Headlines

‘മാപ്പിരക്കുക അയാളോട്, ആ മനുഷ്യനോട് നാം നന്ദികേട് കാട്ടി’, പിണറായിയെ പുകഴ്ത്തി കെടി ജലീൽ|’Apologize to Him; We Were Ungrateful to That Man’: KT Jaleel Praises Pinarayi Vijayan


Kerala

oi-Sajitha Gopie

ദുരന്തസമയത്ത് വിരുന്നിനും ജ്വല്ലറി ഉദ്ഘാടനത്തിനും പോയെന്ന് മുഖ്യമന്ത്രി വിഡി സതീശന് നേർക്ക് ആരോപണങ്ങൾ ഉയരുമ്പോൾ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി കെടി ജലീലിന്റെ കുറിപ്പ്.

” മാപ്പിരക്കുക അയാളോട്! 10 കൊല്ലം ഒരു രക്ഷിതാവിനെപ്പോലെ പിതൃ സ്ഥാനത്തു നിന്ന്, കാറ്റും കോളും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും കോവിഡും നിപ്പയും തിമർത്താടി ആടിയുലഞ്ഞ കേരളത്തിന് കണ്ണിൽ എണ്ണയൊഴിച്ച് രാപ്പകലില്ലാതെ അയാൾ കാവലിരുന്നു. വേണ്ടാത്തത് കണ്ടപ്പോൾ വീട്ടു കാരണവരെപ്പോലെ അയാൾ ദേഷ്യപ്പെട്ടു. അനുവാദമില്ലാതെ അകത്തു കയറിയവരോട് ‘കടക്ക് പുറത്തെ’ന്ന് അയാൾ ശബ്ദമുയർത്തി പറഞ്ഞു.

നാട് ദുരന്തങ്ങളിൽ പകച്ച് നിന്നപ്പോൾ തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിലെ തൻ്റെ ഓഫീസിലിരുന്ന് അയാൾ എല്ലാം നിയന്ത്രിച്ചു. ഭരണതലപ്പത്തെ ഒന്നാമൻ ഉറങ്ങാതെ പ്രവർത്തന നിരതനായപ്പോൾ, ജില്ലാ കളക്ടറേറ്റുകളും താലൂക്ക് ഓഫീസുകളും വില്ലേജ് ഓഫീസുകളും പഞ്ചായത്ത് ഓഫീസുകളും ഉദ്യോഗസ്ഥരും ഇമ വെട്ടാതെ അയാളുടെ നിർദ്ദേശങ്ങൾക്ക് കാതോർത്തു. അയാളുടെ ഒരു നോട്ടം മതിയായിരുന്നു ഏത് ഉദ്യോഗസ്ഥനെയും നിലക്കു നിർത്താൻ. പ്രവർത്തിക്കാതെ വാക്കുകൾ കൊണ്ട് പായസം വെക്കുന്ന സിവിൽ സർവീസുകാരെ അയാൾ ഒറ്റവാക്കിൽ നിശബ്ദരാക്കി.

പ്രതിസന്ധികളുടെ നാളുകളിൽ ഓരോ ദിവസവും സന്ധ്യാ സമയമാകുമ്പോൾ ടി.വിക്ക് മുമ്പിൽ കണ്ണുന്നട്ട് സ്ത്രീകളും കുട്ടികളും യുവാക്കളും യുവതികളും അമ്മൂമ്മമാരും മുത്തച്ഛൻമാരും ഗൃഹനാഥൻമാരും ഗൃഹനാഥകളും കാതുകൂർപ്പിച്ചിരുന്നത് മൈക്കിൾ ജാക്സൻ്റെ ആട്ടവും പാട്ടും ആസ്വദിക്കാൻ ആയിരുന്നില്ല, അയാളെ ഒരുനോക്ക് കാണാനും കേൾക്കാനുമാണ്. അയാളുടെ ഗൗരവത്തിലുള്ള വരവും ഇരുത്തവും ‘തുടങ്ങാം’ എന്നു പറഞ്ഞുള്ള പത്രസമ്മേളനവും ജനങ്ങൾക്ക് നൽകിയ സമാധാനവും ആത്മവിശ്വാസവും ചെറുതല്ല.

KT Jaleel

തങ്ങളുടെ കുടുംബം അപായത്തിൽ പെട്ടിട്ടില്ലെന്നും റിലീഫ് കേമ്പുകളിൽ അവർ സുരക്ഷിതരാണെന്നും പ്രവാസികൾ അറിഞ്ഞത് കോപ്രായങ്ങളും പരിഹാസങ്ങളും അംഗവിക്ഷോഭങ്ങളും ആക്രോഷങ്ങളുമില്ലാത്ത അയാളുടെ വാക്കുകളിൽ നിന്നാണ്.

ദുരന്തഭൂമികളിൽ ഓടിയെത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട സമയത്ത് അയാൾ ഒരാളുടെ തീൻമേശയുടെയും മുന്നിലുമിരുന്ന് കോഴിക്കാലിനോടും നെയ്മീനിനോടും ബിരിയാണിയോടും ‘മൽപിടുത്തം’ നടത്തുകയായിരുന്നില്ല. വെള്ളം തലക്കുമീതെ മൂടി നിൽക്കുന്ന മധ്യകേരളത്തിലെ മനുഷ്യരുടെ കഷ്ടപ്പാടുകൾ കാണാൻ ഹെലികോപ്റ്ററിൽ പോകുന്നതിനു പകരം ഭാര്യാപിതാവിൻ്റെ രോഗാവസ്ഥ കാണാൻ സർക്കാർ സംവിധാനം ദുരപയോഗിച്ച് അയാൾ പറന്നില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കലാണ് ദുരിതാശ്വാസ പ്രവർത്തനമെന്ന് അയാൾ ഒരിക്കലും തെറ്റിദ്ധരിപ്പിച്ചില്ല.

പത്തിലധികം ആളുകൾക്ക് പ്രകൃതിയുടെ വികൃതിയിൽ ജീവൻ നഷ്ടപ്പെട്ട ദു:ഖസാന്ദ്രമായ അന്തരീക്ഷത്തിൽ സ്വർണ്ണക്കട ഉൽഘാടനം ചെയ്യുന്നത് പോകട്ടെ, അങ്ങിനെയൊന്നിനെ കുറിച്ച് അയാൾ ചിന്തിക്കുക പോലും ചെയ്തില്ല. സ്ഥാനത്തും അസ്ഥാനത്തും വേണ്ടിടത്തും വേണ്ടാത്തിടത്തും വാ തുറന്നും കണ്ണുരുട്ടിയും ചിരിച്ചും ഇളിച്ചും അഭിനയിച്ചും ആരെയും അയാൾ ‘പൂക്കികളാ’ക്കിയില്ല. ആവശ്യമുള്ളപ്പോൾ മാത്രം അയാൾ ചിരിച്ചു. അത്യാവശൃത്തിനു മാത്രം അയാൾ സംസാരിച്ചു. അധികപ്രസംഗം നടത്തിയവരോട് സമയാസമയങ്ങളിൽ അയാൾ പ്രതികരിച്ചു. പറയേണ്ടത് പറയേണ്ട സമയത്ത് ഒരു മടിയും കൂടാതെ അയാൾ മൊഴിഞ്ഞു. പൊതുവേദികളിൽ ആരോടും പ്രത്യേക മമതയോ വിദ്വേഷമോ അനിഷ്ടമോ അയാൾ പ്രകടിപ്പിച്ചില്ല.

ഒറ്റ മുഖമേ അയാൾക്ക് ഉണ്ടായിരുന്നുള്ളൂ. ആരുടെയും കയ്യടി വാങ്ങാൻ അയാൾ ഒന്നും ചെയ്തില്ല. ആരുടേയും പ്രീതി സമ്പാദിക്കാനും അയാൾ താൽപര്യപ്പെട്ടില്ല. വന്ന് കണ്ടവരോട് വലിപ്പ ചെറുപ്പം നോക്കാതെ അയാൾ കാര്യങ്ങൾ ബോധിപ്പിച്ചു. നടക്കാത്തതാണെങ്കിൽ ‘നടക്കില്ല’ എന്നും സാദ്ധ്യമല്ലെങ്കിൽ ‘സാദ്ധ്യമല്ല’ എന്നും ആരുടെയും മുഖത്തു നോക്കി അയാൾ വെട്ടിത്തുറന്നു പറഞ്ഞു. മുഖസ്തുതി പാടി ആരെയും അയാൾ സുഖിപ്പിച്ചില്ല. ഒരു സമ്മാനവും ആരുടെ കയ്യിൽ നിന്നും അയാൾ സ്വീകരിച്ചില്ല.

എല്ലാവരേയും തുല്യരായി അയാൾ കണ്ടു. എന്തുകാര്യങ്ങൾ ചെയ്യുമ്പോഴും തന്നെ താനാക്കിയ പാർട്ടിയെ അയാൾ അറിയിച്ചു. പാർട്ടിക്ക് ക്ഷീണം വരുന്ന ഒന്നും അയാൾ പ്രവർത്തിച്ചില്ല. പുറത്തൊന്ന് പറയുകയും അകത്ത് മറ്റൊന്ന് ചെയ്യുകയും ചെയ്യുന്ന നെറികെട്ട ഏർപ്പാട് തല പോകുമെന്ന്‌ പറഞ്ഞാലും അയാൾ ചെയ്തില്ല. ഒരു ഭീഷണിക്കു മുന്നിലും അയാൾ വഴങ്ങിയില്ല. ഒരു പ്രലോഭനങ്ങളിലും അയാൾ വീണില്ല. ആരെപ്പറ്റിയുമുള്ള കുറ്റം പറച്ചിലുകൾ അയാൾ ഇഷ്ടപ്പെട്ടില്ല. എതിർ ചേരിയിലെ നേതാക്കളുടെ കുടുംബ പ്രശ്നങ്ങളിലോ വ്യക്തിപരമായ വിഷയങ്ങളിലോ പ്രതികാരബുദ്ധ്യാ ഒരിക്കലും അയാൾ ഇടപെട്ടില്ല.

എന്നിട്ടും വലതുപക്ഷ മാധ്യമങ്ങളും സോഷ്യൽ മീഡിയയും അയാളെ ധിക്കാരിയാക്കി. അഹങ്കാരിയെന്ന് മുദ്രകുത്തി. ചിരിക്കാത്തവൻ എന്ന് ചാപ്പകുത്തി. ഹൃദയശൂന്യനെന്ന് ഉറക്കെ വിളിച്ചു. അഴിമതിക്കാരനെന്ന് ആരോപിച്ചു. ‘സ്യൂഡോ കമ്മ്യൂണിസ്റ്റെ’ന്ന് ആക്ഷേപിച്ചു. ‘ഇടതു ഹിന്ദുത്വ’ വക്താവെന്ന് അധിക്ഷേപിച്ചു.

സഹപ്രവർത്തകരോട് കരുണ കാണിക്കാത്തവനെന്ന് എഴുതിപ്പിടിപ്പിച്ചു. സ്വർണ്ണക്കടത്തുകാരനെന്ന് താറടിച്ചു. മകളുടെ അച്ഛനെന്ന് പരിഹസിച്ചു. അതിനൊന്നും അയാൾ ഒരക്ഷരം പ്രതികരിച്ചില്ല. എല്ലാറ്റിനും കാലം മറുപടി നൽകട്ടെ എന്നാണ് അയാൾ കരുതിയത്. പത്രക്കാരോട്‌ അയാൾ കള്ളം പറഞ്ഞില്ല. പറഞ്ഞത് ന്യായീകരിക്കാൻ അയാൾ നുണക്കഥകൾ മെനഞ്ഞില്ല.

ചോദ്യം: ആരാണ് അയാൾ?
ഉത്തരം: ഒരേയൊരു പിണറായി വിജയൻ
ആ മനുഷ്യനോടാണ് നാം നന്ദികേട് കാട്ടിയത്. അതിനുള്ള ശിക്ഷയാണോ കേരളം അഭിമുഖീകരിക്കുന്ന ആരും ചോദിക്കാനും പറയാനുമില്ലാത്ത അവസ്ഥ? ഒരുതരം അനാഥത്വം?

“ഒരു ജനത അർഹിക്കുന്ന ഭരണാധികാരികളെയാണ് അവർക്ക് ലഭിക്കുക” (Every nation gets the government it deserves) എന്ന് പ്രസ്താവിച്ചത് ഫ്രഞ്ച് തത്ത്വചിന്തകനും നയതന്ത്രജ്ഞനുമായ ജോസഫ് ഡി മൈസ്ട്രേ (Joseph de Maistre) ആണ്. അദ്ദേഹത്തിൻ്റെ വാക്കുകൾ എത്ര പ്രസക്തമാണ്? കേരളമേ മാപ്പിരക്കുക! ക്ഷമാപണം നടത്തുക! മറ്റുള്ളവരുടെ വാക്കുകൾ കേട്ട് അയാളെ തെറ്റിദ്ധരിച്ചതിന്!



Source link

Leave a Reply

Your email address will not be published. Required fields are marked *