Headlines

ഉദയനിധി സ്‌റ്റാലിന്റെ അറസ്‌റ്റ് വീണുകിട്ടിയ അവസരം? പരമാവധി ഉപയോഗിക്കാൻ ഡിഎംകെ; വൻ പ്രതിഷേധം | Udhayanidhi Stalin’s Arrest; DMK Seeks To Turn It Into An Opportunity, Massive Protests Erupt


India

oi-Nidhin Illikkambath

ചെന്നൈ: ഉദയനിധി സ്‌റ്റാലിന്റെ അറസ്‌റ്റ്‌ രാഷ്ട്രീയമായി ഉപയോഗിക്കാൻ ഒരുങ്ങി ഡിഎംകെ. കാവേരി വിഷയത്തിൽ സർക്കാരിനെ വിമർശിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവും യുവജനവിഭാഗം സെക്രട്ടറിയുമായ ഉദയനിധി സ്‌റ്റാലിനെ ഇന്ന് രാവിലെ അറസ്‌റ്റ് ചെയ്‌തത്. വ്യാജ കേസ് രജിസ്‌റ്റർ ചെയ്‌ത്‌ അറസ്‌റ്റ് നടത്തിയെന്ന് ആരോപിച്ച് ഡിഎംകെ ശക്തമായി പ്രതിഷേധിക്കുകയാണ്.

പാർട്ടി പുറത്തിറക്കിയ പ്രസ്‌താവനയിൽ, കാവേരി വിഷയത്തിൽ നടന്ന പ്രതിഷേധത്തിനിടെ ഉദയനിധി സ്റ്റാലിൻ ആരെയും വ്യക്തിപരമായി പരാമർശിച്ചിരുന്നില്ലെന്നും, അശ്ലീലമോ ദ്വയാർഥപ്രയോഗമോ നടത്തിയെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഡിഎംകെ വ്യക്തമാക്കി. കാവേരി വിഷയത്തിൽ നിന്ന് വഴി തിരിച്ചുവിടാനാണ് ടിവികെ ശ്രമമെന്നാണ് ഡിഎംകെ ആരോപിക്കുന്നത്.

udhayanidhi stalin

പ്രതിപക്ഷ നേതാവ് ഉയർത്തിയ വിഷയങ്ങൾക്ക് മറുപടി നൽകുന്നതിനുപകരം, അദ്ദേഹത്തിനെതിരെ വ്യാജ കേസ് രജിസ്‌റ്റർ ചെയ്യാനാണ് ടിവികെ സർക്കാർ ശ്രമിച്ചതെന്നും ഡിഎംകെ ആരോപിച്ചു. ഭരണകക്ഷി നേതാക്കളും മുമ്പ് വിവാദപരമായ പരാമർശങ്ങൾ നടത്തിയിട്ടുണ്ടെന്നും, അത്തരക്കാർക്ക് ഉദയനിധി സ്‌റ്റാലിന്റെ പ്രസംഗത്തെ വിമർശിക്കാൻ ധാർമിക അവകാശമില്ലെന്നും ആരോപിച്ചു.

മുഖ്യമന്ത്രി വിജയയുടെ സിനിമകളെയും പൊതുപ്രസ്‌താവനകളെയും പരാമർശിച്ച ഡിഎംകെ, അനുചിതമായ ഭാഷ ഉപയോഗിച്ചെന്ന് മറ്റുള്ളവരെ കുറ്റപ്പെടുത്താൻ ഭരണകക്ഷിക്ക് യാതൊരു ധാർമിക യോഗ്യതയുമില്ലെന്ന് ആരോപിച്ചു. പരാതി ലഭിച്ച് ഒരു ദിവസം മാത്രം പിന്നിട്ടപ്പോഴേക്കും പ്രതിപക്ഷ നേതാവിനെ അറസ്‌റ്റ് ചെയ്യാൻ സർക്കാർ അസാധാരണമായ തിടുക്കം കാട്ടിയെന്നും ഡിഎംകെ വിമർശിച്ചു.

നാളെ ആരംഭിക്കുന്ന തമിഴ്‌നാട് നിയമസഭാ സമ്മേളനത്തിൽ കാവേരി വിഷയമുയർത്തുന്നതിൽ നിന്ന് ഉദയനിധി സ്‌റ്റാലിനെ തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ അറസ്‌റ്റെന്നും ഡിഎംകെ ആരോപിച്ചു. ഇതോടെയാണ് ഒരു ഇടവേളയ്ക്ക് ശേഷം തമിഴകം കടുത്ത രാഷ്ട്രീയ പോരാട്ടങ്ങളുടെയും നാടകീയ രംഗങ്ങളുടെയും പാതയിലേക്ക് തിരിച്ചു വരുന്നത്.

മുൻപ് കരുണാനിധി-ജയലളിത കാലത്ത് സമാനമായ രീതിയിൽ നാടകീയ രംഗങ്ങൾ നടന്നിരുന്നു. അന്ന് വാർധക്യത്തിൽ എത്തിയ കരുണാനിധിയെ വീട്ടിൽ കയറിയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. അതിനോട് ചേർത്തുവായിച്ചു കൊണ്ട് ഉദയനിധി സ്‌റ്റാലിന്റെ അറസ്‌റ്റിലൂടെ രാഷ്ട്രീയമായി ടിവികെയെ നേരിടാനാണ് നിലവിൽ ഡിഎംകെ ലക്ഷ്യമിടുന്നത്.

രണ്ടാം വരവ് പ്രതീക്ഷിച്ചിരുന്ന ഡിഎംകെ സർക്കാരിനെ വീഴ്ത്തിയാണ് വിജയ് ഭരണം പിടിച്ചത്. തുടക്കത്തിൽ ഡിഎംകെ ടിവികെയോട് മയത്തിൽ ഇടപെട്ടെങ്കിലും ദിവസങ്ങൾ പിന്നിടുമ്പോൾ സാഹചര്യം മാറിമറിയുകയാണ്. പ്രത്യേകിച്ച് തങ്ങളുടെ മുന്നണിയിൽ നിന്നുള്ള പ്രധാന കക്ഷികളെ ടിവികെ അടർത്തി എടുക്കുക കൂടി ചെയ്‌തതോടെ വൈര്യം മൂർദ്ധന്യത്തിൽ എത്തുകയാണ്. ഇതോടെ ഇനി എന്താവും തമിഴ്‌നാട് രാഷ്ട്രീയത്തിൽ നടക്കുക എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.



Source link

Leave a Reply

Your email address will not be published. Required fields are marked *