Headlines

ഗൂഗിൾ എർത്തിലെ എഐ ഫീച്ചർ പിൻവലിച്ച് ഗൂഗിൾ; നടപടി വ്യാജ ചിത്രങ്ങളും തെറ്റായ വിവരങ്ങളും ഉയർന്നതോടെ | Google Withdraws AI Feature From Google Earth Amid Rise In Fake Images And Misinformation


Artificial Intelligence

oi-Nidhin Illikkambath

ഗൂഗിൾ എർത്ത് ഉപയോഗിച്ച് എഐയുടെ സഹായത്തോടെ വ്യാജ ചിത്രങ്ങൾ സൃഷ്‌ടിക്കാൻ അനുവദിച്ച പുതിയ ഫീച്ചർ ഗൂഗിൾ താൽക്കാലികമായി പിൻവലിച്ചു. വ്യാജ ചിത്രങ്ങളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കാൻ ഈ സംവിധാനം ദുരുപയോഗം ചെയ്യപ്പെടാമെന്ന ആശങ്ക ഉയർന്നതിനെ തുടർന്നാണ് ഗൂഗിളിന്റെ നടപടി. ബിബിസി വെരിഫൈ നടത്തിയ പരിശോധനയിലാണ് ഈ വിഷയത്തിൽ വിദഗ്‌ധർ മുന്നറിയിപ്പ് നൽകിയത്.

എഐ ഇമേജ് ജനറേറ്ററായ നാനോ ബനാന 2 ഗൂഗിൾ എർത്തിൽ ഉൾപ്പെടുത്തിയതായി പ്രഖ്യാപിച്ച് 48 മണിക്കൂർ തികയും മുമ്പാണ് ഫീച്ചർ താൽക്കാലികമായി നിർത്തിവെച്ചതായി ഗൂഗിൾ അറിയിച്ചത്. ‘കൂടുതൽ ശക്തമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതുവരെ ഈ ഫീച്ചർ താൽക്കാലികമായി നിർത്തുകയാണ്’ എന്നാണ് കമ്പനി വ്യക്തമാക്കിയത്.

google

തങ്ങളുടെ നയങ്ങൾ ലംഘിക്കുന്ന തരത്തിലുള്ള എഐ ചിത്രങ്ങളുടെ സ്ക്രീൻഷോട്ടുകൾ ആളുകൾ പങ്കുവെക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് തീരുമാനമെന്നും ഗൂഗിൾ അറിയിച്ചു. ഈ ഫീച്ചർ ഉപയോഗിച്ച് യഥാർഥ സാറ്റലൈറ്റ്, വ്യോമ, 3ഡി ചിത്രങ്ങൾക്ക് മുകളിൽ ടെക്സ്റ്റ് നിർദേശങ്ങൾ നൽകി വ്യാജ ദൃശ്യങ്ങൾ സൃഷ്‌ടിക്കാനായിരുന്നു സാധിച്ചിരുന്നത്.

പിന്നീട് ഈ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്‌ത്‌ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കുവെക്കാനും സാധിക്കും. ഗൂഗിളിന്റെ വിശ്വാസ്യത ഉപയോഗപ്പെടുത്തി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ ഈ സംവിധാനം ഉപയോഗിക്കപ്പെടാമെന്നും ദുരുദ്ദേശ്യത്തോടെ പ്രവർത്തിക്കുന്നവർക്ക് ഇത് ദുരുപയോഗം ചെയ്യാനാകുമെന്നും വിദഗ്‌ധർ മുന്നറിയിപ്പ് നൽകി.

പരിശോധനയ്ക്കിടെ ഐഫൽ ടവർ തകർന്നുവീണത്, ഗിസയിലെ മഹാപിരമിഡിനെ വിഴുങ്ങുന്ന വലിയ ഗർത്തം, ഉക്രൈന്റെ തലസ്ഥാനമായ കീവിൽ റഷ്യൻ ടാങ്കുകൾ തുടങ്ങിയ നിരവധി വ്യാജ ദൃശ്യങ്ങൾ സൃഷ്‌ടിക്കാൻ ബിബിസി വെരിഫൈക്ക് സാധിച്ചതായി റിപ്പോർട്ടിൽ പറയുന്നു. എഐ ഉപയോഗിച്ച് സൃഷ്‌ടിക്കുന്ന ചിത്രങ്ങളിൽ അവ വ്യാജമോ തിരുത്തിയതോ ആണെന്ന് തിരിച്ചറിയാൻ കഴിയുന്ന അദൃശ്യ വാട്ടർമാർക്കുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഗൂഗിൾ അറിയിച്ചു.

കൂടാതെ, സംശയമുള്ള ചിത്രങ്ങൾ ജെമിനി ചാറ്റ്ബോട്ടിലൂടെയോ ഗൂഗിൾ ലെൻസ് ഉപയോഗിച്ചോ പരിശോധിക്കാമെന്നും കമ്പനി വ്യക്തമാക്കി. എന്നാൽ ചില സാഹചര്യങ്ങളിൽ ഈ സുരക്ഷാ പരിശോധനകളെ മറികടന്ന്, വ്യാജ ഗൂഗിൾ എർത്ത് ചിത്രങ്ങൾ യഥാർഥമാണെന്ന് ജെമിനിയോട് തെറ്റായി പറയിപ്പിക്കാനും കഴിഞ്ഞതായി ബിബിസി വെരിഫൈ കണ്ടെത്തി.

ചില ബാഹ്യ എഐ തിരിച്ചറിയൽ ഉപകരണങ്ങൾക്കും ഈ വ്യാജ ചിത്രങ്ങൾ കണ്ടെത്തുന്നതിൽ പരാജയമുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. ഇത്തരം ചിത്രങ്ങൾ സൃഷ്‌ടിക്കുന്നത് എഐ മോഡലിലെ മാർഗനിർദേശങ്ങൾ തടയുമെന്ന് ഗൂഗിൾ ആദ്യം അവകാശപ്പെട്ടിരുന്നെങ്കിലും, നിർദേശങ്ങളിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഈ നിയന്ത്രണങ്ങൾ മറികടക്കാൻ കഴിയുന്നതായി ബിബിസി വെരിഫൈയുടെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതോടെയാണ് ഗൂഗിൾ പിന്നോട്ട് പോയത്.



Source link

Leave a Reply

Your email address will not be published. Required fields are marked *