായാണ് കാണുന്നത്. അതിനിടയിലാണ് അമിത് ഷായും എംഎ യൂസഫലിയും തമ്മിൽ കൂടിക്കാഴ്‌ച നടത്തിയിരിക്കുന്നത്.



Source link

Leave a Reply

Your email address will not be published. Required fields are marked *