Headlines

രാഷ്ട്രീയ പാർട്ടിയായി മാറുമോ സിജെപി? രാജ്യവ്യാപക പരിപാടിയുമായി അടുത്ത നീക്കം, 2 ദിവസത്തെ സമ്മേളനം | Will CJP Evolve Into A Political Party? Next Move Involves A Nationwide Initiative, Two Day Conference Planned


India

oi-Nidhin Illikkambath

മുംബൈ: നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരായ പ്രക്ഷോഭത്തിന് ലഭിച്ച പിന്തുണയെ തുടർന്ന് രാജ്യത്തുടനീളമുള്ള യുവാക്കളുമായി നേരിട്ട് സംവദിക്കുന്നതിന് തയ്യാറെടുക്കുകയാണ് കോക്രോച്ച് ജനത പാർട്ടി. ജന്തർ മന്തർ പ്രതിഷേധത്തിന് ലഭിച്ച മികച്ച പ്രതികരണമാണ് അടുത്തഘത്തിലേക്ക് നീങ്ങാൻ അവരെ പ്രേരിപ്പിച്ചിരിക്കുന്നത്. രാഷ്ട്രീയ പാർട്ടിയായി മാറുന്നതിന് മുന്നോടിയാണോ ഈ നീക്കമെന്നാണ് പ്രധാനമായും ഉയരുന്ന ചോദ്യം.

രാജ്യവ്യാപക “ലിസണിംഗ് ടൂർ” സംഘടിപ്പിക്കാനാണ് പാർട്ടി ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസം എക്‌സിൽ പങ്കുവെച്ച പ്രസ്‌താവനയിൽ, പാർട്ടിയുടെ ഭാവി പ്രവർത്തനരേഖയ്ക്ക് അന്തിമരൂപം നൽകുന്നതിനായി മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ ബുധൻ, വ്യാഴം ദിവസങ്ങളിലായി രണ്ട് ദിവസത്തെ സമ്മേളനം നടത്തുമെന്ന് അറിയിച്ചു. പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ, വക്താക്കൾ, സംഘടനാ നേതാക്കൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും.

cjp

ജന്തർ മന്തറിൽ നടന്ന പ്രക്ഷോഭത്തിൽ നിർണായക പങ്കുവഹിച്ച ഏകദേശം 50 സന്നദ്ധപ്രവർത്തകരുൾപ്പെടെ വിവിധ മേഖലകളിലുള്ളവരുമായി ദിവസങ്ങളായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഈ യോഗം നടക്കുന്നതെന്ന് പാർട്ടി വ്യക്തമാക്കി.രാജ്യവ്യാപക ലിസണിംഗ് ടൂറിന്റെ ഭാഗമായി, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സന്നദ്ധപ്രവർത്തകരെയും യുവാക്കളെയും നേരിൽ കണ്ട് അവരുടെ പ്രതീക്ഷകളും ആശങ്കകളും മനസിലാക്കിയ ശേഷമായിരിക്കും അടുത്ത നടപടികൾ തീരുമാനിക്കുകയെന്ന് സിജെപി അറിയിച്ചു.

നീറ്റ് പ്രക്ഷോഭത്തിന്റെ വിജയത്തെ തുടർന്ന് രാജ്യത്തെ യുവതലമുറയിൽ പുതിയ പ്രതീക്ഷയും ആത്മവിശ്വാസവും വളർന്നിട്ടുണ്ടെന്നും, അവരുമായി കൂടുതൽ അടുത്ത് ഇടപഴകാനാണ് ഈ ജനസമ്പർക്ക പരിപാടി ലക്ഷ്യമിടുന്നതെന്നും പാർട്ടി പറഞ്ഞു. അഹങ്കാരം തലയ്ക്ക് പിടിച്ച ഈ സർക്കാരിനെ യുവാക്കൾ പരാജയപ്പെടുത്തിയ സംഭവം, യുവതലമുറ ഒറ്റക്കെട്ടായി നിന്നാൽ എന്തും നേടിയെടുക്കാമെന്നതിന്റെ തെളിവാണ്; എന്നായിരുന്നു സിജെപിയുടെ മുഖ്യ വക്താവ് സൗരവ് ദാസിന്റെ വാക്കുകൾ.

യുവാക്കളുടെ പ്രതീക്ഷകളെ അർത്ഥവത്തായ പ്രവർത്തനങ്ങളാക്കി മാറ്റാൻ ഏറ്റവും മികച്ച പ്രവർത്തനപദ്ധതി തയ്യാറാക്കാനുള്ള ശ്രമത്തിലാണ് സിജെപിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യവ്യാപക ലിസണിംഗ് ടൂറിന്റെ സമയക്രമവും രൂപരേഖയും ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്ന് പാർട്ടി അറിയിച്ചു.

നീറ്റ് വിരുദ്ധ പ്രക്ഷോഭത്തിലൂടെ ലഭിച്ച ജനപിന്തുണ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പാർട്ടിയുടെ സംഘടനാ-രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് പുതിയ ദിശ നിശ്ചയിക്കുന്നതിനും ഈ പര്യടനം സഹായകരമാകുമെന്നാണ് സിജെപിയുടെ വിലയിരുത്തൽ. മാത്രമല്ല രാജ്യത്തൊട്ടാകെ അസംതൃപ്‌തരായ യുവാക്കളെ ഇതിലൂടെ ആകർഷിക്കാൻ സാധിക്കുമെന്നും പാർട്ടി കണക്കുകൂട്ടുന്നു.



Source link

Leave a Reply

Your email address will not be published. Required fields are marked *