Headlines

മോദിയും പൂക്കിയാകുമോ? ജെന്‍-സിയെ പിടിക്കാന്‍ പ്രധാനമന്ത്രി; ‘ഗെറ്റ് റെഡി വിത്ത് മി’യ്ക്ക് ആഹ്വാനം | Narendra Modi Urges Youth To Make ‘Get Ready With Me’ Videos In Instagram With Handloom Products, Details


India

oi-Jithin TP

ജെന്‍സി പ്രതിഷേധവും മന്ത്രിയുടെ രാജിയും ഉണ്ടാക്കിവെച്ച ആഘാതം മറികടക്കാന്‍ യുവാക്കളുമായി കൂടുതല്‍ അടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ് കുറച്ച് ദിവസങ്ങളായി യുവാക്കള്‍ വിശിഷ്യാ, ജെന്‍സി വിഭാഗക്കാര്‍ കൂടുതലായി ഉപയോഗിക്കുന്ന ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ് പ്രധാനമന്ത്രി. ഇപ്പോഴിതാ ഇന്ന് വീണ്ടും പുതിയൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് അദ്ദേഹം.

ഇന്‍സ്റ്റഗ്രാമില്‍ ട്രെന്‍ഡിംഗായ ഗെറ്റ് റെഡി വിത്ത് മി ആഹ്വാനമാണ് ഇന്ന് പ്രധാനമന്ത്രി നടത്തിയിരിക്കുന്നത്. ‘ഫ്രണ്ട്ഷിപ്പ് ഡേ’ ആഘോഷിക്കുന്ന അതേ ആവേശത്തോടെ ഓഗസ്റ്റ് 7-ന് ‘ദേശീയ കൈത്തറി ദിനം’ ആഘോഷിക്കാന്‍ പ്രധാനമന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്തു. കൈത്തറി ഉല്‍പ്പന്നങ്ങള്‍ വാങ്ങുകയും അവ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ട് ഇന്ത്യയിലെ നെയ്ത്തുകാരായ കുടുംബങ്ങളെ പിന്തുണയ്ക്കാനും അദ്ദേഹം പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു.

Narendra Modi

ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍, ബ്രിട്ടീഷ് ഭരണത്തിനെതിരായ ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി 1905 ഓഗസ്റ്റ് 7-നാണ് ‘സ്വദേശി പ്രസ്ഥാനം’ ആരംഭിച്ചതെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. ഈ പ്രസ്ഥാനം രാജ്യത്തുടനീളമുള്ള ജനങ്ങളെ ഒന്നിപ്പിക്കുകയും സ്വയംപര്യാപ്തതയുടെ പ്രതീകമായി മാറുകയും ചെയ്തുവെന്ന് അദ്ദേഹം വ്യക്തമാക്കി.

ദേശീയ കൈത്തറി ദിനം ചെറിയ വീടുകളിലിരുന്ന് വൈവിധ്യമാര്‍ന്ന കൈത്തറി വസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്ന രാജ്യത്തെ നെയ്ത്തുകാരെ ആദരിക്കാനുള്ള അവസരമാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ മേഖലയെ പിന്തുണയ്ക്കാന്‍ മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നതിനായി, കുറഞ്ഞത് ഒരു കൈത്തറി ഉല്‍പ്പന്നമെങ്കിലും വാങ്ങാനും, അത് പ്രദര്‍ശിപ്പിക്കുന്ന ഒരു വീഡിയോ ചിത്രീകരിച്ച് ഓണ്‍ലൈനില്‍ പങ്കിടാനും അദ്ദേഹം ജനങ്ങളോട് പറഞ്ഞു.

‘ഒരു ‘ആത്മനിര്‍ഭര്‍ ഭാരത് കെട്ടിപ്പടുക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അതിനായി, ഏറ്റവും ചെറിയതും ദരിദ്രവുമായ കുടുംബങ്ങള്‍ പോലും സാമ്പത്തികമായി അഭിവൃദ്ധി പ്രാപിക്കേണ്ടതുണ്ട്. കൂടുതല്‍ പൊതുജന പിന്തുണ ഇന്ത്യന്‍ നെയ്ത്തുകാരുടെ കഴിവും കരവിരുതും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ സഹായിക്കും,’ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

കൈത്തറി വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ടുള്ള ‘ഗെറ്റ് റെഡി വിത്ത് മി’ വീഡിയോകള്‍ തയ്യാറാക്കി ദേശീയ കൈത്തറി ദിനം ആഘോഷിക്കണം എന്നാണ് ഇന്ത്യന്‍ യുവാക്കളോട് അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന. ‘കഴിഞ്ഞ ആഴ്ചയല്ലേ നിങ്ങളില്‍ പലരും സൗഹൃദദിനം ആഘോഷിച്ചത്? അതേ ആവേശത്തോടും ഉത്സാഹത്തോടും കൂടി ഓഗസ്റ്റ് 7-ന് ദേശീയ കൈത്തറി ദിനവും ആഘോഷിക്കണമെന്ന് ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു,’ അദ്ദേഹം പറഞ്ഞു.

‘സ്വന്തം കൈകള്‍ കൊണ്ട് മനോഹരമായ വസ്ത്രങ്ങള്‍ നെയ്‌തെടുക്കുന്ന നമ്മുടെ നെയ്ത്തുകാരുടെ കുടുംബങ്ങളെ അംഗീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുക എന്നതാണ് ദേശീയ കൈത്തറി ദിനം കൊണ്ട് ഉദ്ദേശിക്കുന്നത്. നമ്മുടെ രാജ്യത്ത് ലഭ്യമായ കൈത്തറി ഉല്‍പ്പന്നങ്ങളുടെ അത്ഭുതകരമായ വൈവിധ്യം ഒന്ന് നോക്കൂ. എനിക്കൊരു ചെറിയ അഭ്യര്‍ത്ഥനയുണ്ട്.

എന്തുകൊണ്ട് കൈത്തറി വസ്ത്രം ധരിച്ചുകൊണ്ടുള്ള ഒരു ‘Get Ready With Me’ വീഡിയോ തയ്യാറാക്കി പങ്കുവെച്ചുകൂടാ? കൈത്തറി വസ്ത്രങ്ങള്‍ സ്വീകരിക്കാനും നമ്മുടെ കരകൗശല വിദഗ്ധരെ പിന്തുണയ്ക്കാനും മറ്റുള്ളവരെ പ്രചോദിപ്പിക്കൂ,’ അദ്ദേഹം പറഞ്ഞു.



Source link

Leave a Reply

Your email address will not be published. Required fields are marked *